എന്തുകൊണ്ട് ഐപിഒ? ഒടുവില്‍ പ്രതികരിച്ച് യൂസഫലി, 'സൗദിയിലും ഒന്നാമത് എത്തും...'
റിയാദ്: ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഐപിഒ കഴിഞ്ഞ തിങ്കളാഴ്ചയാണ് തുടങ്ങിയത്. നവംബര്‍ അഞ്ച് വരെയാണ് ഐപിഒ. ഇതിലൂടെ 25 ശതമാനം ഓഹരികളാണ് അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നത്. 258.2 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് ഐപിഒ വഴി വില്‍ക്കുന്നത്. ഓഹരികളിലെ 89 ശതമാനവും നിക്ഷേപക സ്ഥാപനങ്ങള്‍ക്കും 10 ശതമാനം ചെറുകിട നിക്ഷേപകര്‍ക്കും ഒരു ശതമാനം ജീവനക്കാര്‍ക്കുമായാണ് മാറ്റി വെച്ചിരിക്കുന്നത്.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ഐപിഒയിലേക്ക് തങ്ങള്‍ കടന്നത് എന്നതിനെ കുറിച്ച് വ്യക്തമാക്കുകയാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഐപിഎഒയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. സൗദി കിരീടാവകാശിക്ക് കീഴിലെ പിഐഫ് സംഘടിപ്പിക്കുന്ന എഫ്‌ഐഐയില്‍ പങ്കെടുക്കവെ മീഡിയ വണ്ണിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യൂസഫലിയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ഞങ്ങളുടെ ഐപിഒ ഇപ്പോഴും സബ്‌സ്‌ക്രൈബ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഞങ്ങള്‍ ഉദ്ദേശിച്ചതിനേക്കാളും വലിയ പ്രതികരണമാണ് എല്ലാവരില്‍ നിന്നും വിശിഷ്യ അറബ് സമൂഹങ്ങളില്‍ നിന്നും അറബ് ഭരണാധികാരികളില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. അതിന്റെ ഫൈനല്‍ ഫിഗര്‍ ഇപ്പോള്‍ പറയാന്‍ സാധിക്കുന്നതല്ല. അടുത്ത ചൊവ്വാഴ്ച ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകും.
എന്നിരുന്നാലും ഞങ്ങളൊക്കെ ഉദ്ദേശിച്ചതിനേക്കാളും വലിയ സ്വീകരണമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. അതില്‍ ഞങ്ങള്‍ക്ക് അഭിമാനവും സന്തോഷവും ഉണ്ട്. ഭരണാധികാരികളോട് നന്ദി ഉണ്ട്. ഓഹരി വിപണിയിലേക്ക് കടക്കാനുള്ള ലുലു ഗ്രൂപ്പിന്റെ തീരുമാനത്തിന് പിന്നിലെ കാരണവും അദ്ദേഹവും വിശദീകരിച്ചു. ലോകത്തിലെ എല്ലാ വലിയ കമ്പനികളും ലിസ്റ്റഡ് ആണ്. ഒരു സന്ദര്‍ഭം വരുമ്പോള്‍ ഉയരണമെങ്കില്‍ ലിസ്റ്റിംഗ് ഇല്ലാതെ സാധ്യമാകില്ല.
ഞങ്ങളുടെ 20 ശതമാനം സ്ട്രാറ്റജിക് പാര്‍ട്ണര്‍ ഗവണ്‍മെന്റ് ഓഫ് അബുദാബിയാണ്. അവരുടെ എല്ലാ കമ്പനികളും ലിസ്റ്റ് ചെയ്യാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിന്റെ ലാഭം എല്ലാവര്‍ക്കും ലഭിക്കണം. ഈ രാജ്യത്ത് ജീവിച്ച് വളര്‍ന്നവരാണല്ലോ ഞങ്ങള്‍. റീട്ടെയ്‌ലിനെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റിന്‍, യുഎഇ രാജ്യങ്ങളില്‍ ഒന്നാമതും സൗദി അറേബ്യയില്‍ രണ്ടുമാണ് ഇപ്പോള്‍.
സൗദി അറേബ്യയില്‍ 56 ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്ളത് 100 ആകും. അത് സൗദിയുടെ വിഷന്‍ 2030 ന്റെ കൂടി ഭാഗമാണ്. അതോടൊപ്പം നമ്മളും ആ പ്രയാണത്തിലാണ്. സൗദി ഭരണാധികാരികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി. ആ മേഖലകളിലേക്കെല്ലാം ലുലു വരണം എന്നാണ് അവരുടെ ആഗ്രഹം. ലുലുവിന്റെ ക്വാളിറ്റി ഇഷ്ടപ്പെടുന്നു എന്നും ഓര്‍ഗാനിക്കിനെ നിങ്ങള്‍ പ്രൊമോട്ട് ചെയ്യുന്നു എന്നും അവര്‍ പറയുന്നു,' .യൂസഫലി പറഞ്ഞു.
യു എ ഇയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഐ പി ഒ ലിസ്റ്റിംഗുകളില്‍ ഒന്നാണ് ലുലു ഗ്രൂപ്പിന്റേത്. ഐപിഒ കഴിയുന്നതോടെ യു എ ഇയിലെ ഏറ്റവും വലിയ റീട്ടെയ്‌ലര്‍ ഐ പിഒ, യു എ ഇയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി ഐ പി ഒ എന്നീ നേട്ടങ്ങളും ലുലു ഗ്രൂപ്പിന് ലഭിക്കും. നവംബര്‍ 14 ാണ് അബുദാബി സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലുലു ഓഹരികള്‍ ലിസ്റ്റ് ചെയ്യുക.












Click it and Unblock the Notifications