കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐ ഒ സി സമരം: മലബാറില്‍ രൂക്ഷമായ ഗ്യാസ് ക്ഷാമം

Google Oneindia Malayalam News

LPG
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ മലപ്പുറം ചേളാരി പ്ലാന്റിലെ സമരം തുടരുന്നതിനാല്‍ മലബാറില്‍ പാചകവാതകക്ഷാമം രൂക്ഷമായി. രണ്ടരമാസമായി ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഇതുവരെ സിലിണ്ടര്‍ നല്‍കാന്‍ ഗ്യാസ് ഏജന്‍സികള്‍ക്ക് കഴിയാത്തതിനാല്‍ ഉപഭോക്താക്കള്‍ കടുത്ത പ്രതിസന്ധിയിലാണ്. കണ്ണൂര്‍ ചാലയിലെ ഗ്യാസ് ടാങ്കര്‍ അപകടത്തിന് ശേഷം മലബാറിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഗ്യാസ് വിതരണം കൃത്യമായ നിലയിലല്ല. ടാങ്കര്‍ അപടകത്തിന് ശേഷം ബുള്ളറ്റ് ടാങ്കറുകള്‍ എത്താതിരുന്നത് ഗ്യാസിന്റെ ലഭ്യതക്കുറവിന് കാരണമായപ്പോള്‍ ചേളാരി പ്ലാന്റിലെ കയറ്റിയിറക്ക് തൊഴിലാളികളുടെ സമരം കൂനിന്മേല്‍ കുരു പോലെയായി. സമരം ഒത്തുതീര്‍ക്കാന്‍ മലപ്പുറം ജില്ലാ ഭരണകൂടവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അധികൃതരും തൊഴിലാളി യൂണിയന്‍ നേതാക്കളും പലവട്ടം നടത്തിയ ചര്‍ച്ചകള്‍ക്കവസാനം സമരം ഒത്തുതീര്‍പ്പാക്കിയിരുന്നു. ഇതോടെ ഗ്യാസ് വിതരണം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമങ്ങള്‍ നടക്കുമ്പോഴാണ് വീണ്ടും തൊഴിലാളികള്‍ സമരത്തിനിറങ്ങിയത്.

വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് തൊഴിലാളികള്‍ നടത്തി വന്ന സമരം മലപ്പുറം ജില്ലാ കലക്ടര്‍ ഇടപെട്ടാണ് ഒത്തുതീര്‍പ്പാക്കിയത്. എന്നാല്‍ ചര്‍ച്ചയില്‍ തീരുമാനമായ പ്രകാരമുള്ള വേതനവര്‍ദ്ധനവ് നല്‍കാന്‍ കരാറുകാരന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണ് തൊഴിലാളികള്‍ വീണ്ടും സമരരംഗത്തിറങ്ങിയത്. ഇതോടെ ഗ്യാസുമായി പ്ലാന്റിലെത്തിയ ബുള്ളറ്റ് ടാങ്കറുകളും സിലിണ്ടര്‍ കൊണ്ടുപോകാനെത്തിയ നൂറുകണക്കിന് ലോറികളും റോഡരികില്‍ കിടക്കുകയാണ്. കയറ്റിയിറക്ക് തൊഴിലാളികളുടെ സമരം പൂര്‍ണമായും നിശ്ചലമാക്കിയതോടെ ഗ്യാസ് ക്ഷാമം അതിരൂക്ഷമായിരിക്കുകയാണ്. ഗ്യാസ് നിറച്ച ബുള്ളറ്റ് ടാങ്കറുകള്‍ കൂട്ടത്തോടെ ചേളാരി മുതല്‍ യൂണിവേഴ്‌സിറ്റി വരെയുള്ള റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്നതും അപകടസാധ്യതയുണ്ടാക്കുന്നുണ്ട്. ലോറിയിലെ ജീവനക്കാരും സമരം കാരണം കുടുങ്ങിയിരിക്കുകയാണ്.

