ജോലിക്കാര്‍ സംഘനയില്‍ ചേര്‍ന്നു; ജ്വല്ലറി പൂട്ടി
കോഴിക്കോട്: തൊഴിലാളികള്‍ സിഐടിയുവിന് കീഴിലുള്ള സംഘടനയില്‍ ചേര്‍ന്നതില്‍ പ്രതിഷേധിച്ച് കോഴിക്കോട്ടോ ആലപ്പാട്ട് ജ്വല്ലറി പൂട്ടി. തൊഴിലാളികള്‍ കോമേഴ്‌സ്യല്‍ എംപ്ലോയീസ് യൂണിയനില്‍ അംഗങ്ങളായ വിവരമറിഞ്ഞ് ജ്വല്ലറി മുതലാളിമാര്‍ തന്നെയാണ് പൂട്ടിയിടല്‍ തീരുമാനമെടുത്തത്. പൂട്ടിയിട്ട ജ്വല്ലറിയ്ക്ക് മുന്നില്‍ പതിനെട്ടോളം വരുന്ന തൊഴിലാകള്‍ ഒരാഴ്ചയായി കാലത്ത് മുതല്‍ വൈകുന്നേരം വരെ മുദ്രാവാക്യം വിളിക്കുകയാണ്.
2011 ഡിസംബര്‍ 30നാണ് തൊഴിലാകള്‍ സംഘടനയില്‍ ചേര്‍ന്ന വിവരം ഉടമസ്ഥര്‍ അറിഞ്ഞത്. പിറ്റേന്ന് ജ്വല്ലറി തുറന്നെങ്കിലും ഉടമസ്ഥരുടെ ആളുകളെത്തിയാണ് വില്‍പനയുള്‍പ്പെടെയുള്ള ജോലികള്‍ ചെയ്തത്. തൊഴിലാളികള്‍ പണിയൊന്നുമില്ലാതെ നോക്കിനില്‍ക്കുന്ന അവസ്ഥയായിരുന്നു. ജനുവരി രണ്ടിന് തൊഴിലാളികള്‍ എത്തിയപ്പോള്‍ ജ്വല്ലറി അടച്ചിട്ടിരിക്കുകയായിരുന്നു. ജ്വല്ലറിയ്ക്ക് പൊലീസ് കാവലുമുണ്ടായിരുന്നു.
പിന്നീടിങ്ങോട്ട് എല്ലാദിവസവും ജ്വല്ലറി അടഞ്ഞുകിടക്കുകയാണ്. ഇതിനിടെ സി.ഐ.ടിയു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുമായി ചര്‍ച്ചക്ക് നീക്കം തുടങ്ങി. തുടര്‍ന്ന് ആലപ്പാട്ട് മുതലാളിയും മകനും യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തി. തൊഴിലാളികള്‍ യൂണിയനില്‍ അംഗമാകുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന പിടിവാശിയിലായിരുന്നു മാനേജ്‌മെന്റ്.
നിലവിലുള്ള തൊഴിലാളികളില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും ഈ തൊഴിലാളികളെ വെച്ച് സ്ഥാപനം നടത്താന്‍ കഴിയില്ലെന്നും മാനേജ്‌മെന്റ് നിലപാട് വ്യക്തമാക്കി. തൊഴിലാളികളോട് സ്വയം പിരിഞ്ഞുപോകണമെന്നാണ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്.
എന്നാല്‍ ഇത് തയ്യാറല്ലാത്ത തൊഴിലാളികല്‍ ജനുവരി 13ന് മാവൂര്‍ റോഡിലെ ജ്വല്ലറിയ്ക്ക് മുന്നില്‍ ചുവന്ന കൊടികെട്ടി സമരം തുടങ്ങുകയായിരുന്നു. പുതിയ തൊഴിലാളികളെ നിയമിച്ച് ജ്വല്ലറി തുറക്കാന്‍ ഉടമസ്ഥരെ അനുവദിക്കില്ലെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications