ആംആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ചൂല്‍
ദില്ലി: ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായി 'ചൂല്‍ 'തെരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചു. തങ്ങളുടെ ചിഹ്നമായി ചൂല്‍ നല്‍കണമെന്ന് പാര്‍ട്ടി വക്താക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആഗസ്റ്റ് 3 ന് ചേരുന്ന പാര്‍ട്ടി യോഗത്തില്‍ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് ചിഹ്നം പ്രഖ്യാപിയ്ക്കപ്പെടും. ദില്ലി നിയമസഭാതെരഞ്ഞടുപ്പില്‍ വിജയം തൂത്തുവാരാനൊരുങ്ങിയിരിയ്ക്കുകയാണ് അരവിന്ദ് കെജ്രിവാളും സംഘവും. തങ്ങളുടെ ചിഹ്നമായി ചൂല്‍ തെരഞ്ഞെടുത്തതിന് പിന്നില്‍ പല ഉദ്ദേശങ്ങളുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു. ഒന്നാമത്തെതായി വന്‍ തൊഴിലാളി സാന്നിദ്ധ്യത്തെക്കുറിയ്ക്കാനും രണ്ടാമതായി അഴിമതിയെ തുടച്ച് മാറ്റും എന്ന് ഓര്‍മ്മപ്പെടുത്താനും. ജൂലൈ 31 നാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ എഎപിയുടെ ചിഹ്നമായി ചൂല്‍ അംഗീകരിച്ചത്.

2012 നവംബറിലാണ് ആംആദ്മി പാര്‍ട്ടി രൂപീകരിയ്ക്കുന്നതും അരവിന്ദ് കെജ്രിവാളിനെ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറായി തെരഞ്ഞെടുത്തതും. അഴിമതി വിരുദ്ധസമരങ്ങളിലൂടെ ഉണ്ടായ കൂട്ടായ്മയില്‍ രൂപീകരിയ്ക്കപ്പെട്ട പാര്‍ട്ടി അതിന്റെ പ്രവര്‍ത്തനം ആരംഭിച്ചത് മുതല്‍ തന്നെ രാജ്യത്തെ രണ്ട് പ്രബല രാഷ്ട്രീയ ശക്തികളായ കോണ്‍ഗ്രസിനും ബിജെപിയ്ക്കും മേല്‍ കടുത്ത അഴിമതി ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.
ദില്ലിയിലെ 70 നിയോജക മണ്ഡലങ്ങളിലും ചൂല്‍ അടയാളത്തിലായിരിക്കും എഎപി മത്സരിയ്ക്കുക. ദില്ലി രാഷ്ട്രീയത്തില്‍ വേരുറപ്പിച്ച് പ്രബലരെ പിന്നിലാക്കാനുള്ള ശ്രമങ്ങളിലാണ് എഎപി. അഴിമതി തുടച്ച് മാറ്റുകയാണ് തങ്ങളുടെ പരമപ്രധാനമായ ഉദ്ദേശമെന്നാണ് പാര്‍ട്ടി നേതാക്കള്‍ തെരഞ്ഞെടുപ്പ പ്രചാരണ പരിപാടികളില്‍ ഉദ്‌ഘോഷിയ്ക്കുന്നത്.












Click it and Unblock the Notifications