ലഷ്‌കര്‍ ഭീകരന്‍ അബ്ദുള്‍ കരീം തുണ്ട പിടിയില്‍

ഇന്ത്യയിലെ 21 കേസുകളില്‍ പിടികിട്ടാപ്പുള്ളിയാണ് തുണ്ട.ദില്ലി, പാനിപ്പറ്റ്, സോനെപറ്റ്, ലുധിയാന, കാണ്‍പൂര്‍ വരാണസി തുടങ്ങി നാല്‍പതില്‍ പരം ബോംബ് സ്‌ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനായിരുന്നു അബ്ദുള്‍ കരീം തുണ്ട. 1996 നും 1998 നും മധ്യേ നടന്ന ഈ സ്‌ഫോടനങ്ങളില്‍ 21 പേര്‍ മരിക്കുകയും നാനൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
2010 ല്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിനിടെ വലിയ ബോംബാക്രമണ പദ്ധതി തുണ്ട ആസൂത്രണം ചെയ്തിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ കൂട്ടാളികളില്‍ പലരും പിടിയിലായതോടെ പദ്ധതി ഉപേക്ഷിക്കുകയായിരുന്നുവത്രെ.
1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിലും തുണ്ടക്ക് പങ്കുള്ളതായാണ് വിവരം. പോലീസിന്റെ പിടിയലാകുമ്പോള്‍ തുണ്ടയുടെ കയ്യില്‍ കഴിഞ്ഞ ജനുവരിയില്‍ ലഭിച്ച പാകിസ്താന്‍ പാസ്‌പോര്‍ട്ടും ഉണ്ടായിരുന്നു. വ്യാജപേരിലാണ് പാസ്‌പോര്‍ട്ട് നേടിയിരിക്കുന്നത്.
മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യക്ക് കൈമാറാന്‍ പാകിസ്താനോട് ആവശ്യപ്പെട്ട പ്രതികളില്‍ 15 ാം സ്ഥാനക്കാരനാണ് തുണ്ട്. മുംബൈ ഭീകരാക്രമത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ഹാഫിസ് സയീദിന്റെ ഏറ്റവും അടുത്ത ആളുകളില്‍ ഒരാണ് പിടിയിലായ അബ്ദുള്‍ കരീം തുണ്ട.
1980 കളില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ സ്വാധീനവലയത്തില്‍ പെട്ടാണ് ഇയാള്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതെന്നാണ് സൂചന. ബോംബ് നിര്‍മാണത്തില്‍ പരിശീലനം നേടിയ തുണ്ട പിന്നീട് ഇതില്‍ വിദഗ്ധനായി. മുംബൈ സ്‌ഫോടന പരമ്പരക്ക് ശേഷം ബംഗ്ലാദേശിലേക്ക് കടന്ന തുണ്ട അവിടെവച്ചാണ് ലഷ്‌കര്‍ മേധാവി സാക്കി ഉര്‍ റഹ്മാന്‍ ലഖ്വിയുടെ കീഴില്‍ എത്തുന്നത്. തുടര്‍ന്ന് ഇയാള്‍ ലഷ്‌കറിന്റെ പ്രധാന ബോംബ് നിര്‍മാണ വിദഗ്ധനായി.
2000 ല്‍ തുണ്ട മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് നിര്‍ത്തിവക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2005 ല്‍ ലഷ്‌കര്‍ നേതാവായ അബ്ദുള്‍ റസാക്ക് മസൂദ് ദുബായില്‍ വച്ച് പിടിയിലായപ്പോഴാണ് തുണ്ട ജീവനോടെയുള്ള കാര്യം പോലീസിന് വ്യക്തമായത്.
തുണ്ട എന്ന പേര് വികലാംഗന്‍ എന്നാണ് അര്‍ത്ഥമാക്കുന്നത്. ബോബ് ഉണ്ടാക്കുന്നതിനിടെ സ്‌ഫോടനത്തില്‍ ഇടത് കൈ നഷ്ടപ്പെട്ടതിന് ശേഷമാണ് സയ്യിദ് അബ്ദുള്‍ കരീം, അബ്ദുള്‍ കരീം തുണ്ട ആയത്. കോടതിയില്‍ ഹാജരാക്കിയ തുണ്ടയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.












Click it and Unblock the Notifications