വാടക ഭാര്യ,വിദേശികള്‍ക്ക് ഹൈദരാബാദ് സ്വര്‍ഗ്ഗം

മുസ്ലീം ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദേശികളായ പുരുഷന്മാര്‍ക്ക് പണം വാങ്ങി ഒരു മാസത്തേയ്ക്കും മറ്റും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഭാര്യമാരായി നല്‍കുന്ന രീതി ആന്ധ്രയില്‍ പലേടത്തും വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഡാനില്‍ നിന്നുള്ള ഒരു മധ്യവയസ്‌കന് തന്നെ ഒരുമാസത്തേയ്ക്ക് വിവാഹം ചെയ്തുകൊടുക്കാനുള്ള മാതാപിതാക്കളുടെ തീരുമാനത്തെത്തുടര്‍ന്ന് വീട്ടില്‍ നിന്നും രക്ഷപ്പെട്ട ഒരു കൗമാരക്കാരിയുടെ കഥ റിപ്പോര്‍ട്ടില്‍ പറയുന്നു.
100000 രൂപയ്ക്കാണ് പ്രായപൂര്‍ത്തിയാകാത്ത മകളെ സുഡാന്‍ കാരന് വെറും 4ആഴ്ചത്തെ കരാറില്‍ വിവാഹം ചെയ്തുകൊടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറായത്. ഇതിനായി മാതാപിതാക്കളുടെ നിര്‍ബ്ബന്ധം സഹിക്കവയ്യാതെയാണ് കുട്ടി വീടുവിട്ടതത്രേ. ഹൈദരാബാദിലെത്തുന്ന പണക്കാരായ വിദേശികള്‍ക്കുവേണ്ടി ഇത്തരത്തില്‍ ഹ്രസ്വകാല വിവാബന്ധങ്ങള്‍ തരപ്പെടുത്തിക്കൊടുക്കാന്‍ സര്‍ക്കാര്‍ നിയമിക്കുന്ന മുസ്ലീം പുരോഹിതന്മാരാണ് മുന്‍കയ്യെടുക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ദാരിദ്രത്തില്‍ കഴിയുന്ന മുസ്ലീം കുടുംബങ്ങളെയാണ് ഇത്തരത്തില്‍ ചതിക്കുഴികളിലേയ്‌ക്കെത്തിയ്ക്കുന്നത്. പണത്തിന് മുന്നില്‍ വഴങ്ങുകയല്ലാതെ പട്ടിണിപ്പാവങ്ങള്‍ക്ക് തരമില്ലാതാകുന്നു.
സുഡാനില്‍ നിന്നെത്തിയ ഒരു എണ്ണക്കമ്പനി ഉദ്യോഗസ്ഥന് വേണ്ടി തന്റെ ബന്ധുവായ സ്ത്രീയാണ് തന്നെ ഹോട്ടലില്‍ കൊണ്ടുപോയതെന്നും അപ്പോള്‍ അവിടെ തന്നെപ്പോലെ മറ്റ് മൂന്ന് പെണ്‍കുട്ടികളുണ്ടായിരുന്നുവെന്നും രക്ഷപ്പെട്ട പെണ്‍കുട്ടി പറയുന്നു. ഇതില്‍ രണ്ട് പെണ്‍കുട്ടികളെ ഉസാമ ഇബ്രാഹിം മുഹമ്മദ് എന്ന 44കാരന്‍ നേരത്തേ വിവാഹം ചെയ്തതാണത്രേ. പെണ്‍കുട്ടിയെ കണ്ടിഷ്ടപ്പെട്ട ഇയാള്‍ പിന്നീട് ഈ കുട്ടിയുടെ വീട്ടിലെത്തുകയും ഖാസി വിവാഹച്ചടങ്ങുകള്‍ നിര്‍വ്വഹിയ്ക്കുകയും ചെയ്യുകയായിരുന്നുവെന്ന് പെണ്‍കുട്ടിയെ ഉദ്ദരിച്ചുകൊണ്ട് പത്രവാര്‍ത്തയില്‍ പറയുന്നു.
കുട്ടിയുടെ ബന്ധുവായ സ്ത്രീയ്ക്ക് സുഡാന്‍കാരന്‍ കുട്ടിയെ വിവാഹം ചെയ്യാനായി ബന്ധുവായ സ്ത്രീയ്ക്ക് 100,000 രൂപയാണ് നല്‍കിയതെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് ഇന്‍സ്‌പെക്ടര്‍ വിജയ് കുമാര്‍ പറയുന്നു. ഇതില്‍ നിന്നും 70000 രൂപ ഈ സ്ത്രീ കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. വിവാഹം നടത്തിയ പുരോഹിതന് 5000 രൂപയും സുഡാന്‍ കാരനുമായി ആശയവിനിമയം നടത്താനായി സഹായിച്ച ഉറുദു ഭാഷാപരിവര്‍ത്തകന് 5000രൂപയും നല്‍കിയശേഷം ബാക്കി 20000 രൂപ സ്ത്രീ സ്വന്തം കൂലിയായി കയ്യില്‍ സൂക്ഷിയ്ക്കുകയും ചെയ്തു. വരന്റെ അവധിക്കാലം കഴിയുന്നതോടെ വിവാഹബന്ധം ഇല്ലാതാകുമെന്ന് കാണിയ്ക്കുന്ന തലാഖ്‌നാമ കൂടി ഉള്‍പ്പെടുത്തിയ ഒരു വിവാഹസര്‍ട്ടിഫിക്കറ്റും തയ്യാറാക്കിയിട്ടുണ്ട്.
വിവാഹത്തിന്റെ പിറ്റേന്ന് വരന്‍ വധുവിന്റെ വീട്ടിലെത്തുകയും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ ശ്രമിക്കുകയും ചെയ്തുവത്രേ. എന്നാല്‍ ഇത് നിരസിച്ച പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു. റോഡില്‍ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കുട്ടിയെ രക്ഷിച്ചത്. സുഡാന്‍ കാരനെയും വിവാഹം നടത്താന്‍ കൂട്ടുനിന്നവരെയും പൊലീസ് അരസ്റ്റുചെയ്തിട്ടുണ്ട്.












Click it and Unblock the Notifications