ആണുങ്ങള്‍ക്കൊപ്പം നൃത്തം: 4യുവതികളെ കൊന്നു

പാക് വാര്‍ത്താ ചാനലുകളാണ് ഇക്കാര്യം പുറത്തു വിട്ടത്. എന്നാല്‍ പാക് അധികൃതര്‍ വാര്‍ത്ത നിഷേധിച്ചു. റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമാണെന്നാണ് ഇവരുടെ വിശദീകരണം. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്താന്‍ പാക് പ്രതിരോധമന്ത്രി റഹ്മാന്‍ മാലിക് ഉത്തരവിട്ടിട്ടുണ്ട്.
നാലു പേരില്‍ കൂടുതല്‍ വധിക്കപ്പെട്ടിട്ടുണ്ടെന്നും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. യുവതികള്‍ക്കൊപ്പം നൃത്തം ചെയ്ത രണ്ടു പുരുഷന്‍മാരെയും വധിച്ചതായാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക മതപണ്ഡിതനെ പോലീസ് അറസ്റ്റു ചെയ്തു. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്കെതിരെ ഗോത്ര സമിതി ഫത്‌വ പുറപ്പെടുവിച്ചിട്ടില്ലെന്ന് ഇയാള്‍ പോലീസിനെ അറിയിച്ചു.
ഒരു വിവാഹച്ചടങ്ങില്‍ സ്ത്രീപുരുഷന്മാര്‍ ഇടകലര്‍ന്ന് ആടിപ്പാടിയതാണ് വധശിക്ഷയ്ക്ക് വഴിയൊരുക്കിയത്. ഖൈബര്‍പക്തുന്‍ക്വ മേഖലയിലെ ഹസാരെ ഡിവിഷനിലായിരുന്നു ദുരഭിമാനഹത്യയുടെ ഭാഗമായി പാക് 'ജിര്‍ഗ' വധശിക്ഷ നടപ്പാക്കിയത്.
വിവാഹച്ചടങ്ങുകളില്‍ ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും വെവ്വേറെ ഇടം എന്ന ഗോത്രാചാരം ലംഘിച്ചു എന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. രണ്ട് മാസം മുമ്പ് ബാന്‍ഡോ ബൈദറില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഇവര്‍ ഒന്നിച്ച് ആടുകയും പാടുകയും ചെയ്യുന്ന രംഗങ്ങള്‍ ആരോ മൊബൈലില്‍ ചിത്രീകരിച്ചിരുന്നു. പിന്നീട് ഇത് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചതോടെയാണ് ഗോത്രകോടതി ഇവര്‍ക്ക് കടുത്തശിക്ഷ വിധിച്ചത്.
പുരുഷന്മാരെ ആദ്യം കൊല്ലാനായിരുന്നു കോടതിയുടെ ഉത്തരവ്. എന്നാല്‍ ഇവര്‍ ഒളിച്ചോടിയതോടെ വിവാഹിതരായ സ്ത്രീകളെ ഭര്‍തൃവീടുകളില്‍നിന്ന് വിളിച്ചിറക്കി കുഹിസ്ഥാന്‍ ജില്ലയിലെ ഗ്രാമത്തിലെ ചില വീടുകളില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു.
വധശിക്ഷ നടപ്പാക്കാന്‍ നാല്‍പ്പതോളം ചെറുപ്പക്കാരെ ജിര്‍ഗ ചുമതലപ്പെടുത്തിയിരുന്നതായും വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.












Click it and Unblock the Notifications