വാളകം: ഗണേഷിന്റെ പിഎസിനെ ചോദ്യം ചെയ്തു

കൊട്ടാരക്കര എസ്.പി ഓഫീസില്‍ വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ സംഘം തലവന്‍ റൂറല്‍ എസ്.പി പ്രകാശ് ഡിവൈഎസ്പിമാരായ ഷാനവാസ്, അജിത് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചോദ്യം ചെയ്യല്‍ മണിക്കൂറുകളോളം നീണ്ടുനിന്നു.
അധ്യാപകന്‍ കൃഷ്ണകുമാറിന്റെ ഫോണിലേക്കു പ്രദീപ് ഫോണ്‍ ചെയ്തതിരുന്നു. സംഭവത്തിനു തലേദിവസം പ്രദീപ് കുമാര്‍ വാളകം സ്‌കൂളില്‍ പതിവില്ലാതെ എത്തിയിരുന്നുവെന്ന് സ്‌കൂളിലെ അധ്യാപകര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു പ്രദീപിനെ ചോദ്യം ചെയ്തത്.
എന്നാല്‍ രാജശേഖരന്‍ പിള്ള എന്ന അധ്യാപകനെ കൊല്ലം കലക്ടറേറ്റിലേക്കു കൊണ്ടുപോകാനാണു സ്‌കൂളിലെത്തിയതെന്ന പ്രദീപ് മൊഴി നല്‍കി. താന്‍ ഉപയോഗിക്കുന്ന വെള്ള ഓള്‍ട്ടോ കാര്‍ വിവാഹ സമ്മാനം കിട്ടിയതാണെന്നും ഇയാള്‍ മൊഴി നല്‍കി. ശനിയാഴ്ച വീണ്ടും ഹാജരാകാന്‍ പ്രദീപിനോട് നിര്‍ദേശിച്ചിട്ടുണ്ട്
സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ പക്കലുള്ള രണ്ട് വെള്ള ഓള്‍ട്ടോ കാറുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കും. കഴിഞ്ഞ ദിവസം അധ്യാപകന്റെ മരതക മോതിരം കണ്ടെടുത്തതോടെ ജ്യോത്സ്യന്‍ ശ്രീകുമാറിനെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് സൂചനയുണ്ട്.
ജ്യോത്സ്യന്‍ മുഖേനയാണ് കൃഷ്ണകുമാര്‍ മോതിരം പണയം വച്ചത്. മന്ത്രവാദം നടത്താനുള്ള പണം കണ്ടെത്താനാണ് മോതിരം പണയം വച്ചത്. ആദ്യ മൂന്ന് ഘട്ടങ്ങളിലും നടന്ന ചോദ്യം ചെയ്യലില്‍ ജ്യോത്സ്യന്‍ മരതക മോതിര വിവരം പോലീസില്‍ നിന്ന് മറച്ച് വെച്ചിരുന്നു.












Click it and Unblock the Notifications