ചരിത്രമെഴുതി ഒബാമ മുന്‍കൂര്‍ വോട്ട് ചെയ്തു

അവസാനവട്ട പ്രചാരണത്തിന്റെ തിരക്കിലായ ഒബാമ വെര്‍ജീനിയയിലെ റിച്ച്‌മോണ്ടില്‍ നിന്നും മടങ്ങുംവഴിയാണ് സ്വന്തം സ്ഥലമായ ഷിക്കാഗോയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് കമ്മ്യൂണിറ്റി സെന്ററില്‍ വോട്ട് രേഖപ്പെടുത്തിയത്. മുന്‍കൂറായി വോട്ട് രേഖപ്പെടുത്താന്‍ കഴിഞ്ഞത് തന്നെ കൂടുതല്‍ ആവേശഭരിതനാക്കുന്നുവെന്ന് ഒബാമ പറഞ്ഞു.
ഈ വോട്ട് അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും തന്റെ വോട്ട് ചരിത്രത്തില്‍ ഇടം നേടിയതില്‍ ആവേശവാനാണെന്നും ഒബാമ പറഞ്ഞു.
തിരക്കേറിയ പ്രചാരണങ്ങള്‍ക്കിടയിലാണു സ്വന്തം സ്ഥലമായ ഷിക്കാഗോയില്‍ എത്തി ബറാക് ഒബാമ വോട്ട് രേഖപ്പെടുത്തിയത്. സന്തോഷവാനായി കാണപ്പെട്ട ഒബാമ തന്റെ വോട്ടിങ് പേപ്പറുകള്‍ ശരിയാക്കുകയായിരുന്ന സ്ത്രീയോട് കുശലാന്വേഷണങ്ങള്‍ നടത്താനും സമയം കണ്ടെത്തി. എല്ലാവര്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കിയശേഷമാണ് വോട്ട് രേഖപ്പെടുത്താനുള്ള ഫോം ഒബാമ വാങ്ങിയത്. പോളിംഗ് ബൂത്തിലുണ്ടായിരുന്ന മുതിര്‍ന്ന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയാണ് ഒബാമയ്ക്ക് ഫോം നല്‍കിയത്.
തിരിച്ചറിയില്‍ രേഖ ആവശ്യപ്പെട്ട ഉദ്യോഗസ്ഥനോട് ഡ്രൈവിങ് ലൈസന്‍സ് കാണിച്ച്അതു താന്‍ തന്നെയാണെന്നും നരച്ച മുടി ഇല്ലാത്തത് കാര്യമാക്കേണ്ടെന്നും തമാശരൂപേണ ഒബാമ പറഞ്ഞു. പേപ്പറുകള്‍ ശരിയാകുന്നതു വരെ ഉദ്യോഗസ്ഥരോട് എത്ര പുതിയ വോട്ടര്‍മാരുണ്ടെന്നു ചോദിച്ചറിയാനും ഒബാമ മറന്നില്ല.
വിധിദിനത്തിന് 12 ദിവസം മാത്രം ശേഷിക്കേ അഭിപ്രായ വോട്ടെടുപ്പുകളില്‍ എതിരാളി റോംനിക്കൊപ്പം ഇഞ്ചോടിഞ്ചു പോരാട്ടത്തിലാണ് പ്രസിഡന്റ് ഒബാമ. നവംബര്‍ ആറിനാണ് അമേരിക്കയില്‍ തിരഞ്ഞെടുപ്പ് ദിനം. അവസാന സംവാദത്തിലെ തകര്‍പ്പന്‍ പ്രകടനവും പ്രചാരണത്തില്‍ ഒബാമയെ സുരക്ഷിതനാക്കിയിട്ടില്ലെന്നാണ് സര്‍വേകള്‍ പറയുന്നത്.
വെളുത്ത വര്‍ഗക്കാര്‍ക്കിടയില്‍ ഒബാമയ്ക്ക് നാലു വര്‍ഷം മുമ്പുണ്ടായിരുന്ന പിന്തുണ കുത്തനെ ഇടിഞ്ഞുവെന്ന അഭിപ്രായസര്‍വെ ഒബാമ ക്യാമ്പില്‍ നിരാശപരത്തിയിട്ടുണ്ട്.












Click it and Unblock the Notifications