സൗദിയില്‍ 90കാരന് 15കാരി വധു

ജീവിതസായാഹ്നത്തിലെത്തിയ ഒരു ധനികനായ വൃദ്ധനാണ് പണം വാരിയെറിഞ്ഞ് പ്രായപൂര്‍ത്തിയാവാത്ത ഒരു പെണ്‍കുട്ടിയെ സ്വന്തമാക്കിയത്. അല്‍ അറേബ്യ ചാനലാണ് ഈ വിവാഹവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്.
17500 ഡോളര്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കി നടത്തിയ വിവാഹം നിയമപരമായി നിലനില്‍ക്കുന്നതാണെന്നാണ് പുതുമണവാളന്റെ വാദമെന്ന് ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാല്‍ വിവാഹത്തിന് ശേഷം ഭാര്യയെ ഒന്ന് നേരാവണ്ണം കാണാന്‍ പോലും മണവാളന് സാധിച്ചില്ല. ഭര്‍ത്താവിനെ കണ്ട് ഭയന്നു പോയ പെണ്‍കുട്ടി ആദ്യ രണ്ട് രാത്രികളും മുറിയില്‍ കയറി അടച്ചിരിയ്ക്കുകയായിരുന്നുവെന്ന് കുടുംബസുഹൃത്തുക്കള്‍ പറയുന്നു. മൂന്നാം ദിവസം ആരും കാണാതെ പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് ഒളിച്ചോടുകയും ചെയ്തു.
സ്ത്രീധനമായി നല്‍കിയ തുക തിരികെ നല്‍കുകയോ ഭാര്യയെ വിട്ടുതരികയോ ചെയ്തില്ലങ്കില്‍ കേസ് കൊടുക്കുമെന്നാണ് മണവാളന്‍ ഇപ്പോള്‍ ഭാര്യവീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
വിവാഹക്കച്ചവടത്തില്‍ പ്രതിഷേധിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അധികൃതര്‍ എത്രയും പെട്ടെന്ന് ഇടപെടണമെന്ന് സൗദി നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അംഗം സുഹെയ്‌ല സെയ്ന്‍ അല്‍ അബദീന്‍ ആവശ്യപ്പെട്ടു.
ഇസ്ലാമില്‍ വിവാഹമെന്നത് പരസ്പര ധാരണപ്രകാരമാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ നിന്നും വ്യക്തമാവുന്നത് അവര്‍ക്ക് ഈ ബന്ധത്തില്‍ താത്പര്യമില്ലെന്നാണ്. ഇങ്ങനെയൊരു വിവാഹക്കച്ചവടത്തില്‍ ഏര്‍പ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കളും ഇതിന് ഉത്തരവാദികളാണെന്ന് സുഹെയ്‌ല കുറ്റപ്പെടുത്തി. സംഭവത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രതിക്ഷേധം വ്യാപകമായിട്ടുണ്ട്.












Click it and Unblock the Notifications