Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം, സാക്ഷികളുടെ കൂറുമാറ്റം തലവേദനയാകുന്നു

TP Murder Case
കോഴിക്കോട്: കോളിളക്കം സൃഷ്ടിച്ച ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സാക്ഷികള്‍ കൂറുമാറുന്നത് തലവേദനയായതോടെ കൂറുമാറാന്‍ ഇടയുണ്ടെന്ന കരുതുന്ന സാക്ഷികളെയെല്ലാം പ്രോസിക്യൂഷന്‍ ഒഴിവാക്കുന്നു. ചൊവ്വാഴ്ച നടന്ന വിസ്താരത്തിലടക്കം ഇതുവരെ 11 പേരാണ് പ്രതിഭാഗത്തിന് അനുകൂലമായി മൊഴി മാറ്റി കൂറുമാറിയത്.

ഇതോടെ സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം കേസിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കാന്‍ ഇടയുള്ളതിനാലാണ് കേസ് വിസ്താരം നടക്കുന്ന കോടതിയുടെ അനുമതിയോടെ പുതിയ സാക്ഷിപ്പട്ടിക നല്‍കാന്‍ പ്രോസിക്യൂഷന്‍ ഒരുങ്ങുന്നത്. പുതിയ പട്ടിക വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കേസില്‍ ദൃക്‌സാക്ഷികള്‍ ഉള്‍പ്പെടെ 284 സാക്ഷികളുടെ പട്ടികയാണ് കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ നല്‍കിയിരുന്നത്.

കേസിന്റെ ബലത്തിനായി അന്വേഷണ സംഘം അപ്രധാന സാക്ഷികളെപ്പോലും ഉള്‍പ്പെടുത്തിയിരുന്നു. കേസില്‍ ഉള്‍പ്പെട്ട സിപിഎം നേതാക്കളെ രക്ഷപ്പെടുത്താന്‍ പാര്‍ട്ടി ശക്തമായ ഇടപെടല്‍ നടത്തുമെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നിട്ടും കേസിന് ബലം കിട്ടാന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയവര്‍ കൂട്ടത്തോടെ കൂറുമാറാന്‍ തയ്യാറായത് അന്വേഷണ സംഘത്തെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്.

ഈ അവസ്ഥയിലാണ് സാക്ഷി പട്ടികയില്‍നിന്ന് കൂറുമാറാന്‍ സാധ്യതയുള്ളവരെയും അപ്രധാന സാക്ഷികളെയും ഒഴിവാക്കി പുതുക്കിയ പട്ടിക വ്യാഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കുന്നത്. അമ്പതോളം പേരെയാണ് കൂറുമാറുമെന്ന കണക്കുകൂട്ടലില്‍ സാക്ഷിപ്പട്ടികയില്‍ നിന്നും ഇപ്പോള്‍ ഒഴിവാക്കുന്നത്. വിചാരണാ നടപടികള്‍ ത്വരിതപ്പെടുത്താനും സമയനഷ്ടം ഒഴിവാക്കാനുമാണിതെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നതെങ്കിലും സാക്ഷികളുടെ കൂട്ടത്തോടെയുള്ള കൂറുമാറ്റം കേസിന്റെ ഗതിയെതന്നെ മാറ്റിമറിക്കുമെന്നതാനാലാണ് പ്രോസിക്യൂഷന്‍ ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്ന് വ്യക്തമാണ്. കേസില്‍ 37 സാക്ഷികളെയാണ് ഇതുവരെ വിസ്തരിച്ചത്. ഇതില്‍ 11 പേര്‍ കൂറുമാറി. ഇതുവരെ കൂറുമാറിയവരെല്ലാം സി പി എമ്മിന്റെ കോട്ടകളായ പാര്‍ട്ടി ഗ്രാമങ്ങളിലുള്ളവരോ സിപിഎം അംഗങ്ങളോ അണികളോ ആണ്.

