പ്രതിച്ഛായമോശമായ മന്ത്രിസഭയിലേക്ക് ചെന്നിത്തലയില്ല
തിരുവനന്തപുരം: മന്ത്രിസഭാ പുനസഘടന സംബന്ധിച്ച ആലോചന മുറുകവെ, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല മന്ത്രിയാകുന്നതിനെ കുറിച്ച് ഐ ഗ്രൂപ്പില്‍ പുനരാലോചന. പ്രതിച്ഛായ മോശമായി നില്‍ക്കുന്ന മന്ത്രിസഭയില്‍ ചെന്നിത്തല തത്കാലം ചേരേണ്ടെന്നാണ് ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം അഭിപ്രായപ്പെടുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരെ ഈ സ്ഥിതി തുടരട്ടെ എന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.
ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തെ നേരിട്ട് വിലയിരുത്തുന്ന ഈ ഫലം മോശമായാല്‍ അതിന്റെ പാപഭാരം കൂടി വഹിക്കേണ്ടെന്ന ചിന്ത ഈ വാദത്തിന് ബലം പകരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ടതല്ല, മറിച്ച സോളാര്‍ വിവാദവുമായി ബന്ധപ്പെട്ടതാണ്. ചെന്നിത്തല മന്ത്രിസഭയിലേക്ക് വരുന്നത് കൊണ്ട് ഈ പ്രശ്‌നം തീരുന്നില്ലെന്ന വിലയിരുത്തലാണ് ഐ ഗ്രൂപ്പിന്.

രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്ക് വരാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിസഭാ പുനസംഘടന വിഷയം വീണ്ടും സജീവമാവുന്നത്. ഇത് വീണ്ടും ചെന്നിത്തലയെ അപമാനിക്കാന്‍ ഇടവരുത്തും എന്ന ആശങ്കയും ഐ ഗ്രൂപ്പിനുണ്ട്. അതേ സമയം ഹൈക്കമാന്റെിന്റെ നിര്‍ദ്ദേശം വന്നാല്‍ ചെന്നിത്തലയ്ക്ക് മാറിനില്‍ക്കാനും കഴിയില്ല. ഉപമുഖ്യമന്ത്രി സ്ഥാനം വേണ്ടെന്ന് വച്ചതുകൊണ്ട് ആഭ്യന്തരം തന്നെ ചെന്നിത്തലയ്ക്ക് നല്‍കേണ്ടിവരും.
ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായാണ് ഹൈക്കമാന്റുമായി മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ചര്‍ച്ച നടത്തുന്നത്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് നിരവധി കോണ്‍ഗ്രസ് നേതാക്കന്മാരുടെയും മന്ത്രിമാരുടെയും പേരുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നതും പാര്‍ട്ടിയുടെ മറ്റൊരു തലവേദനയാണ്.












Click it and Unblock the Notifications