പൊതുതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് രണ്ട് സീറ്റ്!
ബാംഗ്ലൂര്‍: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അടിസ്ഥാനമാക്കി വിശകലനം ചെയ്യുകയാണെങ്കില്‍ അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ നിന്നും ബിജെപിക്ക് ലോകസഭയിലെത്തിക്കാന്‍ കഴിയുക വെറും രണ്ട് എംപിമാരെ മാത്രം. നിലവില്‍ പാര്‍ട്ടിക്ക് 28 എംപിമാരുണ്ടെന്ന കാര്യം കൂടി പരിഗണിക്കുമ്പോഴാണ് പാര്‍ട്ടിക്കേറ്റ അപചയത്തിന്റെ ആഴം വ്യക്തമാവുക.
കര്‍ണാടക ജനതാപാര്‍ട്ടിയും ബിഎസ്ആര്‍ കോണ്‍ഗ്രസും വേര്‍പിരിഞ്ഞു പോയതാണ് ഈ കണക്കിന് കാരണമാകുന്നുവെന്ന് കണക്കുകൂട്ടിയാല്‍ അതും തെറ്റും. യെഡിയൂരപ്പയുടെയും ശ്രീരാമലുവിന്റെയും പാര്‍ട്ടികള്‍ നേടിയ വോട്ടുകള്‍ കൂടി കൂട്ടി പരിഗണിച്ചാല്‍ ബിജെപിക്ക് ഏഴ് സീറ്റു കൂടി അധികം കിട്ടും. മൊത്തം ഒമ്പത് സീറ്റ് കിട്ടാനുള്ള സാധ്യതയാണ് അപ്പോഴുള്ളത്.

നിയമസഭയുടെ വോട്ടിങ് പാറ്റേണ്‍ അടിസ്ഥാനമാക്കി ടൈംസ് ഓഫ് ഇന്ത്യയാണ് ബിജെപിയെ ഞെട്ടിയ്ക്കുന്ന ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ബിജെപിക്ക് ഉറപ്പുള്ള രണ്ട് ലോകസഭാ സീറ്റുകള്‍ ഏതൊക്കെയാണെന്നല്ലേ? ബെല്‍ഗാമും ചിക്കൊടിയും. ഹസ്സന്‍, മാണ്ഡ്യ, കോലാര്‍, തുങ്കൂര്‍ സീറ്റുകള്‍ ജനതാദള്‍ എസ് പിടിച്ചെടുക്കും. ബാക്കിയുള്ളതു മുഴുവന്‍ കോണ്‍ഗ്രസിനുള്ളതാണെന്ന് ചുരുക്കം.
ചുരുങ്ങിയത് പത്ത് മണ്ഡലത്തിലെങ്കിലും ബിജെപി രണ്ടാം സ്ഥാനത്തെത്താനുള്ള സാധ്യതയുണ്ട്. കെജെപി സീറ്റൊന്നും നേടാന്‍ കഴിയില്ലെങ്കിലും ബിദാര്‍, ചാമരാജ് നഗര്‍, ദേവനഗരെ, ഹവേരി എന്നിവിടങ്ങളില്‍ രണ്ടാം സ്ഥാനത്തെത്തും. ബെല്ലാരിയില്‍ ശ്രീരാമലുവിന്റെ പാര്‍ട്ടിയായിരിക്കും രണ്ടാം സ്ഥാനത്തുണ്ടാവുക. കണക്കുകള്‍ ഞെട്ടിക്കുന്നതാണെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ മാനദണ്ഡം വേറെയായിരിക്കുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications