സ്വര്‍ണ വില കുറയില്ല; ആ പ്രതീക്ഷ വേണ്ട... ജ്വല്ലറി മേഖലയിലെ ആവശ്യം പരിഗണിച്ചില്ല
ന്യൂഡല്‍ഹി: ഇടക്കാല ബജറ്റാണെങ്കിലും പ്രതീക്ഷയോടെയാണ് ജ്വല്ലറി വ്യാപാര രംഗത്തുള്ളവര്‍ കേന്ദ്ര ബജറ്റിനെ നോക്കിയത്. എന്നാല്‍ നികുതി കുറയ്ക്കണം എന്ന അവരുടെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. നികുതി കുറയുകയാണെങ്കില്‍ ആഭരണം വാങ്ങുന്നവര്‍ക്ക് അതിന്റെ നേരിയ ആശ്വാസം ലഭിക്കുമായിരുന്നു എന്നാണ് വിലയിരുത്തല്‍.
വിദേശത്ത് നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുമ്പോള്‍ 15 ശതമാനമാണ് നികുതി. കാര്‍ഷിക വികസന സെസ് കൂടി ചേര്‍ത്താണിത്. ഇറക്കുമതി നികുതി 4-8 ശതമാനത്തിലേക്ക് കുറയ്ക്കണം എന്നായിരുന്നു ജ്വല്ലറി മേഖലയില്‍ നിന്നുള്ള ആവശ്യം. എന്നാല്‍ നികുതിയില്‍ യാതൊരു മാറ്റവും ബജറ്റില്‍ നിര്‍ദേശിച്ചിട്ടില്ല. നികുതി കുറയ്ക്കാതിരിക്കാന്‍ മറ്റൊരു കാരണമുണ്ട്.

ഉയര്‍ന്ന നികുതിയായിട്ടും സ്വര്‍ണ ഇറക്കുമതിയില്‍ കുറവില്ല എന്നതാണ് സത്യം. കഴിഞ്ഞ ഏപ്രില്‍-ഡിസംബര്‍ കാലയളവിലെ സ്വര്‍ണ ഇറക്കുമതി മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധിച്ചു എന്നാണ് കണക്കുകള്‍. ഇത് രാജ്യത്തിന്റെ വ്യാപാര കമ്മി വര്‍ധിക്കാന്‍ ഇടയാക്കുന്നു. ഈ സാഹചര്യത്തില്‍ ഇറക്കുമതി നികുതി കുറയ്ക്കുന്നത് തിരിച്ചടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി.
ഇറക്കുമതി നികുതി ഉയര്‍ത്തിയത് കാരണം സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിച്ചു, സ്വര്‍ണാഭരണ കയറ്റുമതി മേഖല മന്ദഗതിയിലായി എന്നിവയാണ് ജ്വല്ലറി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നത്. ഈ വെല്ലുവിളി നേരിടാന്‍ നികുതി കുറയ്ക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. മാത്രമല്ല, യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ആഭരണത്തിന് വേണ്ടി കൂടുതല്‍ പേര്‍ ആശ്രയിക്കുന്നതും ആഭ്യന്തര വിപണിയെ ബാധിക്കുന്നുവെന്ന് അവര്‍ പറയുന്നു.
സ്വര്‍ണം അവശ്യവസ്തുക്കളുടെ ഗണത്തില്‍ വരുന്നതല്ല. സ്വര്‍ണ ഇറക്കുമതി അധികരിക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കുമെന്ന ആശങ്കയുമുണ്ട്. ഇതാണ് കേന്ദ്രം ഇറക്കുമതി നികുതി വര്‍ധിപ്പിച്ചത്. മാത്രമല്ല, സ്വര്‍ണാഭരണം നിര്‍മിക്കുമ്പോള്‍ ഉപയോഗിക്കുന്ന അനുബന്ധ വസ്തുക്കളുടെ നികുതി 11 ല്‍ നിന്ന് 15 ശതമാനമായി കഴിഞ്ഞാഴ്ച സര്‍ക്കാര്‍ ഉയര്‍ത്തുകയും ചെയ്തു.
സ്വര്‍ണത്തിന്റെ ഇറക്കുമതി നികുതി കുറയ്ക്കുന്നതിനോട് വാണിജ്യ മന്ത്രാലയത്തിന് അനുകൂല നിലപാടാണ് ഉള്ളതെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തയുണ്ടായിരുന്നു. ധനമന്ത്രാലയം കൂടി അനുകൂല നിലപാട് സ്വീകരിച്ചാല്‍ മാത്രമേ നികുതി കുറയൂ. എന്നാല്‍ ബജറ്റില്‍ നികുതി വ്യവസ്ഥയില്‍ മാറ്റം വരുത്തുന്ന നിര്‍ദേശങ്ങളില്ല. ഇറക്കുമതി നികുതി മാത്രമല്ല, പ്രത്യക്ഷ, പരോക്ഷ, ആദായ നികുതികളിലും മാറ്റം നിര്‍ദേശിച്ചിട്ടില്ല.












Click it and Unblock the Notifications