• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചാണ്ടിയുടെ വിവാദമായ 13 ചോദ്യങ്ങള്‍

തിരുവനന്തപരം: സെക്രട്ടേറിയറ്റ് വളയല്‍ സമരം നടത്തുന്ന പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചോദിച്ചത് 13 ചോദ്യങ്ങളാണ്. ഇതിന് ഒരു സാധാരണക്കാരന്റെ പ്രതികരണമാണ് ചുവടെ

1) പിടിച്ചെടുക്കല്‍ സമരത്തിലൂടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ ബന്ദിയാക്കി സര്‍ക്കാരിനെ അട്ടിമറിക്കുകയല്ലേ പ്രതിപക്ഷത്തിന്റെ ലക്ഷ്യം?

* അത് ഇത്ര പെട്ടെന്ന് താങ്കള്‍ക്ക് എങ്ങനെ മനസ്സിലായി? അല്ലെങ്കിലും 'അട്ടി മറി' അല്ലേ ഇപ്പോഴത്തെ പ്രതിപക്ഷത്തിന്റെ പ്രധാന പരിപാടി.

2)സെക്രട്ടേറിയറ്റ് നിശ്ചലമാകുമ്പോള്‍, കാലവര്‍ഷ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഓണക്കാല നടപടികളും ക്ഷേമവികസന പ്രവര്‍ത്തനങ്ങളും സ്തംഭിപ്പിക്കാനല്ലേ പ്രതിപക്ഷം ശ്രമിക്കുന്നത്?

* 2011 മേയ് 18 മുതല്‍ ജനക്ഷേമ പരിപാടികള്‍ ഇടവേളയില്ലാതെ ചെയ്യുകയല്ലേ. അത് രണ്ടോ മൂന്നോ ദിവസം സ്തംഭിച്ചതുകൊണ്ട് വലിയ പ്രശ്നം ഉണ്ടാവുമോ?

3) രൂക്ഷമായ കാലവര്‍ഷക്കെടുതി നേരിടുമ്പോള്‍, സര്‍വകക്ഷിസംഘം ഡല്‍ഹിക്ക് പോകാമെന്ന പ്രതിപക്ഷ നേതാവിന്റെ നിര്‍ദേശം പോലും അട്ടിമറിച്ച് സമരത്തിന് കൊണ്ടുപിടിച്ച തയാറെടുപ്പ് നടത്തിയത് ജനകീയ ആവശ്യങ്ങളെ തൃണവത്കരിക്കുന്ന സമീപനമല്ലേ?

* അത് പ്രശ്നമാക്കണ്ട, വിമാനത്തിലെ ബിസിനസ് ക്ലാസില്‍ തന്നെ ടിക്കറ്റ് ഉറപ്പാക്കികൊള്ളൂ. എല്ലാ കക്ഷി അംഗങ്ങളും വരും അതിന് പ്രശ്നം ഒന്നും ഉണ്ടാവില്ല.

4) കേരളത്തിന്റെ സമരചരിത്രത്തില്‍ ഇതാദ്യമായി സെക്രട്ടേറിയറ്റിന്റെ എല്ലാ ഗേറ്റുകളും അനിശ്ചിതകാലത്തേക്ക് നിര്‍ബന്ധിതമായി അടപ്പിച്ച് ഒരാളെപ്പോലും കയറ്റില്ലെന്ന് പ്രതിപക്ഷം പ്രഖ്യാപിച്ചത് ജനങ്ങളോടും ജനാധിപത്യവ്യവസ്ഥിതിയോടുമുള്ള വെല്ലുവിളിയല്ലേ? തീവ്രവാദികളും വിഘടനവാദികളും സ്വീകരിക്കുന്ന അനിശ്ചിതകാല സ്തംഭനമുറകള്‍ ഇടതുപക്ഷത്തിന് എങ്ങനെ സ്വീകരിക്കാനാകും?

* പ്രതിപക്ഷം തീവ്ര നടപടി എടുത്താല്‍ പാവം ജനങ്ങളെ അതില്‍ നിന്ന് രക്ഷിയ്ക്കേണ്ട മുഖ്യമന്ത്രി ഇങ്ങനെ പരിദേവനം നടത്തുന്നത് ജനങ്ങള്‍ക്ക് കാണണ്ട. അതിനല്ല താങ്കളെ മുഖ്യമന്ത്രിയായി അവരോധിച്ചത്.

