പോണ്ടി ചദ്ദയുടെ മരണം: ദുരൂഹതയേറുന്നു
ദില്ലി: മദ്യരാജാവ് പോണ്ടി ചദ്ദയും സഹോദരന്‍ ഹര്‍ദീപും വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. ചത്തര്‍പൂരിലെ ഫാം ഹൗസിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇരുവരും പരസ്പരം വെടിയുതിര്‍ക്കുകയായിരുന്നുവെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ചദ്ദയും സഹോദരനും തമ്മില്‍ സ്വത്ത് തര്‍ക്കങ്ങളുണ്ടായിരുന്നില്ലെന്ന് ഇരുവരുടേയും ബന്ധു വെളിപ്പെടുത്തിയതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ഹര്‍ദീപിന്റെ ഭാര്യാപിതാവിന്റെ സഹോദരനായ പരംജിത് സിങ്ങാണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ചത്തപ്പൂരിലെ ഫാം ഹൗസിനെ ചൊല്ലിയുള്ള തര്‍ക്കം തന്റെ മധ്യസ്ഥതയില്‍ തീര്‍ത്തതാണെന്നും പരംജിത് പറയുന്നു.
അതേസമയം വെടിവയ്പ്പ് നടന്ന ചത്തപ്പൂരിലെ ഫാം ഹൗസില്‍ ഫോറന്‍സിക് വിഭാഗമെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് പലരേയും ചോദ്യം ചെയ്‌തെങ്കിലും ഇതുവരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് അറിയുന്നത്.
ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വെടിവയ്പ്പുണ്ടായത്. ചദ്ദയുടെ ദേഹത്ത് നിന്ന് അഞ്ചു വെടിയുണ്ടകള്‍ കണ്ടെടുത്തു. ഹര്‍ദീപിന്റെ ശരീരത്തില്‍ നാലു വെടിയുണ്ടകളാണ് തറഞ്ഞു കയറിയിരുന്നത്.
ഉത്തര്‍പ്രദേശിലെ ഏക മദ്യവ്യവസായിയാണ് ഗുര്‍പ്രീത് ഛദ്ദ എന്നറിയപ്പെടുന്ന പോണ്ടി ഛദ്ദ. മായാവതിയുടെ ഭരണകാലത്താണ് ഇദ്ദേഹം യുപിയില്‍ മദ്യവില്‍പനയ്ക്കുള്ള കുത്തക സ്വന്തമാക്കിയത്. റിയല്‍ എസ്‌റ്റേറ്റ് ബിസിനസും പഞ്ചസാര മില്‍ വ്യവസായവും ചലച്ചിത്ര നിര്‍മാണവും ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ പോണ്ടി ഛദ്ദയ്ക്കുണ്ട്.












Click it and Unblock the Notifications