വെട്ടിത്തിളങ്ങി സ്വര്‍ണം; വില 51000 കടന്ന് കുതിച്ചു... വന്‍ വര്‍ധനവിന് കാരണം ഇതാണ്
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില പവന് 51000ത്തിന് മുകളിലെത്തി. ആദ്യമായിട്ടാണ് സ്വര്‍ണവില ഇത്രയും ഉയരുന്നത്. അന്താരാഷ്ട്ര വിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാന്‍ കാരണമായി പറഞ്ഞത് അമേരിക്കന്‍ വിപണിയിലെ മാറ്റങ്ങളായിരുന്നു എങ്കില്‍ ഇപ്പോഴത്തെ വര്‍ധനവിന് കാരണം ചൈനയാണത്രെ.
കഴിഞ്ഞ മാസം അവസാനത്തിലാണ് സ്വര്‍ണവില പവന് അര ലക്ഷം കടന്നത്. ഈ മാസം തുടക്കത്തില്‍ തന്നെ വില കുതിക്കുന്നതായിരുന്നു കാഴ്ച. ഒന്നിന് 680 രൂപ കൂടിയെങ്കില്‍ രണ്ടിന് 200 രൂപ കുറയുകയാണ് ചെയ്തത്. ഇന്ന് 600 രൂപ വര്‍ധിച്ചു. കൂടുമ്പോള്‍ വലിയ സംഖ്യയും കുറയുമ്പോള്‍ നാമമാത്രമായ തുകയുമാണ് മാറുന്നത് എന്നതാണ് എടുത്തു പറയേണ്ടത്. ഇന്നത്തെ വില സംബന്ധിച്ച് വിശദമാക്കാം..

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 51280 രൂപയാണ്. ഗ്രാമിന് നല്‍കേണ്ടത് 6410 രൂപ. ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 57000 രൂപ വരെ ചെലവ് വന്നേക്കും. ഇത്രയും ഉയര്‍ന്ന തുക നല്‍കി സ്വര്‍ണം വാങ്ങാന്‍ സാധാരണക്കാര്‍ തയ്യാറാകില്ല. ഈ വേളയില്‍ അവശ്യമുള്ളവര്‍ പഴയ സ്വര്‍ണം മാറ്റി വാങ്ങാനാണ് സാധ്യത.
മാറ്റ് കുറഞ്ഞ സ്വര്‍ണം വാങ്ങുന്ന ട്രെന്‍ഡും ശക്തിപ്പെടുന്നുണ്ട് എന്നാണ് വിവരം. സാധാരണ സ്വര്‍ണാഭരണങ്ങള്‍ക്ക് കുറഞ്ഞ പണിക്കൂലി അഞ്ച് ശതമാനമാണ്. പണിക്കൂലിയില്ലാതെ ആഭരണം വില്‍ക്കുന്ന ജ്വല്ലറികളുമുണ്ട്. എങ്കിലും മിക്ക ജ്വല്ലറികളിലും അഞ്ച് ശതമാനം ഈടാക്കുന്നു. സ്വര്‍ണവിലയും പണിക്കൂലിയും ചേര്‍ത്തുള്ള സഖ്യയുടെ മൂന്ന് ശതമാനമാണ് ജിഎസ്ടി. ഇതെല്ലാം ചേര്‍ത്താണ് ഉപഭോക്താവ് നല്‍കേണ്ടത്.
ആഗോള വിപണിയില്‍ സ്വര്‍ണവില കുതിക്കുകയാണ്. സിറിയ, ഇസ്രായേല്‍, ഇറാന്‍ എന്നീ രാജ്യങ്ങളെ ബന്ധപ്പെടുത്തി നടക്കുന്ന രാഷ്ട്രീയ മാറ്റങ്ങളാണ് വിപണിയെ അസ്വസ്ഥമാക്കുന്ന പുതിയ ഘടകം. മറ്റൊന്ന് ചൈനയില്‍ നിന്ന് സ്വര്‍ണത്തിന് ആവശ്യക്കാര്‍ ഏറി എന്നതാണ്. ചൈനയിലെ നിക്ഷേപകര്‍ വന്‍തോതില്‍ സ്വര്‍ണം വാങ്ങുന്നതാണ് പൊടുന്നനെയുള്ള വില വര്‍ധനവിന് കാരണമായി പറയുന്നത്.
അമേരിക്കന്‍ ഡോളര്‍ സൂചിക 104.72ലേക്ക് താഴ്ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം 105 നേക്കാള്‍ ഉയര്‍ന്നിരുന്നു. ഡോളര്‍ സൂചിക ഇടിഞ്ഞതും സ്വര്‍ണവില കൂടാന്‍ കാരണമായി. ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം 83.39 ആണ്. രൂപ കൂടുതല്‍ മൂല്യം ഇടിയാതിരിക്കാന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തി വരികയാണ്.
അതേസമയം, ഏവരെയും ഞെട്ടിക്കുന്ന മറ്റൊരു ഘടകം എണ്ണ വിലയിലെ വര്‍ധനവാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 89 ഡോളറിലെത്തി. എണ്ണ രാജ്യങ്ങള്‍ക്ക് ഇത് വലിയ നേട്ടമാകുമെങ്കിലും ഇന്ത്യയെ പോലുള്ള ഇറക്കുമതി രാജ്യങ്ങള്‍ക്ക് തിരിച്ചടിയാണ്. ചൈന, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്നു എണ്ണയ്ക്ക് ആവശ്യം ഏറിയിട്ടുണ്ടത്രെ. മാത്രമല്ല, എണ്ണ ചരക്കു കടത്ത് നിലയ്ക്കുമോ എന്ന ആശങ്കയും വ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications