സൂര്യനെല്ലി കേസ് ഹൈക്കോടതി വിധി റദ്ദാക്കി

ഹൈക്കോടതി വിധിയില്‍ ഞെട്ടല്‍ പ്രകടിപ്പിച്ച സുപ്രീംകോടതി കേസ് ഹൈക്കോടതിയില്‍ തന്നെ പുനര്‍വിചാരണ നടത്തണമെന്നും ഉത്തരവിട്ടു.
ആറ് മാസത്തിനകം കേസ് തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളുടെയും ജാമ്യവും റദ്ദാക്കിയ പരമോന്നത നീതിപീഠം പ്രതികളോടെല്ലാം മൂന്നാഴ്ചക്കകം കീഴടങ്ങാനും നിര്‍ദേശിച്ചു. ഇവര്‍ക്ക് വേണമെങ്കില്‍ പിന്നീട് ജാമ്യം നേടാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.
2005 നവംബര്‍ 11 നാണ് സുപ്രീംകോടതി സര്‍ക്കാരിന്റെ അപ്പീല്‍ ഫയലില്‍ സ്വീകരിച്ചത്. 1996 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 40 ദിവസത്തോളം പീഡിപ്പിച്ച കേസില്‍ 35 പ്രതികളാണ് ഉണ്ടായിരുന്നത്. പ്രധാന പ്രതി ധര്‍മരാജന് വിചാരണക്കോടതി ജീവപര്യന്തം തടവ് വിധിച്ചെങ്കിലും ഹൈക്കോടതി അത് അഞ്ച് വര്‍ഷം തടവും 50000 രൂപ പിഴയുമാക്കി ചുരുക്കിയിരുന്നു.
ഹൈക്കോടതി വിധിക്കെതിരെ 2005 ല്‍ തന്നെ സുപ്രീംകോടതിയില്‍ പെണ്‍കുട്ടി സമര്‍പ്പിച്ച ഹര്‍ജിയാണ് എട്ട് വര്‍ഷത്തിന് ശേഷം ഇപ്പോള്‍ പരിഗണിക്കുന്നതും ഹൈക്കോടതി വിധി റദ്ദാക്കി പുനര്‍വിചാരണക്ക് ഉത്തരവിടുന്നതിലേക്കും എത്തിച്ചേര്‍ന്നിരിക്കുന്നത്.
പീഡനക്കേസുകളുടെ വിചാരണയ്ക്ക് പ്രത്യേക ബഞ്ചിന്റെ പ്രവര്‍ത്തനം തുടങ്ങുമെന്ന് അറിയിച്ച ദിവസം തന്നെയാണ് പ്രമാദമായ പെണ്‍വാണിഭക്കേസില്‍ വിധി വന്നുവെന്നത് ശ്രദ്ധേയമാണ്. അടുത്ത തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനം തുടങ്ങുന്ന ഡിവിഷന്‍ ബഞ്ചില്‍ ജസ്റ്റിസ്. ടി.ആര്‍.രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ്.എ.വി. രാമകൃഷ്ണപ്പിള്ള എന്നിവരാണ് ഉള്‍പ്പെടുന്നത്. സിംഗിള്‍ ബഞ്ച് ജഡ്ജിയായി ജസ്റ്റിസ്. പി.ഭവദാസന്‍ സ്ഥാനമേല്‍ക്കും. പീഡനക്കേസുകളുടെ വിചാരണയ്ക്കായി രാജ്യത്ത് ആദ്യമായി പ്രത്യേക ബെഞ്ച് സ്ഥാപിക്കുന്നത് കേരളത്തിലാണ്.












Click it and Unblock the Notifications