ഒളനാട്ട് പെണ്‍വാണിഭത്തിലും ഇരയായത് ബാലിക

തിരുവനന്തപുരം സ്വദേശികളായ റിട്ട. കേണല്‍ ജയരാജന്‍ നായര്‍ (68), ബിനില്‍കുമാര്‍ (36) എന്നിവര്‍ക്കൊപ്പമാണ് ഒളനാട്ടു നിന്നും പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റു ചെയ്തത്. രാഷ്ട്രീയനേതാക്കള്‍ ഉള്‍പ്പെടെ സമൂഹത്തിലെ ഉന്നതര്‍ കേസില്‍ പ്രതികളാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേസില്‍ ഉള്‍പ്പെടുമെന്ന് കരുതുന്ന രാഷ്ട്രീയ നേതാവിന്റെ സഹായത്തോടെയാണ് ശോഭാ ജോണ്‍ സംസ്ഥാനം വിട്ടതെന്നും സൂചനകളുണ്ട്.
പറവൂര്‍ കേസിലേത് പോലെ രക്ഷിതാക്കളുടെ അറിവോടെയാണ് ഒളനാട്ട് കേസിലും പെണ്‍വാണിഭം നടന്നിരിയ്ക്കുന്നത്. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഒരു ലക്ഷം രൂപ നല്‍കിയാണ് പെണ്‍കുട്ടിയെ ശോഭ ഏറ്റെടുത്തത്.
പൊലീസിന്റെ പിടിയിലകപ്പെട്ടാല്‍ പ്രായപൂര്‍ത്തിയായതാണെന്നു വരുത്താനായി ഭീഷണിപ്പെടുത്തി പഠിപ്പിച്ച മൊഴികളാണു പെണ്‍കുട്ടി പിടിയിലായ സമയത്ത് പൊലീസിനോട് പറഞ്ഞതെന്ന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. വിശദമായ ചോദ്യം ചെയ്യലിലാണ് ശോഭാ ജോണില്‍ നിന്നുണ്ടായ പീഡനകഥകള്‍ പെണ്‍കുട്ടി പറഞ്ഞത്.
പിതാവ് മരിച്ചതിനെത്തുടര്‍ന്ന് അമ്മയാണ് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കു പ്രേരിപ്പിച്ചതെന്നും പിന്നീട് ഒരു ലക്ഷം രൂപയ്ക്കു ശോഭാ ജോണിനു കൈമാറിയെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു. തന്റെ പേര് രമ്യയാണെന്നും 19 വയസ്സുണ്ടെന്നുമുള്ള മൊഴി കണക്കെലുടുക്കാന്‍ പൊലീസ് തയാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാസര്‍കോട് സ്വദേശിനിയായ പെണ്‍കുട്ടിയുടെ ശരിയായ പേര് ഇതല്ലെന്നും പിതാവു ജീവിച്ചിരിപ്പുണ്ടെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.
14ാം വയസ്സില്‍ അമ്മ തന്നെയാണ് നിര്‍ബന്ധിച്ച് പലര്‍ക്കും കാഴ്ചവച്ചതെന്ന കാര്യം പെണ്‍കുട്ടി പറയുന്നു. ഇതേത്തുടര്‍ന്ന് പിതാവിനെയും അമ്മയെയും അറസ്റ്റു ചെയ്തിട്ടുണ്ട്. കാസര്‍കോട് ബന്തടുക്കയില്‍ പെണ്‍കുട്ടി പഠിച്ച സ്‌കൂളിലെ രേഖകള്‍ പരിശോധിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന വസ്തുത പൊലീസിനു വ്യക്തമായത്.
കൊച്ചി, ബാംഗൂര്‍, തിരുവനന്തപുരം എന്നീ സ്ഥലങ്ങളില്‍ പലര്‍ക്കായി പെണ്‍കുട്ടിയെ ശോഭാ ജോണ്‍ കാഴ്ചവച്ചു. എന്നാല്‍ ആരൊക്കെയാണ് പീഡിപ്പിച്ചതെന്ന കാര്യം പെണ്‍കുട്ടിയ്ക്ക് അറിയില്ല,. പറവൂര്‍ പീഡനക്കേസില്‍ അറസ്റ്റിലായവരുടെ ഫോട്ടോ കാണിച്ചപ്പോഴാണ് ജോഷിയെ പെണ്‍കുട്ടി തിരിച്ചറിഞ്ഞത്. പെണ്‍കുട്ടിയോടൊപ്പം ഒളനാട്ടിലെ വീട്ടില്‍ നിന്നു പിടിയിലായവര്‍ക്കു പുറമെ പെണ്‍കുട്ടിയുടെ പിതാവ്, അമ്മ, പറവൂര്‍ പീഡനക്കേസ് പ്രതി ജോഷി എന്നിവര്‍ക്കെതിരെ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കാണു പൊലീസ് കേസെടുത്തിട്ടുള്ളത്.
പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്ത സാഹചര്യത്തില്‍ പ്രതികള്‍ക്കെതിരെ പീഡനത്തിനു കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ശോഭാ ജോണിന് വേണ്ടിയുള്ള തിരച്ചിലും പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications