ബൈജു രവീന്ദ്രന്റെ തകർച്ചയ്ക്ക് കാരണക്കാരൻ ആര്? കൃത്യമായ ഉത്തരം നൽകി അൺ അക്കാദമി സിഇഒ
ഇന്ത്യൻ സ്‌റ്റാർട്ടപ്പ് വിപണിയിൽ വലിയ ചലനങ്ങൾ സൃഷ്‌ടിച്ച കമ്പനിയായിരുന്നു ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിൽ വലിയ ഉയരങ്ങൾ കീഴടക്കിയ ബൈജൂസ് പക്ഷേ പൊടുന്നനെ നിലംപതിക്കുകയായിരുന്നു. സ്‌റ്റാർട്ടപ്പ് കമ്പനികളിൽ രാജ്യത്ത് തന്നെ ഏറ്റവും മൂല്യമേറിയ കമ്പനിയായിരുന്നു ബൈജൂസ്. എന്നാൽ ഇപ്പോൾ അവരുടെ സ്ഥിതി പരിതാപകരമാണ്, തകർച്ചയുടെ വക്കിലാണ് കമ്പനി.
ഈ തിരിച്ചടിയുമായി ബന്ധപ്പെട്ട കാരണങ്ങളെ കുറിച്ച് ചർച്ചകൾ പലവഴിക്ക് സജീവമാണ്. അതിനിടയിലാണ് ഇപ്പോൾ ഇക്കാര്യത്തിൽ കൃത്യമായ നിരീക്ഷണവുമായി ബൈജൂസിന്റെ മുഖ്യ എതിരാളിയായ അൺ അക്കാദമിയുടെ സഹ സ്ഥാപകനും സിഇഒയുമായ ഗൗരവ് മുഞ്ജൽ രംഗത്ത് വന്നിരിക്കുകയാണ്.

ബൈജു രവീന്ദ്രന്റെ ധാർഷ്ട്യമാണ് പ്രധാനപ്പെട്ട കാരണങ്ങളിൽ ഒന്നായി മുഞ്ജൽ വിലയിരുത്തുന്നത്. ആര് പറഞ്ഞാലും കേൾക്കാത്ത ബൈജു രവീന്ദ്രന്റെ നയങ്ങളാണ് കമ്പനിയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് മുഞ്ജൽ ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ ബൈജു രവീന്ദ്രന്റെ നിലമറന്നുള്ള ബിസിനസ് രീതികൾ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇത് തന്നെയാണ് മുഞ്ജലും ഇപ്പോൾ തുറന്നുപറയുന്നത്.
"ആരും പറയുന്നത് കേൾക്കാത്തതിനാലാണ് ബൈജു പരാജയപ്പെട്ടത്. അവൻ സ്വയം ഒരു പീഠത്തിൽ കയറി ഇരുന്നു, എല്ലാവരെയും കേൾക്കുന്നത് നിർത്തി. അതൊരിക്കലും ചെയ്യരുത്. ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല. എല്ലാവരേയും കേൾക്കണമെന്നല്ല, പക്ഷേ നിങ്ങൾക്ക് കൃത്യമായ പ്രതികരണം നൽകാൻ കഴിയുന്ന ആളുകളുമുണ്ടാവും" എക്‌സിൽ പങ്കിട്ട പോസ്‌റ്റുകളുടെ ഒരു പരമ്പരയിൽ മുഞ്ജൽ വ്യക്തമാക്കി.
"എപ്പോഴും നിങ്ങൾക്ക് ഇഷ്‌ടപ്പെടുന്ന രീതിയിൽ ആയിരിക്കില്ല ഈ ഫീഡ്‌ബാക്കുകൾ, പക്ഷേ ആ ഫീഡ്‌ബാക്ക് മനസിലാക്കി അതിന് പിന്നിൽ പ്രവർത്തിക്കേണ്ടതുണ്ട്" മുഞ്ജൽ കൂട്ടിച്ചേർത്തു. കഴിഞ്ഞ രണ്ട് വർഷത്തോളമായി തനിക്ക് കിട്ടിയ അനുഭവങ്ങളിൽ നിന്നും പാഠങ്ങളിൽ നിന്നുമൊക്കെ ഉൾക്കൊണ്ട കാര്യങ്ങൾ മുഞ്ജൽ തന്റെ പോസ്‌റ്റിലൂടെ ചൂണ്ടിക്കാട്ടി.
അതേസമയം, അടുത്തിടെ ബൈജൂസിൽ ഇറക്കിയ നിക്ഷേപം ഒരു പ്രമുഖ വിദേശ കമ്പനിയും എഴുതിത്തള്ളിയിരുന്നു. ആഗോള നിക്ഷേപ ഭീമനായ പ്രോസസാണ് ബൈജൂസിലെ നിക്ഷേപം എഴുതിത്തള്ളിയത്. ഏകദേശം 493 മില്യണ്‍ ഡോളറോളം മൂല്യം വരുന്ന ഓഹരികൾ എഴുതിത്തള്ളിയത് വഴി ബൈജൂസിനും കടുത്ത പ്രതിസന്ധിയാണ് ഉണ്ടായിരിക്കുന്നത്.
സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് അടുത്തിടെ കമ്പനി അതിന്റെ ബംഗളൂരു ഓഫീസ് ഒഴികെ മറ്റെല്ലാ ഓഫീസുകളും അടച്ചുപൂട്ടിയിരുന്നു. കൂടാതെ ശേഷിക്കുന്ന ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിക്കുകയും ചെയ്‌തു. എന്നാൽ കൃത്യമായി ജീവനക്കാർക്ക് ശമ്പളം പോലും നൽകാൻ ബൈജൂസിന് കഴിയുന്നില്ലെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ ജീവനക്കാർക്ക് ശമ്പളം നൽകാനായി ബൈജു രവീന്ദ്രൻ വീട് പണയപ്പെടുത്തി എന്ന വാർത്തയും പുറത്തുവന്നിരുന്നു. ബെംഗളൂരുവിൽ ബൈജുവിന്റെ ഉടമസ്ഥതയിലുള്ള രണ്ട് വീടുകൾ, എപ്‌സിലോണിലെ അദ്ദേഹത്തിന്റെ നിർമ്മാണത്തിലിരിക്കുന്ന വില്ല എന്നിവയാണ് പണയപ്പെടുത്തിയതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു.












Click it and Unblock the Notifications