കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അല്‍വാര്‍ കേസ്: പിടികിട്ടാപ്പുള്ളി പിടിയില്‍

  • By Super
Google Oneindia Malayalam News

Bitty Mohanty
കണ്ണൂര്‍: 2006ല്‍ കോളിളക്കമുണ്ടാക്കിയ അല്‍വാര്‍ പീഡനക്കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിയ്ക്കപ്പെട്ട കുറ്റവാളി ബിട്ടി മൊഹന്തി കണ്ണൂരില്‍ പിടിയിലായി. ഒറീസയിലെ മുന്‍ ഡിജിപി ബിന്ദുഭൂഷണ്‍ മൊഹന്തിയുടെ മകനാണ് ഇയാള്‍. ഒന്‍പത് മാസമായി ആള്‍മാറാട്ടം നടത്തി കണ്ണൂരില്‍ ഒരു പൊതുമേഖലാ ബാങ്കില്‍ ജോലിചെയ്തുവരുകയായിരുന്നു ഇയാള്‍. വെള്ളിയാഴ്ച രാത്രിയോടെ പഴയങ്ങാടി പൊലീസാണ് ഇയാളെ അറസ്റ്റുചെയ്തത്. തളിപ്പറമ്പ് കോടതിയില്‍ഹാജരാക്കിയശേഷം ഇയാളെ രാജസ്ഥാന്‍ പൊലീസിന് കൈമാറും. വിവാദമായ കേസായതിനാല്‍ രാജസ്ഥാനില്‍ നിന്നും പ്രത്യേക സംഘം ബിട്ടിയെ കൊണ്ടുപോകാനായി കേരളത്തിലേയ്ക്ക് വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

2006 മാര്‍ച്ച് 21ന് രാജസ്ഥാനിലെ ഹോട്ടല്‍ മുറിയിലിട്ട് ഇരുപത്തിയൊന്നുകാരിയായ ജര്‍മന്‍ യുവതിയെ ബലാത്സംഗം ചെയ്തുവെന്നാണ് ബിറ്റിയുടെ പേരിലുള്ള കേസ്. അതിവേഗകോടതി 23 ദിവസം കൊണ്ടാണ് വിചാരണ പൂര്‍ത്തിയാക്കി ബിറ്റിക്ക് ഏഴുവര്‍ഷം കഠിനതടവ് വിധിച്ചത്. എന്നാല്‍ സ്വാധീനം ഉപയോഗിച്ച് നവംബര്‍ നാലിന് ഇയാള്‍ 15 ദിവസത്തെ പരോളിലിറങ്ങുകയും മുങ്ങുകയുമായിരുന്നു. പിന്നീട് ഇയാളെ കണ്ടെത്താന്‍ പോലീസിനായിട്ടില്ല. 2006 ഡിസംബറില്‍ ഇയാളെ പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. ഒറീസ, രാജസ്ഥാന്‍ പോലീസ് സംയുക്തമായി ഇയാള്‍ക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് ഇയാള്‍ പിടിയിലായിിരക്കുന്നത്.

മകനെ രക്ഷപ്പെടാന്‍ സഹായിച്ചതിനു പിതാവു ബിന്ദു ഭൂഷണ്‍ മൊഹന്തിയെ( ബി.ബി. മൊഹന്തി) രാജസ്ഥാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒറീസയിലെ ഹോംഗാര്‍ഡ് ഡിജിപിയായിരുന്ന അദ്ദേഹത്തെ പിന്നീടു സര്‍വീസില്‍ നിന്നു പുറത്താക്കുകയും ചെയ്തു. പരോള്‍ അനുവദിച്ചതിനു പിന്നിലും പിതാവിന്റെ സ്വാധീനമാണെന്ന് ആരോപണമുണ്ടായിരുന്നു.

ബിട്ടിയുടെ മുങ്ങല്‍ വിവാദമായതിനെ തുടര്‍ന്നു പൊലീസ് പലതവണ പ്രത്യേക അന്വേഷണ സംഘങ്ങളുണ്ടാക്കിയെങ്കിലും കണ്ടെത്താനായില്ല. അടുത്തിടെ ദില്ലി പീഡനത്തിന്റെ പശ്ചാത്തലത്തില്‍ ബിട്ടിയുടെ രക്ഷപ്പെടല്‍ വീണ്ടും ചര്‍ച്ചയായതാണ് ഇ്‌പ്പോഴെങ്കിലും ഇയാളെ കണ്ടെത്താന്‍ സഹായിച്ചത്.

പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ പഴയങ്ങാടി ശാഖയില്‍ ആന്ധ്രാ സ്വദേശിയെന്ന പേരില്‍ പ്രൊബേഷനറി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു ഇയാള്‍. ഇതിനിടെ കഴിഞ്ഞ ദിവസം ജില്ലയിലെ ബാങ്ക് ശാഖയിലേക്ക് ഇയാള്‍ ബിട്ടി മൊഹന്തിയാണെന്ന വിവരം സൂചിപ്പിച്ച് ഊമക്കത്തു വന്നു.

ആന്ധ്രാ സ്വദേശിയെന്ന പേരില്‍ അവിടെ ജോലി ചെയ്യുന്ന യുവാവു യഥാര്‍ഥത്തില്‍ ഒഡിഷക്കാരനാണെന്നും ബിട്ടി മൊഹന്തി എന്നാണു ശരിയായ പേര് എന്നുമായിരുന്നു കത്തില്‍. അല്‍വാര്‍ പീഡനക്കേസിനെക്കുറിച്ചു യൂട്യൂബിലും ഇന്റര്‍നെറ്റിലുമുള്ള വാര്‍ത്തകളില്‍ പ്രസിദ്ധീകരിച്ച ബിട്ടിയുടെ ഫോട്ടോയെക്കുറിച്ചും കത്തില്‍ സൂചനയുണ്ടായിരുന്നു.

ഇതനുസരിച്ച് ബാങ്ക് അധികൃതര് ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചപ്പോള്‍ ഇയാള്‍ ബിട്ടിതന്നെയാണെന്ന സംശയം ബലപ്പെട്ടു. ഇക്കാര്യങ്ങള്‍ മനസിലാക്കിയ ബിട്ടി ഊമക്കത്തും കൈക്കലാക്കി വ്യാഴാഴ്ച രാത്രിയോടെ മുങ്ങുകയായിരുന്നു. പിന്നീട് പൊലീസ് നടത്തിയ തിരച്ചിലിലാണ് ഇയാള്‍ വലയിലായത്. വ്യാജരേഖ ചമച്ച് ജോലി നേടല്‍, ആള്‍മാറാട്ടം നടത്തി ജോലിയില്‍ പ്രവേശിയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ പഴയങ്ങാടി പൊലീസ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

ഇയാള്‍ കണ്ണൂരിലെത്തിയിട്ട് ഏറെക്കാലമായെന്നാണ് സൂചന. കണ്ണൂര്‍ ചാല ചിന്മയ കോളജില്‍ നിന്ന് എംബിഎ പാസായിട്ടുണ്ട്. ആന്ധ്ര പുട്ടപര്‍ത്തി സ്വദേശി രാജീവ് രാജിന്റെ മകന്‍ രാഘവ് രാജ് എന്ന പേരിലാണ് ഇവിടെ കഴിഞ്ഞത്. കണ്ണൂരിലെ താമസസ്ഥലം എവിടെയെന്ന് അടുത്ത ദിവസം വരെ ബിട്ടി മൊഹന്തി ആരോടും വ്യക്തമായി വെളിപ്പെടുത്തിയിരുന്നില്ല.

ഒന്നിലേറെ സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നു. ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ ഇടക്കിടെ വന്‍തുകകള്‍ നിക്ഷേപിക്കപ്പെട്ടിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഒന്‍പതു മാസം മുന്‍പാണു ബാങ്കില്‍ ജോലിക്കു ചേര്‍ന്നത്. രണ്ടാഴ്ചയായി ബാങ്കിന് അടുത്ത് മറ്റൊരു സഹപ്രവര്‍ത്തകന്റെ ഒപ്പമായിരുന്നു ഇയാളുടെ താമസം.

English summary
Bitty Mohanty, the absconding son of former Orissa DGP BB Mohanty was been arrested Friday evening from Kannur in Kerala,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X