കൊവിഡിനിടെ ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി വിശ്വാസികൾ: നല്ലകാലത്തേക്ക് പുതിയ പ്രതീക്ഷകളുമേന്തി വിശ്വാസികൾ
ആലപ്പുഴ: കൊറോണ വൈറസ് ഭീതിയിൽ നിൽക്കുമ്പോഴും ക്രിസ്തുമസിനെ വരവേൽക്കാനൊരുങ്ങി ലോകമെമ്പാടുമുള്ള ജനങ്ങൾ. ലോക്ക്ഡൌണിനെ തുടർന്ന് അടഞ്ഞുകിടന്ന പള്ളികളിൽ നിയന്ത്രണങ്ങളോടെ മാത്രമാണ് വിശ്വാസികൾക്ക് പ്രവേശനമുള്ളത്. എന്നാൽ പ്രതീക്ഷകളോടെയാണ് വിശ്വാസി സമൂഹം ഈ ക്രിസ്തുമസ് കാലത്തെ നോക്കിക്കാണുന്നത്. ആലപ്പുഴ ജില്ലയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ആലപ്പുഴ രൂപതയിലുൾപ്പെടുന്ന അർത്തുങ്കൽ ബസലിക്കയിലും കൊവിഡ് മാനദണ്ഡങ്ങളോടെ തന്നെ ക്രിസ്തുമസ് ആഘോഷിക്കാനാണ് തീരുമാനം.
സാധാരണനിലയിൽ ക്രിസ്തുുമസ് ദിനത്തിൽ രാത്രി നടക്കുന്ന കുർബാനയിൽ പങ്കെടുക്കുന്നതിനായി ദൂരസ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ എത്താറുണ്ടായിരുന്നു. തിരുനാളുകളിലെ ആളുകളുടെ സാന്നിധ്യം കൊണ്ട് പ്രശസ്തമാണ് ഈ ക്രിസ്തീയ ദേവാലയം. എന്നാൽ കൊവിഡ് നിയന്ത്രങ്ങൾ പ്രാബല്യത്തിലുള്ളത് കൊണ്ട് തന്നെ ഇവിടെയെത്തുന്ന വിശ്വാസികളുടെ എണ്ണവും കുത്തനെ കുറഞ്ഞിട്ടുണ്ട്.

മകരപ്പെരുന്നാൾ എന്നറിയപ്പെടുന്ന വിശുദ്ധ സെബസ്റ്റ്യാനോസിന്റെ പെരുന്നാളാണ് ഇവിടെ പ്രധാനപ്പെട്ടത്. ജനുവരി പത്തിന് ആരംഭിക്കുന്ന തിരുനാളിൽ പങ്കെടുക്കുന്നതിനായി ജാതി- മത- ദേശ മന്യേ നിരവധി പേരാണ് എത്തിച്ചേരാറുള്ളത്. തിരുന്നാൾ ദിനത്തിലെ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്ന ജനങ്ങളാണ് ഇതിനുള്ള തെളിവ്. ഐതിഹ്യങ്ങൾ കൊണ്ടും വിശ്വാസങ്ങൾ കൊണ്ടും നിരവധി പ്രത്യേകതകളാണ് അർത്തുങ്കൽ പള്ളിക്കുള്ളത്.
ഇവിടത്തെ സെബസ്റ്റ്യാനോസിന്റെ പ്രധാന തിരുസ്വരൂപം കടൽക്ഷോഭത്തിൽപ്പെട്ട് തീരത്തടിഞ്ഞ കപ്പലിൽ നിന്ന് ലഭിച്ചതാണ്. മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനാകാത്ത വിധം ഈ സ്വരൂപം പ്രദേശത്ത് ഉറച്ചുപോയെന്നാണ് വിശ്വാസം. കൊവിഡ് നീങ്ങി പുതിയൊരു കാലം വരുമെന്ന പ്രതീക്ഷയിലാണ് ഇത്തവണത്തെ ക്രിസ്തുമസ് കടന്നുവരുന്നത്.












Click it and Unblock the Notifications