ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് തൂങ്ങിമരിച്ചു
മൂന്നാര്‍: ഭാര്യയെ ലോഡ്ജ് മുറിക്കുള്ളില്‍ കൊലപ്പെടുത്തിയ ശേഷം ഒളിവില്‍ പോയ യുവാവിനെ തൂങ്ങിരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് ഈറോഡ് സ്വദേശി മഹേഷ്‌കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
വീടിനു സമീപമുള്ള സ്വകാര്യ വക്തിയുടെ പറമ്പില്‍ മരക്കൊമ്പിലാണ് ജീവനൊടുക്കിയത്. ഭാര്യ ഷാമിള സുബ്രഹ്മണ്യ(23)ത്തെ കഴിഞ്ഞ ദിവസമാണ് മഹേഷ് കൊലപ്പെടുത്തിയത്. ഷാമിളയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന കത്തി മഹേഷിന്റെ പോക്കറ്റില്‍ നിന്നു കണ്ടെടുത്തു.
തിങ്കളാഴ്ച രാവിലെ പഴയ മൂന്നാര്‍ മൂലക്കട ഭാഗത്തെ ലോഡ്ജിലെ ഒന്നാം നിലയിലെ മുറിയിലാണ് ഷാമിളയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനു പിന്നില്‍ മഹേഷിന്റെ സംശയരോഗമെന്നു പൊലീസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ആയുധം ഉപയോഗിച്ചു കഴുത്തിലും മറ്റും മുറിവേല്‍പ്പിച്ചശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പൊലീസ് നിഗമനം. ബാംഗ്ലൂരില്‍വച്ചു പ്രണയത്തിലായ മഹേഷ്‌കുമാറും ഷാമിളയും മൂന്നു വര്‍ഷം മുന്‍പാണു വിവാഹിതരായത്.
സ്വകാര്യ സ്ഥാപനത്തിലായിരുന്നു ഇരുവര്‍ക്കും ജോലി. ഒരുവര്‍ഷമായി ഇവര്‍ രണ്ടുപേരും രണ്ടു ഹോസ്റ്റലുകളിലായി താമസിച്ചുവരുകയായിരുന്നു.
എട്ടു മാസം മുന്‍പു ശരീരത്തില്‍ മുറിവുകളുമായി ഷാമിള വീട്ടില്‍ വന്നിരുന്നതായി സഹോദരി ശാലിയമ്മ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ആയുധപൂജദിവസം മഹേഷിനൊപ്പം പോകുകയാണെന്നും ഇനി പ്രശ്‌നമൊന്നുമില്ലാതെ ജീവിക്കാമെന്നും ഷാമിള ഫോണ്‍ ചെയ്തിരുന്നതായി മാതാവ് റാണിയും പൊലീസിനോട് പറഞ്ഞു.
എന്നാല്‍, മഹേഷ് ഷാമിളയെയുംകൂട്ടി മൂന്നാറില്‍പോയി മുറിയെടുക്കുകയും അവിടെവച്ച് കൊലപാതകം നടത്തുകയുമായിരുന്നു.












Click it and Unblock the Notifications