ഭര്‍ത്താവിനെ കൊണ്ടുവരാന്‍ ഭാര്യയുടെ ക്വട്ടേഷന്‍
പെരുമ്പാവൂര്‍: ഭര്‍ത്താവിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാന്‍ ഭാര്യ ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചെന്ന് പരാതി. പെരുമ്പാവൂര്‍ നങ്ങേലി വീട്ടില്‍ വിജീഷ് (27) ആണ് ഭാര്യ ഏര്‍പ്പെടുത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ തട്ടിക്കൊണ്ടുപോകലിന് ഇരയായത്.
വെള്ളിയാഴ്ച രാവിലെ അഞ്ചരയ്ക്ക് പെരുമ്പാവൂര്‍ െ്രെപവറ്റ് സ്റ്റാന്‍ഡിനു സമീപത്തുവെച്ച് സ്‌കോര്‍പിയോ കാറിലെത്തിയ സംഘം വിജീഷിനെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
വിജീഷും ദീപയും മൂന്ന് കൊല്ലം മുമ്പ് പ്രണയിച്ച് വിവാഹിതരായതാണ്. ചാറ്റിങിലൂടെ പരിചയപ്പെട്ട പ്രണയിച്ച് വിവാഹം ചെയ്‌തെങ്കിലും ദീപയെ അംഗീകരിയ്ക്കാന്‍ വിജീഷിന്റെ വീട്ടുകാര്‍ തയാറായിരുന്നില്ല. പിന്നീട് സിംഗപ്പൂരില്‍ ജോലിയ്ക്ക് പോയ ദീപ കഴിഞ്ഞ 28ന് നാട്ടിലെത്തിയിരുന്നു. വിജീഷിനെ തിരികെക്കൊണ്ടുപോകാനുള്ള വിസയുമായാണ് ദീപ വന്നതെങ്കിലും ഭര്‍ത്താവിന്റ വീട്ടുകാര്‍ ഇത് സമ്മതിച്ചില്ല.
ഭര്‍തൃവീട്ടില്‍ പ്രവേശിപ്പിയ്ക്കാത്തതിനെ തുടര്‍ന്ന് പെരുമ്പാവൂരില്‍ ഒരു വിമന്‍സ് ഹോസ്റ്റലിലാണ് ദീപ കഴിഞ്ഞിരുന്നത്. കഴിഞ്ഞ കൊല്ലം ഫിബ്രവരിയില്‍ വിജീഷ് ദീപയോടൊപ്പം സിംഗപ്പൂരില്‍ പോയിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് തിരിച്ചുപോന്നു.
ദീപയുടെ സഹോദരിയുടെ വിവാഹം തിങ്കളാഴ്ച ബാംഗ്ലൂരില്‍ നടക്കാനിരിക്കുകയാണ്. ഈ വിവാഹത്തില്‍ സംബന്ധിക്കാന്‍ ദീപ ക്ഷണിച്ചെങ്കിലും വിജീഷ് തയ്യാറായില്ലത്രെ. ഇതേത്തുടര്‍ന്നാണ് ക്വട്ടേഷന്‍സംഘത്തെ ഉപയോഗിച്ച് ദീപ തട്ടിക്കൊണ്ടുപോകല്‍ ശ്രമം നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.
വാഹനം പാലക്കാട് എത്തിയപ്പോള്‍ മൂത്രമൊഴിക്കാനെന്നു പറഞ്ഞ് പുറത്തിറങ്ങിയ വിജീഷ് അവിടെ ബഹളംവെച്ച് നാട്ടുകാരെ അറിയിച്ചു. നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ച പാലക്കാട് ഹൈവേ പോലീസ് വാഹനം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പ്രതികളേയും വിജീഷിനേയും ദീപയേയും പിന്നീട് പെരുമ്പാവൂര്‍ പോലീസ്‌സ്‌റ്റേഷനില്‍ എത്തിച്ചു
ബാംഗ്ലൂരില്‍ വിവാഹത്തില്‍ സംബന്ധിച്ചശേഷം സിംഗപ്പൂരിലേക്ക് വിജീഷിനെ കൊണ്ടുപോകാനായിരുന്നു ദീപയുടെ പദ്ധതിയെന്നും പോലീസ് പറഞ്ഞു.












Click it and Unblock the Notifications