പരിസ്ഥിതി പഠനത്തിന് നിലക്കനിയുടെ 50 കോടി
ബാംഗ്ലൂര്‍: ഇന്‍ഫോസിസിന്റെ സ്ഥാപകരിലൊരാളായ നന്ദന്‍ നിലക്കനിയും ഭാര്യ രോഹിണിയും പരിസ്ഥിതി പഠനത്തിന് സ്‌കൂള്‍ തുടങ്ങുന്നതിനായി 50 കോടി രൂപ നല്‍കി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമന്‍ സെറ്റില്‍മെന്റ്‌സിനാണ് (ഐഐഎച്ച്എസ്) പണം കൈമാറിയത്. ഒരു സര്‍വ്വകലാശാല തുടങ്ങാന്‍ നല്‍കുന്ന ഏറ്റവും വലിയ സംഭാവനയാണിത്.
ആധുനിക വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം സ്ഥിരതയാര്‍ന്ന പ്രകടനവും കാഴ്ച വയ്ക്കുന്നതിനാലാണ് ഐഐഎച്ച്എസ് വ്യത്യസ്തമാകുന്നതെന്ന് നന്ദന്‍ നിലക്കനിയും രോഹിണിയും അഭിപ്രായപ്പെട്ടു. നൂതന വിദ്യാഭ്യാസ രീതി പിന്‍തുടരുന്ന ഐഐഎച്ച്എസ് പുതിയ വെല്ലുവിളികളെ നേരിടാന്‍ പര്യാപ്തമാക്കുന്നതായും ഇരുവരും പറഞ്ഞു.
വിവിധ വിഷയങ്ങളെക്കുറിച്ച് സംയുക്തമായി പഠിയ്ക്കുന്ന (ഇന്റര്‍-ഡിസിപ്ലിനറി) അഞ്ച് സ്‌കൂളുകള്‍ തുടങ്ങാന്‍ 300 കോടി രൂപ കണ്ടെത്തുന്ന പദ്ധതിയിലേയ്ക്കാണ് നിലക്കനി സംഭാവന നല്‍കിയത്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ ലൈബ്രറി നിര്‍മ്മിക്കാനും ബാംഗ്ലൂര്‍ ക്യാമ്പസില്‍ വിവിധ സൗകര്യങ്ങളേര്‍പ്പെടുത്താനും ഈ പണം ഉപയോഗപ്പെടുത്തും. ഇതിനു പുറമേ 100 കോടി രൂപ വിവിധ 'ചെയറു'കളെ നിയമിയ്ക്കാനായി വകയിരുത്തും.
സെര്‍ക്‌സ് ദേശായ്, വിജയ് കേല്‍ക്കര്‍, കേസബ് മഹീന്ദ്ര തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം നന്ദന്‍ നിലക്കനിയും ഐഐഎച്ച്എസിന്റെ നടത്തിപ്പുകാരിലൊരാളാണ്. കെങ്കേരിയിലെ ഐഐഎച്ച്എസിന്റെ ക്യാമ്പസിനൊപ്പം തന്നെയായിരിയ്ക്കും സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സ്ഥാപിയ്ക്കുക. അടുത്ത ഏഴു വര്‍ഷത്തിനുള്ളില്‍ ഇതിന്റെ പണിപൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications