വിപണി ആട്ടത്തിനൊടുവില്‍ നേട്ടത്തില്‍
മുംബൈ: ഏറെ കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ലാഭത്തില്‍ ക്ലോസ് ചെയ്തു. യൂറോപ്യന്‍ മാര്‍ക്കറ്റ് നേട്ടത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെയാണ് അഞ്ചു മണിക്കൂറോളം നീണ്ട ചാഞ്ചാട്ടം അവസാനിച്ചത്. ഉച്ചയോടു കൂടി ഭക്ഷപണപ്പെരുപ്പത്തിന്റെ കണക്കുകള്‍ പുറത്തുവന്നതും അനുഗ്രഹമായി. ആഗസ്ത് 27ന് അവസാനിച്ച ആഴ്ചയില്‍ പണപ്പെരുപ്പം 9.55 ശതമാനം മാത്രമാണ്. മുംബൈ ഓഹരി സൂചിക 100.54 പോയിന്റുയര്‍ന്ന് 17165.54ലും ദേശീയ സൂചിക 28.60 പോയിന്റ് വര്‍ധിച്ച് 5153.25ലും ക്ലോസ് ചെയ്തു.
സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റിലയന്‍സ് താഴേക്കിറങ്ങിയെങ്കിലും ഉച്ചയോടുകൂടി വീണ്ടും നിക്ഷേപകരുടെ പ്രിയപ്പെട്ട ഓഹരിയായി മാറി. 814 വരെ താഴ്ന്ന റിലയന്‍സ് 2.62 ശതമാനം വര്‍ധനവോടു കൂടി 853.50ലാണ് ക്ലോസ് ചെയ്തത്.
സെബി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം വിദേശനിക്ഷേപസ്ഥാപനങ്ങള്‍ വ്യാഴാഴ്ച മാത്രം 81.3 കോടി ഡോളര്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുക്കിയിട്ടുണ്ട്. ശതമാനക്കണക്കു നോക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് റാന്‍ബാക്‌സി ലബോറട്ടറീസാണ്. അഞ്ചു ശതമാനത്തോളം ഉയര്‍ച്ച കാണിച്ചതിനുശേഷം 20.10 പോയിന്റ് നേട്ടത്തില്‍ 506.50ലാണ് മരുന്നു കമ്പനിയുടെ ഓഹരികള്‍ വില്‍പ്പന അവസാനിപ്പിച്ചത്.
കെയ്ന്‍ ഇന്ത്യ, ടാറ്റാ മോട്ടോര്‍സ്, സിപ്ല, വിപ്രോ ലിമിറ്റഡ് തുടങ്ങിയ കമ്പനികളും നേട്ടമുണ്ടാക്കി. സ്റ്റീല്‍ അതോറിറ്റി, ജിന്‍ഡാല്‍ സ്റ്റീല്‍, ടാറ്റാ സ്റ്റീല്‍, എന്‍ടിപിസി, എച്ച്.ഡി.എഫ്.സി ഓഹരികള്‍ക്ക് നല്ല ദിവസമായിരുന്നില്ല.












Click it and Unblock the Notifications