പൊലീസുകാരന്റെ കൊല: തമിഴ്‌സംഘമെന്ന് സൂചന
ചാത്തന്നൂര്‍: പാരിപ്പള്ളിയില്‍ രാത്രി വാഹന പരിശോധന നടത്തുകയായിരുന്ന പോലീസുകാരനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ തമിഴ് കവര്‍ച്ചാസംഘത്തില്‍ പെട്ടവരാണെന്ന സൂചനയെ തുടര്‍ന്ന് അന്വേഷണം തമിഴ്‌നാട്ടിലേയ്ക്ക് വ്യാപിപ്പിച്ചു. അന്വേഷണത്തിനായി കമ്മീഷണറുടെ സ്‌ക്വാഡ് തമിഴ്‌നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പ്രതിയുടേതെന്ന് സംശയിക്കുന്ന ഫോട്ടോയും പൊലീസ് പുറത്തിറക്കി. അക്രമികള്‍ സഞ്ചരിച്ചിരുന്ന വാനില്‍ ഉണ്ടായിരുന്ന ആര്‍.സി.ബുക്കിലെ ഫോട്ടോയാണ് പുറത്തിറക്കിയത്.
പാരിപ്പള്ളിമടത്തറ റോഡില്‍ കുളമടയ്ക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പാരിപ്പള്ളി സ്‌റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ പൂയപ്പള്ളി ചെങ്കുളം പനവിളവീട്ടില്‍ കെ.ജോയി (52), പോലീസ് ജീപ്പ് െ്രെഡവര്‍ കൊട്ടറ കൈതറപൊയ്ക വീട്ടില്‍ മണിയന്‍ പിള്ള (49) എന്നിവര്‍ക്കാണ് അക്രമിസംഘത്തിന്റെ കുത്തേറ്റത്. ഇരുവരെയും പോലീസ് ഉടന്‍ തന്നെ ചാത്തന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മണിയന്‍ പിള്ള മരിച്ചു.
വേളമാനൂരില്‍ വാഹന പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോഴാണ് കുളമട ജങ്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പൊലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇവരുടെ കൈവശം രേഖകള്‍ ഇല്ലാതിരുന്നു. വാനിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എഎസ്‌ഐ ജോയി ഇവരെ കസ്റ്റഡിയിലെടുത്തു. വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സംഘം എഎസ്‌ഐയെ കുത്തുകയായിരുന്നു. ഇതു കണ്ട് ഓടിയെത്തിയ െ്രെഡവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം അക്രമികള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പരവൂര്‍ പൊലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മണിയന്‍പിള്ള മരിച്ചു.
അക്രമികളെ പോലീസ് പിന്തുടര്‍ന്നെങ്കിലും അയിരൂരിനു സമീപം വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ളതാണ് വാഹനം. കഴിഞ്ഞ ദിവസം വേളമാനൂരില്‍ മോഷണം നടന്നിരുന്നു. ഇതിനെ തുടര്‍ന്ന് മോട്ടോര്‍ സൈക്കിളിലും ജീപ്പിലും രണ്ട് സംഘമായി തിരിഞ്ഞായിരുന്നു രാത്രികാല പരിശോധന.












Click it and Unblock the Notifications