'വിപ്രോ'യില്‍ ജോലി, ആഡംബര ജീവിതം, ഗ്രൂപ്പുണ്ടാക്കി പാട്ട് മത്സരം.. അതിസമര്‍ത്ഥരായ ദമ്പതികള്‍ പിടിയില്‍
കാസര്‍കോട്: തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ദമ്പതികള്‍ പിടിയില്‍. തിരുവനന്തപുരം ആനയറ സ്വദേശി എസ്. ശരണ്യയും ഭര്‍ത്താവ് പാലക്കാട് സ്വദേശി മനുവും ആണ് തൊഴില്‍ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയത്. ശരണ്യയുടെ രണ്ടാം ഭര്‍ത്താവ് ആണ് മനു. വിപ്രോയില്‍ മാനേജര്‍ ആണ് എന്ന് പറഞ്ഞായിരുന്നു ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് പണം തട്ടിയെടുത്തത്.
വിപ്രോയില്‍ ജോലി എന്ന് മോഹിച്ച് ഉദ്യോഗാര്‍ത്ഥികള്‍ ഇവരുടെ തട്ടിപ്പില്‍ വീഴുകയും ചെയ്തു. തട്ടിപ്പ് നടത്തിയ പണം കൊണ്ട് ആഡംബര ജീവിതം നയിക്കുകയായിരുന്നു ശരണ്യയും മനുവും. ഫേസ്ബുക്കില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയാണ് ഇവര്‍ പലരില്‍ നിന്നും പണം തട്ടിയെടുത്തത്. അഭിഷേക് എന്ന വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി ചെറുവത്തൂര്‍ തിമിരി സ്വദേശിയായ സ്ത്രീയുമായി ഫേസ്ബുക്കില്‍ സൗഹൃദം സ്ഥാപിച്ചു.

പിന്നീട് സമാനമായി നിരവധി പേര്‍ ചേര്‍ത്ത് ഗ്രൂപ്പ് ഉണ്ടാക്കുകയും അതുവഴി പാട്ട് മത്സരം സംഘടിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് പലരുടേയും വിശ്വാസം പിടിച്ച് പറ്റാന്‍ ഇവര്‍ക്കായത്. പിന്നീട് ചെറുവത്തൂര്‍ തിമിരി സ്വദേശിയുടെ മകന് ജോലി വാഗ്ദാനം ചെയ്തു. അതില്‍ വീണ തിമിരി സ്വദേശി പലപ്പോഴായി ദമ്പതികള്‍ക്ക് നാല് ലക്ഷം രൂപയാണ് അയച്ച് കൊടുത്തത്. എന്നാല്‍ പണം കൊടുത്തിട്ടും ഇന്റര്‍വ്യൂവിന് പോലും വിളിച്ചില്ല.
ഇതോടെ ഇവര്‍ കാര്യമന്വേഷിച്ച് വിളിക്കാനും വഴക്കുണ്ടാക്കാനും തുടങ്ങി. പിന്നാലെ പൊലീസില്‍ പരാതി നല്‍കി. ചീമേനി എസ് ഐ കെ അജിത സെപ്തംബര്‍ 10 ന് ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്തു, അപ്പോഴാണ് ഇവര്‍ അഭിഷേക് അല്ല ശരണ്യയും മനുവും ആണെന്ന് മനസിലാക്കുന്നത്. എന്നാല്‍ ജാമ്യം കിട്ടുന്ന കേസായതിനാല്‍ പിന്നീട് ഹാജരാകാന്‍ പറഞ്ഞ് നോട്ടീസ് നല്‍കി അന്ന് ഇവരെ വിട്ടയച്ചു.
എന്നാല്‍ പിന്നീട് ഇവര്‍ സ്ഥലം വിടുകയായിരുന്നു. എറണാകുളം മൂഴിക്കുളം എന്ന സ്ഥലത്ത് താമസിച്ചിരുന്ന ശരണ്യയും മനുവും ശരണ്യയുടെ അച്ഛനും അമ്മയും സഹോദരനും മൂന്ന് മക്കളും കൂടി നാട് വിടുകയായിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നത് അറിഞ്ഞ ഇവര്‍ സ്‌കൂളിലെ കുട്ടികളുടെ പഠനംം നിര്‍ത്തി മുങ്ങുകയായിരുന്നു. ശരണ്യയുടെ ഒരു കുട്ടിക്ക് ഓട്ടിസം ഉണ്ട്.
എന്നാല്‍ ഈ കുട്ടിയുടെ പേരിലും പണം വാങ്ങി തട്ടിപ്പ് നടത്തിയിട്ടുണ്ട് എന്നാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ദമ്പതികള്‍ ആലുവ വെസ്റ്റ് പൊലീസ് പരിധിയില്‍ ഉണ്ടെന്ന് അറിഞ്ഞ് ചീമേനി പൊലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല. ചെന്നൈയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അവിടെ നിന്നും മുങ്ങിയത്. പിന്നീട്. മൊബൈല്‍ ഫോണിലെ കോള്‍ ഹിസ്റ്ററിയും മറ്റു പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ആലപ്പുഴയില്‍ നിന്ന് കുടുക്കിയത്.












Click it and Unblock the Notifications