ഗോള്‍ഡ് ലോണില്‍ വമ്പന്‍മാറ്റങ്ങള്‍? പലിശ മാത്രം അടച്ച് പോകാനാകില്ല, തിരിച്ചടവിന് ഇഎംഐ മാത്രം!
സ്വര്‍ണ വായ്പയിലെ തിരിച്ചടവ് രീതിയില്‍ മാറ്റം വരുത്താന്‍ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. സ്വര്‍ണ പണയ വായ്പാ വിതരണം കുത്തനെ കൂടുകയും അതേസമയം ചില ധനകാര്യസ്ഥാപനങ്ങള്‍ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തുകയും ചെയ്യുന്നതായി റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം എന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സ്വര്‍ണ പണയ വായ്പയിലെ തിരിച്ചടവിന് പ്രതിമാസം ഇഎംഐ സൗകര്യം ഏര്‍പ്പെടുത്തിയേക്കും എന്നാണ് വിവരം. ആര്‍ബിഐ നേരത്തെ സ്വര്‍ണ വായ്പ വിതരണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതോടെ ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും പ്രതിമാസ അമോര്‍ട്ടൈസേഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം.

ഇതിനായി വായ്പ പുനരാരംഭിച്ചാലുടന്‍ സ്ഥാപനങ്ങള്‍ക്ക് ഉപഭോക്താക്കളോട് പലിശയും മുതലും തുല്യമായ പ്രതിമാസ തവണകളായി (ഇഎംഐ) അടയ്ക്കാന്‍ ആവശ്യപ്പെടാം. ഇഎംഐ സംവിധാനം മാത്രം അനുവദിക്കുന്നതോടെ സ്വര്‍ണ പണയ വായ്പകള്‍ പൂര്‍ണമായും ടേം ലോണ്‍ ആയി മാറും എന്നതാണ് പ്രത്യേകത. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് തിരിച്ചടിയാകും.
നിലവില്‍ ഭൂരിഭാഗം പേരും അവസാന നിമിഷം പുതുക്കിവയ്ക്കുകയോ പണയപ്പണ്ടം തിരിച്ചെടുക്കുകയോ ആണ് ചെയ്യുന്നത്. പലിശ മാത്രം അടച്ച ശേഷം മുതല്‍ അവസാന നിമിഷം അടയ്ക്കുക, ബുള്ളറ്റ് പേയ്‌മെന്റ് സൗകര്യം ഉപയോഗിച്ച് പലിശയും മുതലും അവസാനനിമിഷം ഒറ്റത്തവണയായി തിരിച്ചടയ്ക്കുക എന്നീ സൗകര്യങ്ങളുമുണ്ട്. എന്നാല്‍ ഈ രീതിയെല്ലാം മാറി പൂര്‍ണമായും ഇഎംഐ എന്ന നിലയിലേക്ക് സ്വര്‍ണ പണയ വായ്പകള്‍ മാറും.
മാത്രമല്ല വായ്പ നല്‍കുമ്പോള്‍ സ്വര്‍ണം ഈട് നേടുന്നതിന് പുറമേ ഇടപാടുകാരന്റെ തിരിച്ചടവ് ശേഷിയും ധനകാര്യസ്ഥാപനങ്ങള്‍ പരിശോധിക്കും. അതായത് ഈടുവസ്തുവായി സ്വര്‍ണമുള്ളത് കൊണ്ട് മാത്രം വായ്പ ലഭിച്ചെന്ന് വരില്ല. സെപ്തംബര്‍ 30 ന് പുറത്തിറക്കിയ സര്‍ക്കുലറില്‍ ആണ് സ്വര്‍ണാഭരണങ്ങള്‍ക്ക് വായ്പ നല്‍കിയതിലെ ക്രമക്കേടുകള്‍ ആര്‍ബിഐ ചൂണ്ടിക്കാട്ടിയത്.
സ്വര്‍ണ വായ്പകളുടെ ഉറവിടം, മൂല്യനിര്‍ണ്ണയം, സൂക്ഷ്മത, അന്തിമ ഉപയോഗ നിരീക്ഷണം, ലേല സുതാര്യത, ലോണ്‍ ടു വാല്യൂ (എല്‍ടിവി) അനുപാത നിരീക്ഷണം, റിസ്‌ക് വെയ്റ്റുകളുടെ പ്രയോഗം എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു ഇത്. സെപ്തംബര്‍ 30 വരെ 1.4 ലക്ഷം കോടി രൂപ ജ്വല്ലറി വായ്പയായി ബാങ്കുകള്‍ വിതരണം ചെയ്തു എന്നാണ് ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സ്വര്‍ണ പണയ വായ്പകളില്‍ പരമാവധി 20000 രൂപയേ ഇടപാടുകാരന് പണമായി കൈയില്‍ നല്‍കാവൂ എന്നാണ് പറയപ്പെടുന്നത്. അതിലും കൂടുതല്‍ തുക ഡിജിറ്റലായി വേണം കൈമാറാന്‍.












Click it and Unblock the Notifications