അനാശാസ്യം: സിപിഎം നേതാവും അധ്യാപികയും റിമാന്‍ഡില്‍
മംഗലാപുരം: സംശയാസ്പദമായ നിലയില്‍ കാറില്‍ കണ്ടെത്തിയതിന്റെ പേരില്‍ സിപിഎ. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം കല്ലമ്പലം സുസ്മിതയില്‍ അഡ്വ. എസ്.സുന്ദരേശനെ (62)യും ആറ്റിങ്ങല്‍ സ്വദേശി 52കാരിയായ അധ്യാപികയെയും അറസ്റ്റ് ചെയ്തു. വര്‍ക്കല ഒന്നാംക്ലാസ് മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ഇരുവരെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. പള്ളിപ്പുറം സി.ആര്‍.പി.എഫ്. ക്യാമ്പിനു സമീപം കാരമൂട്ടില്‍ റോഡരികില്‍ കാറിലാണ് സംശയാസ്പദമായ സാഹചര്യത്തില്‍ ഇരുവരെയും കണ്ടത്. പരിസരവാസികള്‍ മംഗലപുരം പോലീസില്‍ വിവരമറിയിച്ചു. പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലെത്തിച്ചു.
അനാശാസ്യ ആരോപണവിധേയനായ സിപിഎം നേതാവിനെതിരെ കേസെടുക്കാന്‍ പോലീസ് മടിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ സ്‌റ്റേഷനുമുന്നില്‍ തടിച്ചുകൂടിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സുന്ദരേശനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബഹളം തുടങ്ങിയത് സംഘര്‍ഷത്തിനും വഴിവച്ചു. ജില്ലാ കമ്മിറ്റി അംഗം കസ്റ്റഡിയിലായ വിവരമറിഞ്ഞ് സി.പി.എം. നേതാക്കളില്‍ ചിലരും സ്‌റ്റേഷനിലെത്തിയിരുന്നു.
ഇരുവരെയും വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുകയാണെന്നും ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും സമരക്കാര്‍ക്ക് പോലീസ് ഉറപ്പുനല്‍കി. ഇതോടെ പ്രതിഷേധക്കാര്‍ പിന്‍വാങ്ങിയത്.
രാത്രിയോടെ സുന്ദരേശനെയും സ്ത്രീയെയും വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പൊതുസ്ഥലത്ത് അനാശാസ്യം നടത്തിയതിന് ഐ.ടി.പി. 5, 7 വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തതെന്ന് മംഗലപുരം പോലീസ് പറഞ്ഞു.
ആരോപണങ്ങള്‍ സിപിഎം തള്ളിയിട്ടുണ്ട്. സുന്ദരേശന്‍ തന്നെയാണ് പൊലീസിനെ വിളിച്ചുവരുത്തിയതെന്ന് സിപിഎം നേതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസം പിരിച്ചുവിടപ്പെട്ട ജില്ലാ സഹകരണബാങ്ക് സമിതി പ്രസിഡന്റായിരുന്നു സുന്ദരേശന്‍. വായ്പാ ആവശ്യവുമായി ബന്ധപ്പെട്ടാണ് ഒരുമിച്ച് യാത്ര ചെയ്തതെന്നും യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ താഴെ വീണത് നോക്കാനാണ് കാര്‍ നിര്‍ത്തിയതെന്നുമാണ് സിപിഎം വിശദീകരണം. ചില കോണ്‍ഗ്രസ് നേതാക്കള്‍ പൊലീസിനെ സ്വാധീനിച്ച് സുന്ദരേശനെ കുടുക്കുകയായിരുന്നുവെന്നും സിപിഎം നേതൃത്വം ആരോപിയ്ക്കുന്നു.












Click it and Unblock the Notifications