ടിപി വധം: കൊല്ലിച്ചവരെയും കണ്ടെത്തുമെന്ന് ഡിജിപി

  • Posted By:
Subscribe to Oneindia Malayalam
DGP Jacob Punnuse
തിരുവനന്തപുരം:  ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ഡി ജി പി ജേക്കബ് പുന്നൂസ്. കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്തുക തന്നെ ചെയ്യും. ആ രീതിയിലാണ് അന്വേഷണം നടക്കുന്നത്. ഗൂഢാലോചന നടത്തിയവരെ കണ്ടെത്തുക തന്നെ ചെയ്യും. അന്വേഷണം അവസാനിച്ചെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ചന്ദ്രശേഖരന്‍ വധക്കേസില്‍ കൊന്നവരെയും കൊല്ലിച്ചവരെയും കണ്ടെത്തുമെന്ന് അന്വേഷണം തുടങ്ങിയ ഘട്ടത്തില്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാടില്‍ മാറ്റമില്ല. കേസ് അന്വേഷണത്തെക്കുറിച്ച് അന്ന് പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ടി.പി വധക്കേസ് അന്വേഷണം പ്രത്യേക പോലീസ് സംഘം അവസാനിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തില്‍ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാവില്ലെന്നും സംഘം അന്വേഷണം അവസാനിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നും ആയിരുന്നു റിപ്പോര്‍ട്ട്.

അതിനിടെ കേസില്‍ അന്വേഷണം അവസാനിച്ചോ എന്ന് പറയേണ്ടത് അന്വേഷണസംഘമാണെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ അന്വേഷണം അവസാനിപ്പിച്ചോ എന്ന് പറയേണ്ടത് അന്വേഷണ സംഘം തന്നെയാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

ഇതുസംബന്ധിച്ച് ഔദ്യോഗിത തീരുമാനങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ലെന്നും വ്യക്തികളെ പ്രഖ്യാപിച്ചല്ല അന്വേഷണം നടത്തിയതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ടി.പി.വധക്കേസ് അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. കോട്ടയത്തെ തന്റെ ഓഫീസിനു നേര്‍ക്ക് ആക്രമണം നടത്തിയത് ടി.പി.വധക്കേസിലെ ഗൂഢസംഘമാകാമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

Please Wait while comments are loading...