നഗ്നയോട്ടം: യുവാവ് കുടുങ്ങിയേക്കും
കൊച്ചി: പട്ടാപ്പകല്‍ കൊച്ചി നഗരത്തില്‍ നഗ്നയോട്ടം നടത്തിയ യുവാവിനെ പൊലീസ് തിരിച്ചറിഞ്ഞതായി സൂചന. എറണാകുളം ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ അവസാന വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥി റോഷനാണ് ഈ സാഹസികനെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് നിരീക്ഷണത്തിലാണെന്നറിഞ്ഞതോടെ കണ്ണൂര്‍ സ്വദേശിയായ ഇയാള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം ലഭിച്ചതായും പൊലീസിന് വിവരം ലഭിച്ചു.
അധ്യാപകനോട് മോശമായി പ്രതികരിച്ചതിന്റെ പേരില്‍ മുന്‍പ് ഇയാളെ പോലീസ് പിടികൂടിയിട്ടുണ്ട്. കോളജില്‍ നിന്നും മുന്‍പ് സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികളും റോഷനെതിരേ ഉണ്ടായിട്ടുണ്ട്.
നഗ്നയോട്ടത്തിന് ശേഷം റോഷനെ ബൈക്കില്‍ കയറ്റി രക്ഷപെടുത്തിയ ലോ കോളജിലെ ലിബി സെബാസ്റ്റ്യന്‍ എന്ന വിദ്യാര്‍ഥിക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ കെ.ജി. ബാലകൃഷ്ണന്‍ രാജിവയ്ക്കുക എന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു തിരക്കേറിയ റോഡിലൂടെയുള്ള യുവാവിന്റെ ഓട്ടം. മുഖം തുണികൊണ്ട് മറച്ച് മഹാരാജാസ് ഗ്രൗണ്ടിന് സമാന്തരമായി നൂറ് മീറ്ററോളം ഓടിയ യുവാവ് പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.
അതിനിടെ നഗ്നയോട്ടം നടത്തിയ യുവാവിനു പിന്തുണയുമായി ലോ കോളജ് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. പ്രതിഷേധത്തിന്റെ വേറിട്ട വഴി കണ്ടെത്തിയ യുവാവിനെ അഭിനന്ദിച്ചു ലോ കോളജ് ക്യാംപസില്‍ ഒരുപറ്റം വിദ്യാര്‍ഥികള്‍ പ്രകടനം നടത്തി. നഗ്നയോട്ടം നടത്തിയ യുവാവ് ലോ കോളജ് വിദ്യാര്‍ഥിയാണെന്ന സംശയം നിലനില്‍ക്കെയാണിത്. 36 വര്‍ഷം മുന്‍പാണ് സമാനമായ സംഭവം കൊച്ചി നഗരത്തിലുണ്ടായത്. അന്ന് ലോ കോളജിലെ നാല് വിദ്യാര്‍ഥികളാണ് നഗ്നരായി ഓടിയത്.












Click it and Unblock the Notifications