ഗാസയില്‍ ഇസ്രായേലിന്റെ കൂട്ടക്കൊല
ഗാസ/ജറുസലേം: ഇസ്രായേല്‍ ആക്രമണത്തില്‍ ഗാസ തകര്‍ന്നടിയുന്നു. തുടര്‍ച്ചയാ അഞ്ചാംദിവസവും നടത്തിയ നിഷ്ഠൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ട പലസ്തീന്‍കാരുടെ എണ്ണം 58 ആയെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ജനാധിവാസ കേന്ദ്രത്തില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ മാത്രം 11 പൗരന്മാര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ വൃത്തങ്ങള്‍ അറിയിച്ചു. നാല് പിഞ്ചുകുഞ്ഞുങ്ങളും 81കാരിയായ വൃദ്ധയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. പലസ്തീനെതിരെ തുറന്ന പോര് ആരംഭിച്ചതിന് ശേഷം ഇസ്രായേല്‍ നടത്തുന്ന ഏറ്റവും ശക്തമായ ആക്രമണമായിരുന്നു ഞായറാഴ്ച നടന്നത്.

ചോരപ്പുഴയൊഴുകിയ അക്രമണത്തോടെ യുദ്ധം നിര്‍ത്താന്‍ ഇസ്രായേലിന് മേല്‍ രാജ്യാന്തരസമൂഹത്തിന്റെ സമ്മര്‍ദ്ദം ഏറിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനധിവാസ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമങ്ങളെങ്കിലും ഇസ്രായേലിന് നിര്‍ത്തിവെയ്‌ക്കേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്.
ഗാസയില്‍ നിന്ന് ആക്രമണവാര്‍ത്തകള്‍ പുറംലോകത്തെത്തുന്നത് തടയാന്‍ ഞായറാഴ്ച അന്താരാഷ്ട്ര മാധ്യമങ്ങളുടെ ഓഫീസുകളും തകര്‍ത്തു. ഞായറാഴ്ച പുലരുംവരെയും ആകാശത്തും കടലിലുംനിന്ന് ഇസ്രായേല്‍ രൂക്ഷമായ ആക്രമണം തുടര്‍ന്നു. തുടര്‍ച്ചയായ ആക്രമണം ഗാസയെ പുകപടലത്തിലാക്കി. ആക്രമണത്തില്‍ കെട്ടിടങ്ങള്‍ക്ക് പുറമെ വൈദ്യുതി ഫോണ്‍ ബന്ധങ്ങളും തകര്‍ന്നതോടെ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ് ഗാസ്സ.
ആക്രമണം ഇനിയും ശക്തമാക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞതോടെ കരയുദ്ധത്തിനുള്ള സാധ്യത വര്‍ധിച്ചു. കരയുദ്ധത്തിനു സജ്ജമായി ഗാസ അതിര്‍ത്തിയില്‍ ഇസ്രായേല്‍ സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. വെടിനിര്‍ത്തലിനായി ലോകനേതാക്കള്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടത്തുന്നുണ്ടെങ്കിലും ഇസ്രയേല്‍ വഴങ്ങുന്നില്ല.
ഗാസയെ മധ്യകാലത്തിന്റെ ഇരുണ്ടനാളുകളിലേക്ക് തള്ളുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇസ്രായേല്‍ ആഭ്യന്തരമന്ത്രി എലി യിഷായ് 'ഹാരെറ്റ്‌സ്' ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ആക്രമണം ഉടനെയൊന്നും അവസാനിപ്പിയ്ക്കാന്‍ ഉദ്ദേശമില്ലെന്നാണ് ഇസ്രായേല്‍ നേതാക്കളുടെ പ്രതികരണത്തില്‍ നിന്നും വ്യക്തമാവുന്നത്.












Click it and Unblock the Notifications