നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ പുറത്താക്കി
കൊച്ചി: സബ് ഇന്‍സ്‌പെക്ടറുടെ പക്കല്‍ നിന്നും നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ താല്‍ക്കാലികമായി ജോലിയില്‍ നിന്നും പുറത്താക്കി. ഇതോടൊപ്പം തൊഴിലാളികള്‍ക്ക് നോക്കുകൂലി നല്‍കാന്‍ തയ്യാറായ സബ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ തൊഴില്‍ വകുപ്പ് ഡി.ജി.പി.ക്ക് പരാതിയും നല്‍കി. എറണാകുളം നഗരത്തിലാണ് ഈ സംഭവം അരങ്ങേറിയത്.
ഏറണാകുളം പള്ളുരുത്തി കസബ പോലീസ് സ്‌റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ രാജേഷിന്റെ വീടുനിര്‍മ്മാണ സൈറ്റിലാണ് തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ടത്. വീടുനിര്‍മ്മാണത്തിന് ആവശ്യമായ മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ് നോക്കുകൂലി തൊഴിലാളികള്‍ ആവശ്യപ്പെട്ടത്. ഇത്തരത്തില്‍ നോക്കുകൂലി നല്‍കി മണല്‍ നിര്‍മ്മാണ സൈറ്റില്‍ ഇറക്കുകയാണ് എസ്.ഐ. രാജേഷ് ചെയ്തത്.
എന്നാല്‍ ഇത് സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബിജോണിന്റെ നിര്‍ദ്ദേശ പ്രകാരം തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും എസ്.ഐ. രാജേഷിന്റെ പക്കല്‍ നിന്നും തൊഴിലാളികള്‍ വാങ്ങിയ അമിതകൂലി രാജേഷിന് തിരിച്ചേല്‍പ്പിക്കുയും ചെയ്തു. മണല്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ലോഡുകളില്‍ നിന്നും ആയിരത്തി അഞ്ചൂറിലധികം രൂപയാണ് തൊഴിലാളികള്‍ കൈപ്പറ്റിയത്. എന്നാല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണക്കുപ്രകാരം എഴുന്നൂറ് രൂപ മാത്രമാണ് ഈ മണല്‍ ഇറക്കാനുള്ള ചിലവ്. ഇത് കഴിച്ച് ബാക്കി വാങ്ങിയ തുക തൊഴിലാളികള്‍ രാജേഷിനെ തിരിച്ചേല്‍പ്പിച്ചു.
അമിതമായിവാങ്ങിയ കൂലി തിരിച്ചേല്‍പ്പിച്ചതിനോടൊപ്പം ഈ നടപടികള്‍ ചെയ്ത തൊഴിലാളി ക്ഷേമിനിധി ബോര്‍ഡ് എറണാകുളം കമ്മിറ്റിയുടെ കീഴിലെ 42ാം പൂളിലെ വി.എം. ആന്റണി റോബര്‍ട്ട്, കെ.പി. ഷൈജന്‍ എന്നീ തൊഴിലാളികളെ താല്‍ക്കാലികമായി ജോലിയില്‍ പ്രവേശിക്കുന്നതില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തു. എറണാകുളത്തെ നോക്കുകൂലി വിമുക്തജില്ലയായി പ്രഖ്യാപിച്ചിരുന്നു.












Click it and Unblock the Notifications