മലബാര്‍ മേഖലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഏജന്‍സികളാണ് 70 ശതമാനം ഗ്യാസും വിതരണം ചെയ്യുന്നത്. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലേക്ക് ചേളാരിയില്‍ നിന്നാണ് ഡീലര്‍മാര്‍ക്ക് സിലിണ്ടര്‍ നല്‍കുന്നത്. പാലക്കാട് ജില്ലയുടെ പകുതി സ്ഥലങ്ങളിലും ഇവിടെ നിന്നാണ് ഗ്യാസ് വിതരണത്തിനെത്തുന്നത്. സമരം രൂക്ഷമായതോടെ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ ഇന്ത്യന്‍ കണക്ഷനെടുത്തവര്‍ പ്രതിസന്ധിയിലായി.

ഗ്യാസ് സിലിണ്ടറുകളുടെ എണ്ണത്തിലും അധിക കണക്ഷനുകളിലും കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോട് നഗരവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടുപ്പ് കത്തിക്കാനാകാത്ത സ്ഥിതിയാണുണ്ടായിരിക്കുന്നത്. ഇന്‍ഡക്ഷന്‍ കുക്കറുകളെയാണ് മിക്കവരും ആശ്രയിക്കുന്നത്. ചിലര്‍ മറ്റ് ഗ്യാസ് കമ്പനികളുടെ വാണിജ്യ കണക്ഷനുകള്‍ വന്‍തുക കൊടുത്ത് വാങ്ങിയാണ് വീടുകളില്‍ ഉപയോഗിക്കുന്നത്. പ്രൈവറ്റ് ഗ്യാസ് കമ്പനികളുടെ കണക്ഷനും പലരും എടുക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് വാണിജ്യകണക്ഷനുകളേക്കാള്‍ വിലക്കൂടുതലുമാണ്. എച്ച് പി, ഭാരത് ഗ്യാസ് ഡീലര്‍മാര്‍ക്ക് ഗ്യാസ് ക്ഷാമമില്ലെങ്കിലും ഗ്യാസ് സിലിണ്ടറുകളുടെ എണ്ണത്തില്‍ നിയന്ത്രണം വന്നതോടെ തല്‍ക്കാലം ഗ്യാസ് സിലിണ്ടര്‍ നല്‍കി സഹായിക്കാനും കഴിയാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.

നിലവിലുള്ള കരാറുകാരെ ഒഴിവാക്കി പുതിയ കരാറുകാരെ കണ്ടെത്തി അവര്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷം മാത്രമേ ചേളാരിയിലെ ഗ്യാസ് ഫില്ലിംഗ് പുനരാരംഭിക്കുകയുള്ളൂ. ഇതിന് കുറഞ്ഞത് രണ്ടാഴ്ചത്തെ സമയം കൂടി വേണ്ടിവരും. ഇതോടെ മിക്ക വീടുകളുടെയും അടുക്കള അടച്ചുപൂട്ടേണ്ട സ്ഥിതിയാണുണ്ടാവുക. ചേളാരിയിലെ സമരം തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും പെട്രോളിയം മന്ത്രാലയവും അടിയന്തിരമായി പ്രശ്‌നത്തില്‍ ഇടപെടണമെന്നും സമരം ഒത്തുതീര്‍പ്പാക്കി ഗ്യാസ് സിലണ്ടറുകള്‍ ആവശ്യാനുസരണം വിതരണം ചെയ്യണമെന്നും ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നു. സമരം തുടര്‍ന്നാല്‍ ഐ ഒ സി പ്ലാന്റിലേക്കും ജില്ലാ ആസ്ഥാനങ്ങളിലേക്കും പ്രക്ഷോഭത്തിനിറങ്ങുമെന്ന് വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

English summary
The disruption of LPG cylinder distribution in Malabar is likely to continue as the talks to end the strike at the Indian Oil Corporation (IOC) plant at Chelari failed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X