അണക്കെട്ട്: ചിദംബരം പ്രസ്താവന പിന്‍വലിച്ചു

പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേരളത്തിലെ പാര്‍ട്ടികള്‍ മുല്ലപ്പെരിയാറിന്റെ പേരില്‍ ആശങ്ക പരത്തുന്നതെന്ന പ്രസ്താവനയാണ് ചിദംബരം പിന്‍വലിച്ചത്. സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചിട്ടില്ല. കോടതിവിധി വരുന്നതുവരെ കാത്തിരിക്കണമെന്നാണ് താന്‍ പറഞ്ഞതെന്നാണ് ചിദംബരം പറയുന്നത്.
ശനിയാഴ്ച ചെന്നൈയിലെ ഒരു ചടങ്ങിനിടെയാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ച കോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്നും അണക്കെട്ട് നിര്‍മ്മിച്ചത് തമഴ്‌നാടിന് വേണ്ടിയാണെന്നും ചിദംബരം പറഞ്ഞത്. കൂടാതെ കേരളത്തിലെ രാഷ്ട്രീയ കക്ഷികളെല്ലാം പിറവം ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നം ഉയര്‍ത്തിക്കാണിക്കുന്നതെന്നും ചിദംബരം ആരോപിച്ചിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയുമുള്‍പ്പെടെയുള്ള നേതാക്കള്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായ പി ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ചിദംബരത്തിനെതിരെ ഹൈക്കമാന്റിന് പരാതി നല്‍കുമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞിരുന്നു.
കക്ഷിരാഷ്ട്രീയ ഭേദമെന്യേ എംപിമാരും ചിദംബരത്തിനെതിരെ രംഗത്തെത്തിയിരുന്നു. കേന്ദ്രമന്ത്രി പദത്തിലിരിക്കുന്ന ചിദംബരം ഇരുസംസ്ഥാനങ്ങള്‍ക്കിടയില്‍ എരിയുന്ന പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ പക്ഷം പിടിച്ച് സംസാരിച്ചത് ശരിയായില്ലെന്നാണ് പൊതുവേയുണ്ടായ വിലയിരുത്തല്‍. മാത്രവുമല്ല സുപ്രീം കോടതിയില്‍ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ കോടതി വിധി തമിഴ്‌നാടിന് അനൂകലമായിരിക്കുമെന്ന് പറഞ്ഞതിലൂടെ അദ്ദേഹം സത്യപ്രതിജ്ഞ ലംഘനം നടത്തിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കേന്ദ്രനേതാക്കളെല്ലാം വളരെ സൂക്ഷിച്ച് മാത്രം ഇടപെടുന്ന അവസരത്തിലാണ് ചിദംബരം വിവാദപ്രസ്താവന നടത്തിയത്. പ്രസ്താവന കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ചിദംബരം അത് പിന്‍വലിക്കാന്‍ തയ്യാറായതെന്നാണ് സൂചന.












Click it and Unblock the Notifications