കേസിനു ബലം കിട്ടാന്‍ ഒരേ കാര്യം സാക്ഷ്യപ്പെടുത്താന്‍ ഒന്നിലധികം പേരെ പ്രോസിക്യൂഷന്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇവരെയും മൈസൂരിലും മറ്റും പ്രതികളെ പിടികൂടാന്‍ പോയപ്പോള്‍ പോലിസ് തയ്യാറാക്കിയ മഹസ്സറില്‍ ഒപ്പുവെച്ചവര്‍ ഉള്‍പ്പെടെ അപ്രധാന സാക്ഷികളെയും ഒഴിവാക്കിയാവും പുതിയ പട്ടിക സമര്‍പ്പിക്കുന്നത്. സി പി എമ്മുകാരെയും ദുര്‍ബല സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥര്‍ മഹസ്സറില്‍ ഒപ്പിടാന്‍ ഉപയോഗിച്ചിരുന്നു.

പുതിയ പട്ടിക തയ്യാറാക്കി നല്‍കാമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ ശ്രീധരന്‍ അറിയിച്ചപ്പോള്‍ വ്യാഴാഴ്ച തന്നെ നല്‍കുകയാണെങ്കില്‍ സമന്‍സ് അയക്കുന്നതിനും മറ്റും അതായിരിക്കും കൂടുതല്‍ സൗകര്യപ്രദമെന്ന് ജഡ്ജി ആര്‍ നാരായണ പിഷാരടി ചൂണ്ടിക്കാട്ടി. അതോടെ വ്യാഴാഴ്ച തന്നെ പുതുക്കിയ സാക്ഷിപ്പട്ടിക തയ്യാറാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ചൊവ്വാഴ്ച വിസ്തരിച്ച രണ്ടു മഹസര്‍ സാക്ഷികളും കൂറുമാറി. 36ാം സാക്ഷി പള്ളൂര്‍ ചെമ്പ്ര പുതുക്കുടി വി സജിത്, 37ാം സാക്ഷി കൂത്തുപറമ്പ് എരുപെട്ടി കുഞ്ഞിക്കണ്ണന്‍ പറമ്പിച്ചാല്‍ വീട്ടില്‍ എം ചന്ദ്രന്‍ എന്നിവരാണ് മാറാട് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ പ്രതികള്‍ക്കനുകൂലമായി മൊഴി തിരുത്തിയത്.

കൂത്തുപറമ്പ് സി പി എം ഓഫിസിലും പ്രതികള്‍ ഒളിവില്‍ കഴിഞ്ഞിടത്തും പോലിസ് തിരച്ചില്‍ നടത്തിയപ്പോള്‍ തയ്യാറാക്കിയ മഹസ്സറില്‍ ഒപ്പുവച്ചവരാണിവര്‍. കൊടി സുനിയുമായി പോലിസ് സംഘം തെളിവെടുപ്പ് നടത്തിയതിന്റെ മഹസര്‍ സാക്ഷിയായിരുന്നു വി സജിത്. പ്രതികള്‍ ഒളിച്ച് താമസിച്ച കൂത്തുപറമ്പ് സി പി എം ഏരിയാ കമ്മിറ്റി ഓഫിസില്‍ തെളിവെടുപ്പ് നടത്തിയതിന്റെ മഹസര്‍ സാക്ഷിയാണ് എം ചന്ദ്രന്‍.

എന്നാല്‍ പോലിസ് തയ്യാറാക്കിയ മഹസറില്‍ ഒപ്പിട്ടിട്ടില്ലെന്ന് രണ്ട് സാക്ഷികളും കോടതിയില്‍ മൊഴി നല്‍കി. ഇരുവരും നേരത്തെ പോലിസിന് മുമ്പാകെ നല്‍കിയ മൊഴികളെല്ലാം കോടതിയില്‍ മാറ്റിപ്പറഞ്ഞു. ഇതോടെ ഈ കേസില്‍ കൂറുമാറിയവരുടെ എണ്ണം 11 ആയി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+