സദ്യ പൊളിഞ്ഞു; കാറ്ററിങുകാരുടെ വാഹനം ജപ്തി ചെയ്തു
മൂവാറ്റുപുഴ: വിവാഹസദ്യക്ക് വിളമ്പിയ ഭക്ഷണം കുറഞ്ഞതിനെ തുടര്‍ന്ന് വരന്റെ കൂട്ടര്‍ നല്‍കിയ പരാതിയിന്മേല്‍ കാറ്ററിങ് സ്ഥാപനത്തിന്റെ വാഹനം കോടതി ജപ്തിചെയ്തു. ആയവന കടാംകുളം ജീവന്റെ പരാതിയിലാണ് കോതമംഗലം 'സദ്യ' കാറ്ററിങ് സര്‍വീസ് സ്ഥാപനത്തിന്റെ വാഹനം ജപ്തിചെയ്യാന്‍ മൂവാറ്റുപുഴ സബ്ജഡ്ജ് കെ സുഭദ്രാമ്മ ഉത്തരവിട്ടത്.
ആഗസ്ത് 29ന് ആയവന തിരുഹൃദയ ദേവാലയ പാരിഷ്ഹാളില്‍ നടന്ന വിവാഹ സല്‍ക്കാരത്തിന് 600 പേര്‍ക്ക് ഭക്ഷണം എത്തിക്കാമെന്നേറ്റിരുന്ന സ്ഥാപന നടത്തിപ്പുകാര്‍ മുന്നൂറില്‍ത്താഴെ പേര്‍ക്കുള്ള ഭക്ഷണം മാത്രമേ എത്തിച്ചുള്ളുവത്രേ. ജനപ്രതിനിധികളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് ഭക്ഷണം വിളമ്പാന്‍ കഴിയാതെവന്നതോടെ കാറ്ററിങ് ജീവനക്കാര്‍ മുങ്ങി.
വരന്റെ വീട്ടുകാര്‍ സ്ഥാപന നടത്തിപ്പുകാരെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ ഓഫാക്കിയെന്നും ജീവന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അഡ്വക്കറ്റുമാരായ ഷാജു വടക്കന്‍ , സി ജയിന്‍ , പ്രസാദ് എം ബേബി എന്നിവര്‍ മുഖേനയാണ് പരാതി നല്‍കിയത്. തുടര്‍ന്നാണ് സ്ഥാപനത്തിന്റെ പിക്കപ്പ് വാന്‍ ജപ്തിചെയ്യാന്‍ ഉത്തരവായത്. കസ്റ്റഡിയിലെടുത്ത വാഹനം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ സൂക്ഷിച്ചിരിക്കയാണ്.












Click it and Unblock the Notifications