മഴക്കെടുതി: കാന്‍സറിനു പിന്നാലെ പ്രളയവും, ദുരിതാശ്വാസ ക്യാംപില്‍ ആശങ്കകളോടെ രാജേഷ്
ആലപ്പുഴ: കാന്‍സറില്‍ നിന്ന് കരകയറുമ്പോഴായിരുന്നു രാജേഷിന്റെ(39)ജീവിതത്തില്‍ പ്രഹരമായി പ്രളയമെത്തിയത്. വാടകവീട്ടിലേക്ക് കായല്‍ വെള്ളം ഇരച്ചു കയറിപ്പോഴാണ് രാജേഷും കുടുംബവും ദുരിതാശ്വാസ ക്യാംപിലേക്ക് പലായനം ചെയ്തത്. കാന്‍സര്‍ ബാധിതനായ പുന്നമട കേളഞ്ചേരി വീട്ടില്‍ ആര്‍.രാജേഷും രോഗിയായ അമ്മ രത്‌നവും അനുജന്‍ രാഹുലുമാണ് ഇപ്പോള്‍ ആര്യാട് ഗവ.വോക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നത്.
1500 ലധികം ആളുകള്‍ അഭയം തേടിയിരിക്കുന്ന ക്യാംപില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പ്രത്യേക പരിഗണനകളൊന്നുമില്ലാതെ നിലത്ത് പായയിലാണ് രാജേഷിന്റെ ഇടം. പത്ത് മാസം മുന്‍പാണ് രാജേഷിനു കാന്‍സര്‍ സ്ഥിരീകരിച്ചത്. ജീവന്‍രക്ഷിക്കാന്‍ ചികിത്സയ്ക്കായി സഹായം തേടിയിരുന്ന രാജേഷിന്റെ കഥ പല മാധ്യമങ്ങളിലും പ്രസിദ്ധീകരിച്ചിരുന്നു.

രണ്ട് മാസത്തിനു മുന്‍പ് മൂത്രനാളിയില്‍ രണ്ട് ശസ്ത്രക്രിയകള്‍ കഴിഞ്ഞ ശേഷം രാജേഷിനു പൂര്‍ണ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുകയായിരുന്നു. ആഴ്ചയില്‍ രണ്ടായിരം രൂപയുടെ മരുന്നും മൂന്നു ദിവസത്തില്‍ ഒരു ഇ!ഞ്ചക്ഷനും തുടര്‍ ചികിത്സയുടെ ഭാഗമായി പാലിച്ചു പോവുകയായിരുന്നു. ഇപ്പോള്‍ മരുന്നും ഇഞ്ചക്ഷനും മുടങ്ങിയിരിക്കുകയാണ്. വിശ്രമത്തിലായിരിക്കെ നിനച്ചിരിക്കാതെ വാടവീട്ടില്‍ വെള്ളം കയറി ദുരിതാശ്വാസ ക്യാംപിലേക്ക് മാറേണ്ടി വന്നത് രാജേഷിന്റെ ജീവനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് കുടുംബം. വീട്ടില്‍ മുട്ടോളം വെള്ളമെത്തിയപ്പോഴാണ് വാടകവീട്ടില്‍ നിന്നും കാംപിലേക്ക് രാജേഷും കുടുംബവും അഭയം പ്രാപിച്ചത്.












Click it and Unblock the Notifications