സ്വർണത്തിന് എന്തുകൊണ്ടാണ് ദുബായില്‍ ഇത്രയും വില കുറവ്; കാരണമുണ്ട്: സർക്കാറിനും നിർണ്ണായക പങ്ക്
സിറ്റി ഓഫ് ഗോള്‍ഡ്, അഥവാ സ്വർണ്ണത്തിന്റെ നഗരം എന്നാണ് ദുബായ് അറിയപ്പെടുന്നത്. ലോകത്തെ സ്വർണ വ്യാപാരത്തിന്റെ കേന്ദ്രം എന്ന നിലയിലാണ് ദുബായ് ഈ പേര് നേടിയെടുത്തത്. സ്വന്തമായി ഒരു സ്വർണ ഖനി പോലും ഇല്ലാതിരുന്നിട്ടും സ്വർണ വ്യാപാര മേഖലയുടെ പ്രധാന ഇടമായി ദുബായ്ക്ക് മാറാന്‍ കഴിയുന്നുവെന്നതാണ് ശ്രദ്ധേയമം. മികച്ച പരിശുദ്ധിയുള്ള സ്വർണ്ണം താരതമ്യേന കുറഞ്ഞ വിലയില്‍ ലഭിക്കുന്നുവെന്നതാണ് ഇടപാടുകാരെ ദുബായിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.
വിലക്കുറവ് മുതല്‍ സർക്കാർ നയങ്ങള്‍ വരെ ദുബായിലെ സ്വർണ്ണക്കച്ചവടത്തിന് അനുകൂലമായി നിലനില്‍ക്കുന്നു. വാങ്ങുന്നവർ ഇന്ത്യയിലേത് പോലെ വലിയ തോതില്‍ നികുതി നല്‍കേണ്ടതില്ലെന്നതാണ് ദുബായില്‍ സ്വർണ്ണത്തിന്റെ വില കുറയ്ക്കുന്ന കാരണങ്ങളിലൊന്ന്. പരമ്പരാഗതമായി തന്നെ യു എ ഇ സ്വർണ്ണത്തിന് നികുതി രഹിത നയമാണ് സ്വീകരിച്ച് വരുന്നത്. അതായത് വാങ്ങുന്നവർ സ്വർണ്ണം വാങ്ങുന്നതിന് മൂല്യവർദ്ധിത നികുതിയോ (വാറ്റ്) മറ്റേതെങ്കിലും തരത്തിലുള്ള വിൽപ്പന നികുതിയോ നൽകേണ്ടതില്ല.

2018-ൽ യുഎഇ 5% വാറ്റ് (മൂല്യവർദ്ധിത നികുതി) ഏർപ്പെടുത്തിയെങ്കിലും, സ്വർണ്ണവും ആഭരണങ്ങളും 99% ശുദ്ധവും വാറ്റ് രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളില്‍ നിന്ന് വ്യാപാരം നടത്തുന്നതുമാണെങ്കിൽ ഈ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെടും. ദുബായിലെ ഒട്ടുമിക്ക സ്ഥാപനങ്ങളില്‍ നിന്നും ആഭരണം വാങ്ങുന്നവർക്ക് ഈ ഇളവ് ലഭിക്കും.
ദുബായിയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനവും സ്വർണ വ്യാപാരത്തില്‍ നഗരത്തിന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിക്കുന്നു. ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള നിർണായക കവാടം എന്ന നിലയിലാണ് ദുബായ് സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന വ്യാപാര കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ തന്ത്രപ്രധാനമായ സ്ഥാനം കുറഞ്ഞ ലോജിസ്റ്റിക് ചെലവിൽ സ്വർണ്ണത്തിൻ്റെ ഇറക്കുമതിയും കയറ്റുമതിയും സുഗമമാക്കുന്നു. അതായത് ആഫിക്കന്‍ രാഷ്ട്രങ്ങളില്‍ നിന്നും എത്തുന്ന സ്വർണം വളരെ എളുപ്പത്തില്‍ തന്നെ ഇന്ത്യയും ചൈനയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാം.
വളരെയധികം മത്സരാധിഷ്ഠിതമാണ് എന്നതാണ് ദുബായിലെ സ്വർണ്ണ വിപണിയുടെ മറ്റൊരു പ്രത്യേക. വൻകിടക്കാർ മുതൽ ചെറുകിട കച്ചവടക്കാർ വരെ നിരവധി വ്യാപാരികള്‍ വിപണിയിലുണ്ട്. സാധ്യമായ മികച്ച ഡീലുകൾ വാഗ്ദാനം ചെയ്തുകൊണ്ട് പരമാവധി ഉപഭോക്താക്കളെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് എത്തിക്കാനുള്ള വ്യാപാരികളുടെ ശ്രമങ്ങള്‍ ഏറ്റഴും കുറഞ്ഞ വില ഉറപ്പ് വരുത്തുന്നു. മാത്രമല്ല, ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ വിപണികളിലൊന്നായ ദുബായ് ഗോൾഡ് സൂക്കിൽ മത്സര നിരക്കിൽ സ്വർണ്ണം വിൽക്കുന്ന നൂറുകണക്കിന് കടകളുമുണ്ട്.
ഉയർന്ന അളവിലുള്ള വ്യാപാരമാണ് ദുബായിലെ സ്വർണ്ണ വിപണിയുടെ മറ്റൊരു സവിശേഷത. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുഎഇയില്‍ ഇറക്കുമതി തീരുവയും കുറവാണ്. കുറഞ്ഞ തീരുവയിൽ സ്വർണ ഇറക്കുമതി സുഗമമാക്കുന്ന നയങ്ങൾ യുഎഇ ഗവൺമെൻ്റ് നേരത്തെ നടപ്പിലാക്കിയിട്ടുണ്ട്. ചെറുകിട കച്ചവടക്കാർക്കുള്‍പ്പെടെ ഇത് ഗുണകരമായി മാറുകയും ആത്യന്തികമായി വാങ്ങുന്നവർക്ക് കുറഞ്ഞ വില ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
സ്വർണ വ്യാപാരം ശക്തിപ്പെടുത്തുന്നതില്‍ യുഎഇ സർക്കാറും നിർണായക പങ്ക് വഹിക്കുന്നു. സുസ്ഥിരവും ബിസിനസ് സൗഹൃദവുമായ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട് സ്വർണ്ണ വ്യാപാരം പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് സർക്കാർ നയങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായിൽ വിൽക്കുന്ന സ്വർണം ഉയർന്ന നിലവാരമുള്ളതാണെന്ന് ഉറപ്പാക്കുന്നതിന് സർക്കാർ പ്രത്യേക ശ്രദ്ധ നല്‍കുന്നു. ഇത് ഉപഭോക്താക്കളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും വിപണി പ്രവർത്തനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായ സപ്ലൈ-ഡിമാൻഡ് ബാലൻസ് ഉറപ്പാക്കി കുറഞ്ഞ വില നിലനിർത്താനും സർക്കാർ ശ്രദ്ധിക്കുന്നു.












Click it and Unblock the Notifications