കോഴിക്കോട്: വളപട്ടണം സംഭവത്തെ തുടര്‍ന്നുള്ള പോസ്റ്റര്‍ യുദ്ധം അവസാനിയ്ക്കുന്നില്ല. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിച്ച് കോഴിക്കോട്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. സുധാകരനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തുന്ന പോസ്റ്ററുകളില്‍ കളിച്ചാല്‍ സുധാകരനെ കളിപഠിപ്പിക്കുമെന്നും ഭീഷണിയുണ്ട്. പൂഴിമാഫിയയെ സംരക്ഷിക്കാന്‍ പോലീസ് സ്റ്റേഷനില്‍ കയറി ആഭാസം കാണിക്കലാണോ എംപിയുടെയും യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെയും തൊഴിലെന്നും പോസ്റ്ററില്‍ ചോദിക്കുന്നു. തിരുവഞ്ചൂരിന്റെ പൊലീസിനെ അപമാനിക്കുന്ന സുധാകരന്റെ ലക്ഷ്യം രാഷ്ട്രീയ പ്രവര്‍ത്തനമല്ലെന്നും പോസ്റ്ററില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ടൗണിലും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ അനുകൂലിച്ചുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പ്രതികരണവേദിയുടെ പേരില്‍ പതിച്ചിരിക്കുന്ന പോസ്റ്ററുകളില്‍
അനീതിക്കെതിരേ പോരാടി കോണ്‍ഗ്രസിന്റെ മാനം രക്ഷിച്ച നേതാവായാണ് തിരുവഞ്ചൂരിനെ വിശേഷിപ്പിച്ചിരിക്കുന്നത്.
മുന്‍പ് സുധാകരന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസിന്റെ പേരില്‍ കണ്ണൂരിലും തലസ്ഥാന നഗരത്തിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്ന നിലയ്ക്കാണ് തിരുവഞ്ചൂരിന് പിന്തുണ നല്‍കിക്കൊണ്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വളപട്ടണം പൊലീസ് സ്റ്റേഷനില്‍ കയറി കെ സുധാകരന്‍ എസ്‌ഐയോട് അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ടാണ് വിവാദം ഉടലെടുത്തത്.