5) ഇടതുപക്ഷം നടത്തിയ കുടുംബശ്രീ സമരം, രാപ്പകല്‍ സമരം, ഭൂസമരം, പങ്കാളിത്ത പെന്‍ഷന്‍ സമരം തുടങ്ങിയവയെല്ലാം പരാജയപ്പെട്ട പശ്ചാത്തലത്തിലല്ലേ, സര്‍ക്കാരിനെ ലക്ഷംപേരെ വെച്ച് വളഞ്ഞുവീഴ്ത്താന്‍ ശ്രമിക്കുന്നത്?

* കുടുംബശ്രീയും രാപ്പകലും പരാജയപ്പെട്ടെന്ന് കണ്ടെത്തിയതിന് സ്തുതി. രണ്ട് ദിവസം കൂടി കാത്തിരുന്നാല്‍ ഇവര്‍ക്ക് പശ്ചാത്താപമാണോ അതോ കണ്ടക ശനിയാണോ എന്ന് നമ്മുടെ മുഖ്യമന്ത്രിയ്ക്ക് കണ്ടെത്താനാവും.

6) ഏകാധിപതികളെയും പട്ടാളമേധാവികളെയും നിഷ്‌കാസനം ചെയ്യാന്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന സമരമുറയല്ലേ ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍, ഇടതുപക്ഷം ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്?

* ഇത് പാവം പ്രതിപക്ഷത്തോട് എന്തിനാണ് ചോദിയ്ക്കുന്നത്. പഴയ പത്രങ്ങളോ ചരിത്ര പുസ്തകങ്ങളോ വായിച്ച് മനസ്സിലാക്കാന്‍ ശ്രമിയ്ക്കൂ, വിമോചന സമര ചരിത്രവും വായിയ്ക്കുന്നതില്‍ തരക്കേടില്ല.

7) ഒരു രൂപപോലും സര്‍ക്കാരിന് നഷ്ടപ്പെടാത്ത സോളാര്‍ കേസിനെതിരെ നടത്തുന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത് ലാവ്‌ലിന്‍ കേസില്‍ 374 കോടി രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിയെന്ന് സി.ബി.ഐ കണ്ടെത്തിയ കേസിലെ പ്രതിയാണെന്നത് എന്തൊരു വിരോധാഭാസമാണ്?

* സര്‍ക്കാരിന് നഷ്ടമുണ്ടായെങ്കില്‍ മാത്രമേ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് - പ്രതിപക്ഷത്തിന് നീതി ആവശ്യപ്പെടാനാവൂ എന്നത് ഇപ്പോള്‍ മനസ്സിലാക്കി തന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് നന്ദി. ഇനി ഏതിനൊക്കെ പ്രക്ഷോഭം നടത്താമെന്ന് താങ്കളോട് ചോദിച്ച് തിട്ടപ്പെടുത്തിയ ശേഷം മാത്രമേ അതിന് ഇറങ്ങി തിരിയ്ക്കുകയുള്ളു.

8) 2008ല്‍ ആരംഭിച്ച സോളാര്‍ തട്ടിപ്പുകേസില്‍ ഇടതുഭരണത്തില്‍ 14 കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും നടപടിയുണ്ടായില്ല. എന്നാല്‍, യു.ഡി.എഫ് സര്‍ക്കാര്‍ രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം അന്തിമഘട്ടത്തിലെത്തിച്ചത് തട്ടിപ്പുകാരോട് രണ്ടു സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന സമീപനത്തിന്റെ മാറ്റുരയ്ക്കുന്നതല്ലേ?

* ഈസര്‍ക്കാരിന്റെ സമീപനം വളരെ നല്ലതാണ്. സോളാര്‍ തട്ടിപ്പിലെ ഒരു പ്രധാന പ്രതിയായ ജോപ്പനെ തട്ടിപ്പ് നടത്തിയ സ്ഥലമായ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു തവണ പോലും പൊലീസ് തെളിവെടുപ്പിന് കൊണ്ടുവരാതെ അന്വേഷണം നടത്തിയില്ലേ..

