സ്ലട്ട് വാക്കിനെതിരെ സദാചാര പൊലീസ്
ബാംഗ്ലൂര്‍: സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ ബാംഗ്ലൂരിലെ സ്ലട്ട് വാക്ക് പൊലീസ് തടഞ്ഞു. ചൂഷണത്തിനിരയായ സ്ത്രീകളെ വെറുപ്പോടെ കാണുന്ന പ്രവണതയ്‌ക്കെതിരെയായിരുന്നു സ്ലട്ട് വാക്ക് നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഞായറാഴ്ച ടൗണ്‍ ഹാളില്‍ നിന്ന് തുടങ്ങി ഫ്രീഡം പാര്‍ക്കില്‍ അവസാനിയ്ക്കുന്ന രീതിയില്‍ ആസൂത്രണം ചെയ്ത സ്ലട്ട് വാക്ക് പക്ഷേ പൊലീസിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് നടത്താനായില്ല. മാര്‍ച്ച് തുടങ്ങുന്നതിന് 13 മണിക്കൂറു മുന്‍പാണ് പൊലീസ് സംഘാടകരെ ഇക്കാര്യം അറിയിച്ചത്.
ശനിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെ തങ്ങള്‍ അഡീഷണല്‍ കമ്മീഷണറെ കണ്ടിരുന്നുവെന്ന് സ്ലട്ട് വാക്കിന്റെ സംഘാടകര്‍ പറയുന്നു. എന്നാല്‍ അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാതിരിയ്ക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രമേ അപ്പോള്‍ പൊലീസ് പറഞ്ഞുള്ളൂ.
പിന്നീട് രാത്രി 8.15ഓടെ സ്ലട്ട് വാക്ക് നടത്താനാകില്ലെന്നും ചില സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്നും അറിയിക്കുകയായിരുന്നു. ബാംഗ്ലൂര്‍, സിംഗപ്പൂര്‍, ഹോങ്കോങ്, കോലാലംപൂര്‍ എന്നിവിടങ്ങളില്‍ ഒരേ സമയം സ്ലട്ട് വാക്ക് നടത്താനാണ് തീരുമാനിച്ചിരുന്നത്.
എന്നാല്‍ ശനിയാഴ്ച വൈകുന്നേരം ചില ഭീഷണി കോളുകള്‍ വന്നതിനാലാണ് വാക്കിന് അനുമതി നിഷേധിച്ചതെന്ന് പൊലീസ് പറയുന്നു. വാക്കില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിച്ചില്ലെങ്കില്‍ ചൂലു കൊണ്ടടിയ്ക്കുമെന്നായിരുന്നു ഫോണ്‍ സന്ദേശങ്ങളിലൊന്ന്. മല്ലേശ്വരത്തെ ഒരു വനിതാസംഘടനാ അംഗമായിരുന്നു ഫോണ്‍ ചെയ്തത്.
ഇതിന് പുറമെ ഒരു ഉന്നത രാഷ്ട്രീയ നേതാവും വാക്കിനിടെ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സൂചിപ്പിച്ചു. ഇതിനെ തുടര്‍ന്ന് വാക്കിന് അനുമതി നിഷേധിയ്ക്കാന്‍ പൊലീസ് തീരുമാനിയ്ക്കുകയായിരുന്നു.












Click it and Unblock the Notifications