കള്ള് വേണ്ടെന്ന് ലീഗ്; പറ്റില്ലെന്ന് കോണ്‍ഗ്രസ്

സമ്പൂര്‍ണ്ണ മദ്യ നിരോധനമാണ് ലീഗിന്റെ ലക്ഷ്യം. ബാറുകളിലെ മദ്യവില്‍പ്പന നിയന്ത്രിക്കണമെന്ന ഹൈക്കോടതിയുടെ നിര്‍ദേശം സ്വാഗതം ചെയ്യുകയാണെന്ന് മുസ്ലീംലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗമാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്. അടുത്ത യുഡിഎഫ് യോഗത്തില്‍ വിഷയം ഉന്നയിക്കാനും തീരുമാനമായി.
എന്നാല്‍ ലീഗിന്റെ നീക്കം അംഗീകരിയ്ക്കാനാവില്ലെന്ന് കോണ്‍ഗ്രസ് ആദ്യമേ വ്യക്തമാക്കി. കള്ളു നിരോധനം അപ്രായോഗികമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ ഒരുപാട് പേര്‍ ഈ തൊഴിലിനെ ആശ്രയിച്ച് കഴിയുന്നുണ്ട്. ബാറുകളുടെ പ്രവര്‍ത്തന സമയം നിയന്ത്രിക്കുന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ചെന്നിത്തല അറിയിച്ചു.
കള്ള് വ്യവസായം നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിച്ചു കൂടേയെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. കേരളത്തിലെ വിവിധ കോടതികളിലായി 20, 547 അബ്കാരി കേസുകള്‍ നിലവിലുണ്ട്. കള്ളിന്റെ മറവിലാണ് വ്യാജമദ്യവും ചാരായവും വില്‍ക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. അബ്കാരി കേസുകളില്‍ പിടിയിലാവുന്നത് ഇങ്ങേയറ്റത്തുള്ള വില്‍പ്പനക്കാരന്‍ മാത്രമാണ്. വന്‍കിടക്കാര്‍ രക്ഷപെടുകയാണെന്നും കോടതി പറഞ്ഞു.
കള്ളുവില്‍പനയുടെ പേരിലുള്ള വ്യാജമദ്യ വില്‍പന ചാരായനിരോധത്തെ പരാജയപ്പെടുത്തുന്നതാണെന്നും ഹൈക്കോടതി ജസ്റ്റിസ് സി. എന്‍.രാമചന്ദ്രന്‍ നായരും ജസ്റ്റിസ് ബി.പി.റേയും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കോടതിയുടെ അഭിപ്രായം പരിഗണിച്ച് അടുത്ത സാമ്പത്തിക വര്‍ഷമാകുമ്പോഴേക്ക് സര്‍ക്കാര്‍ വിഷയത്തില്‍ തീരുമാനമെടുക്കണമെന്നാണ് നിര്‍ദേശം.












Click it and Unblock the Notifications