ഹൈദരാബാദിന്റെ പ്രഭാവം മങ്ങുന്നു
ദില്ലി: നിക്ഷേപരംഗത്ത് ഹൈദരാബാദ് ബ്രാന്റ് തിരിച്ചടി നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍. നിക്ഷേപങ്ങള്‍ കുറഞ്ഞതോടൊപ്പം പല കമ്പനികളും നഗരം വിടാന്‍ തീരുമാനിച്ചു. ഇതോടെ സംസ്ഥാനം വന്‍ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സംസ്ഥാനത്തിന്റെ സമാധാനന്തരീക്ഷത്തെ കലുക്ഷിതമാക്കുന്ന തെലുങ്കാന പ്രശ്‌നമാണ് ബ്രാന്റ് ഹൈദരാബാദിന് ആദ്യം ഭീഷണി സൃഷ്ടിച്ചത്. തെലുങ്കാന പ്രശ്‌നത്തില്‍ നഗരം ഒട്ടേറെ തവണ കലാപകലുഷിതമായി. ബന്ദും ഹര്‍ത്താലും ഇവിടെ പതിവുസംഭവമമായി. ഇതോടെ കമ്പനികള്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടായി.
എന്നാലിപ്പോള്‍ തെലുങ്കാന പ്രശ്‌നത്തെക്കാള്‍ രൂക്ഷമായ ഊര്‍ജ്ജ പ്രതിസന്ധിയാണ് പ്രധാനമായും കമ്പനികള്‍ക്ക് തിരിച്ചടിയാവുന്നത്.
സംസ്ഥാനത്തെ ഐടി കമ്പനികളില്‍ നാലു മണിക്കൂറാണു പവര്‍കട്ട്. യുഎസ് അടക്കം നിരവധി വിദേശ രാജ്യങ്ങളിലെ കമ്പനികളുമായി സഹകരിച്ചാണ് ഈ ഐടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്. വൈദ്യുതി തടസം ഇവരുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. വൈദ്യുതി ക്ഷാമം മൂലം പ്രവര്‍ത്തനം തടസ്സപ്പെടുന്നമെന്ന കാര്യം ഓര്‍ഡര്‍ തരുന്ന വിദേശകമ്പനികളോട് പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് തങ്ങളെന്ന് ഹൈദരാബാദിലെ ഐടി കമ്പനി അധികൃതര്‍ പറയുന്നു.
ഡീസലില്‍ പ്രവര്‍ത്തിയ്ക്കുന്ന ജനറേറ്ററുകള്‍ അധിക ചെലവും പരിസ്ഥിതി മലിനീകരണവും ഉണ്ടാക്കുമെന്നതാണ് ഐടി കമ്പനികളെ അലട്ടുന്നത്. 14 മാസമായി പവര്‍കട്ട് തുടരുകയാണ്. ജനുവരിയോടെ പവര്‍ കട്ട് സമയം ആറു മണിക്കൂറായി വര്‍ദ്ധിയ്ക്കുമെന്നാണ് സൂചന. ഗ്യാസ്, ജലം എന്നിവയിലാണു സംസ്ഥാനത്തെ മിക്ക ഊര്‍ജ്ജ പദ്ധതികളും പ്രവര്‍ത്തിക്കുന്നത്. ജനറേറ്ററുകളുടെ സഹായം തേടുന്നത് മൂലം പ്രവര്‍ത്തന ചെലവില്‍ 60-70 ശതമാനം വര്‍ദ്ധനയാണ് വന്നിരിയ്ക്കുന്നതെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു.
കാവേരിഗോദാവരി തടത്തിലെ ഗ്യാസ് ഉത്പാദനം കുറഞ്ഞതു ഗ്യാസ് അടിസ്ഥാനമാക്കിയ ഊര്‍ജ്ജ പ്ലാന്റിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു. റിസര്‍വോയറുകളില്‍ ആവശ്യത്തിനു ജലമില്ലാത്തതു മറ്റൊരു പ്രശ്‌നമായി. കല്‍ക്കരിയുടെ ലഭ്യതയും കുറഞ്ഞു.കര്‍ഷകര്‍ക്ക് ഏഴ് മണിക്കൂര്‍ വൈദ്യുതി സൗജന്യമായി നല്‍കുന്ന പദ്ധതിയും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്.
പ്രവര്‍ത്തന ചെലവ് കുത്തനെ ഉയര്‍ന്നതോടെ പല കമ്പനികളും അന്യസംസ്ഥാനങ്ങളിലേക്കു പറിച്ചുനടാനുള്ള ഒരുക്കത്തിലാണ്.












Click it and Unblock the Notifications