മസ്‌കിന്റെ സ്‌റ്റാർലിങ്ക് ഇന്ത്യയിലേക്ക്; എന്നിട്ടും മുകേഷ് അംബാനി കൂളാണ്, ജിയോയെ തൊടാൻ പറ്റില്ലേ?
ഇന്ത്യയിലെ ടെലികോം വ്യവസായ മേഖലയിൽ തലയുയർത്തി നിൽക്കുന്ന റിലയൻസ് ജിയോ അടക്കമുള്ള കമ്പനികൾക്ക് വെല്ലുവിളി തീർത്തുകൊണ്ട് ഉടൻ തന്നെ ആഗോള സമ്പന്നൻ ഇലോൺ മസ്‌കിന്റെ സ്‌റ്റാർലിങ്ക് എത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന്റെ ലോഞ്ച് കൃത്യമായി എപ്പോഴാണെന്ന് അറിയില്ലെങ്കിലും അധികം വൈകില്ലെന്നാണ് സൂചന.
എന്നാൽ ഇതിന് പിന്നാലെ കൂടുതൽ പേരും റിലയൻസ് ജിയോയുടെ ബിസിനസിനെ ഏത് രീതിയിൽ ബാധിക്കുമെന്ന തരത്തിലുള്ള സംശയങ്ങൾ പങ്കുവച്ചിരുന്നു. കാരണം രാജ്യത്ത് നിലവിൽ വരിക്കാരുടെ എണ്ണത്തിലും മറ്റും മുൻനിരയിൽ തന്നെയുള്ള കമ്പനിയാണ് റിലയൻസ് ജിയോ എന്നതാണ് ഈ ഒരു സംശയം പൊതുവെ ഉയരാൻ കാരണമാവുന്നത്.

എന്നാൽ സ്‌റ്റാർലിങ്ക് വരുന്നതിൽ മുകേഷ് അംബാനിക്ക് തൽക്കാലത്തേക്ക് എങ്കിലും ഭയക്കേണ്ടതില്ല എന്ന സൂചനയാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നത്. അതിന് കാരണമായി വിലയിരുത്തുന്നത് അതിന്റെ ഉയർന്ന ചിലവ് തന്നെയാണ്. സാധാരണഗതിയിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ പോലെയുള്ള കമ്പനികൾ നൽകുന്ന ഓഫറുകളിൽ നിന്ന് വ്യത്യസ്‌തമായി ഉയർന്ന തുകയാണ് സ്‌റ്റാർലിങ്കിന് വേണ്ടി വരിക.
അതുകൊണ്ട് തന്നെയാണ് നിലവിൽ മുകേഷ് അംബാനിക്കും മറ്റും കാര്യമായ ഭീഷണി മസ്‌കിന്റെ കമ്പനി ഉയർത്തില്ലെന്ന് കരുതുന്നത്. നിലവിൽ ഇന്ത്യയിൽ ഇതുവരെ അവരുടെ താരിഫ് പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് രാജ്യങ്ങളിലെ നിരക്കുകളുമായി ഒത്തു നോക്കുമ്പോൾ ഇന്ത്യയിലെ ശേഷിക്കുന്ന ടെലികോം കമ്പനികളുടെ നിരക്കുകളിൽ നിന്ന് വളരെ കൂടുതലാണ്.
സ്‌റ്റാർലിങ്ക് സേവനം ലഭ്യമാക്കാൻ എത്ര രൂപ മുടക്കണമെന്ന് ഇന്ത്യയിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കമ്പനിയുടെ മുൻ മേധാവി അതിന്റെ ഏകദേശ ചിലവ് എത്രയാണെന്ന് മുൻകൂട്ടി പറയുന്നുണ്ട്. മുൻ സ്‌റ്റാർലിങ്ക് മേധവി പറയുന്നതനുസരിച്ച് ഈ സേവനത്തിന് വർഷത്തിൽ ഏകദേശം 1,58,000 രൂപയോളം മുടക്കേണ്ടി വരും.
ഇത്രയും ഉയർന്ന തുക നൽകി സാധാരണക്കാർക്ക് ഒരിക്കലും ഉപയോഗിക്കാൻ കഴിയില്ല എന്നതാണ് ജിയോ അടക്കമുള്ള കമ്പനികൾക്ക് കിട്ടുന്ന മുൻതൂക്കം. എന്നാൽ ഭാവിയിൽ മസ്‌ക് വിപണി പിടിക്കാൻ പണ്ട് ജിയോ പയറ്റിയ തന്ത്രം ഉപയോഗിക്കുമോ എന്നത് ഒരിക്കലും പ്രവചിക്കാൻ കഴിയില്ല. സൗജന്യമായി ഒരു കാലയളവ് വരെ സേവനങ്ങൾ ഉപയോഗിക്കാനും ശേഷം പണമീടാക്കാനുമുള്ള തന്ത്രം മസ്‌ക് പയറ്റുമോ എന്നാണ് ഇനി അറിയേണ്ടത്.












Click it and Unblock the Notifications