9) ആഗസ്ത് 15 ന് സെക്രട്ടേറിയറ്റിനോടു ചേര്‍ന്നുള്ള പോലീസ് ഗ്രൗണ്ടില്‍ നടത്തേണ്ട സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിന്റെ ശോഭ സമരംമൂലം കെട്ടാല്‍ നാടിന് എന്തൊരു നാണക്കേടായിരിക്കും അത്?

* ഈ ഭരണത്തിന്‍ കീഴില്‍ ഇതുവരെ ജനങ്ങള്‍ക്കും സര്‍ക്കാരിനും ഒരു നാണക്കേടും ഉണ്ടാകാത്തതുകൊണ്ട് ഈ വന്‍ നാണക്കേടുണ്ടാകാനുള്ള സാദ്ധ്യത പ്രതിപക്ഷം സൃഷ്ടിയ്ക്കരുത്.

10) പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നടിയുമെന്ന് സൂചന ലഭിച്ചതിന്റെ പശ്ചാത്തലത്തില്‍ മാത്രമല്ലേ ഈ പ്രാകൃതമായ സമരം?

* കേരളത്തില്‍ സെക്രട്ടേറിയേറ്റ് സമരം സംഘടിപ്പിച്ച് പശ്ചിമ ബംഗാളില്‍ ആളെകൂട്ടുന്ന സിപിഎം തന്ത്രം ഇത്ര പെട്ടെന്ന് എങ്ങനെയാണ് മുഖ്യമന്ത്രിയ്ക്ക് മനസ്സിലായത്. ഇത്രയും ബുദ്ധി താങ്കള്‍ക്ക് ഉണ്ടെന്ന് ഇപ്പോഴാണ് മനസ്സിലായത്.

11) പത്തുകോടി രൂപ തട്ടിച്ച സോളാര്‍ സംഭവത്തിനെതിരെ ഒരു ലക്ഷം പേരുടെ രാപ്പകല്‍ സമരം നടത്താന്‍ വിളിച്ചിരിക്കുകയാണ്. ഇതിന് ഒരു ദിവസം എത്ര കോടി രുപ ചെലവുവേണ്ടിവരുമെന്ന് സി.പി.എം വെളിപ്പെടുത്തുമോ? ഇതും ജനങ്ങളുടെ പണം തന്നെയല്ലേ?

* ഈ പണം നല്‍കിയ പാവം ജനങ്ങളെ കണ്ടെത്തി അവരില്‍ നിന്ന് പരാതി എഴുതി വാങ്ങാനോ നേരിട്ട് മജിസ്ടേട്ടിന് പരാതിനല്‍കാനോ മുഖ്യമന്ത്രി നടപടി സ്വീകരിയ്ക്കണം.

12) ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് ആരും ആക്ഷേപം ഉന്നയിക്കാതിരിക്കുകയും മുഖ്യമന്ത്രിക്ക് ഇതില്‍ പങ്കില്ലെന്നു വ്യക്തമാകുകയും ചെയ്ത സാഹചര്യത്തില്‍ എന്തിനുവേണ്ടിയാണ് ഈ സമരം?

* പൊലീസ് അന്വേഷണത്തിനായി ജോപ്പനെ മുഖ്യമന്ത്രിയുടെ (അതായത് ജോപ്പന്‍ തട്ടിപ്പ് നടത്തി എന്ന് ആരോപിയ്ക്കപ്പെടുന്ന സ്ഥലത്ത്) എന്താണ് കൊണ്ടുവരാത്തതിനെക്കുറിച്ച് ഇതാ ആരോപണം ഉന്നയിച്ചിരിയ്ക്കുന്നു. ഇനിയോ?

13) മുഖ്യമന്ത്രി രാജിവെയ്ക്കാതെ സെക്രട്ടേറിയറ്റ് പ്രവര്‍ത്തിപ്പിക്കുകയില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ പ്രസ്താവിച്ച സാഹചര്യത്തില്‍ നിയമവാഴ്ച ഉറപ്പുവരുത്താനും ഭരണസ്തംഭനം ഒഴിവാക്കാനും പ്രവര്‍ത്തിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലേ?

* എല്‍ഡിഎഫ് നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഒരു പഠന ക്ലാസ് നടത്തിയാലെന്താ?

English summary
Chief Minister asked 13 questions to opposition. Common man's reactions to those questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more