തിരുവോണസദ്യ ഗള്‍ഫിലും ഉഷാറാകും; കേരളത്തിലെ നാടന്‍ പച്ചക്കറികള്‍ നേരത്തെ എത്തി..!
സമ്പല്‍സമൃദ്ധിയുടേയും ഐശ്വര്യത്തിന്റേയും ഓര്‍മ്മകളുമായി ഒരു തിരുവോണക്കാലം കൂടി വന്നെത്തിയിരിക്കുകയാണ്. മലയാളികള്‍ ഉള്ളിടത്തെല്ലാം ഓണാഘോഷത്തിന് യാതൊരു കുറവുമില്ല. അതില്‍ പ്രധാനം ഗള്‍ഫിലെ ഓണം തന്നെയാണ്. പ്രവാസി മലയാളികളില്‍ ഏറ്റവും കൂടുതല്‍ ഉള്ള ജിസിസി രാജ്യങ്ങളില്‍ ദിവസങ്ങള്‍ നീണ്ട് നില്‍ക്കുന്ന ഓണാഘോഷങ്ങളാണ് പല മലയാളി അസോസിയേഷനുകളും സംഘടിപ്പിക്കാറുള്ളത്.
ഇത്തവണയും അതിന് മാറ്റമൊന്നുമില്ല. തിരുവോണ ദിനത്തിലെ സദ്യയൊരുക്കാനുള്ള പച്ചക്കറികളും പഴങ്ങളും എന്തിനേറെ ഓണമുണ്ണാനുള്ള വാഴയിലകള്‍ വരെ കേരളത്തില്‍ നിന്നും ഗള്‍ഫിലെത്തിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് പച്ചക്കറികളും പഴങ്ങളും കയറ്റി അയയ്ക്കുന്ന രാമനാട്ടുകരയിലെ സുരഭി എക്‌സ്‌പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് കമ്പനി വഴിയാണ് പല ജിസിസി രാജ്യങ്ങളിലേക്കും ഓണസദ്യയ്ക്കുള്ള വിഭവങ്ങള്‍ എത്തിയിരിക്കുന്നത്.

കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ എയര്‍പോര്‍ട്ടുകള്‍ വഴിയാണ് ഇവയെല്ലാം കയറ്റുമതി ചെയ്യുന്നത് എന്ന് സുരഭി എക്‌സ്‌പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് മാനേജര്‍ പ്രകാശന്‍ വണ്‍ ഇന്ത്യ മലയാളത്തോട് പറഞ്ഞു. 'പച്ചക്കറികളാണ് പ്രധാനമായും ഇവിടെ നിന്ന് കയറ്റി അയയ്ക്കുന്നത്. കുവൈത്തിലേക്കാണ് പ്രധാനമായും ഈ പച്ചക്കറികളെല്ലാം പോകുന്നത്. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലേക്കും പച്ചക്കറി കയറ്റുമതി ചെയ്യുന്നുണ്ട്,' പ്രകാശന്‍ പറയുന്നു.
ഓണം പ്രമാണിച്ച് നാടന്‍ പച്ചക്കറികള്‍ തന്നെയാണ് കൂടുതലും തങ്ങള്‍ എടുത്തിരിക്കുന്നത് എന്നും പഴവര്‍ഗങ്ങളും കയറ്റി അയയ്ക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി എയര്‍പോര്‍ട്ടിലേക്കുള്ള ലോഡുകള്‍ എല്ലാ ദിവസവും സുരഭി എക്‌സ്‌പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട് കയറ്റി അയയ്ക്കുന്നത്. ആഴ്ചയില്‍ മൂന്ന് തവണയാണ് കണ്ണൂര്‍, കോഴിക്കോട് എയര്‍പോര്‍ട്ടുകളിലേക്ക് ലോഡുകള്‍ പോകുന്നത്.

പ്രകാശന്‍ (മാനേജര്‍ -സുരഭി എക്‌സ്‌പോര്‍ട്ട് ആന്റ് ഇംപോര്‍ട്ട്)
'പരമാവധി നാടന്‍ പച്ചക്കറികളാണ് ഞങ്ങള്‍ ശേഖരിക്കുന്നത്. ഞങ്ങളുടെ വണ്ടിയില്‍ തന്നെയാണ് പച്ചക്കറി ശേഖരിക്കുന്നതും. എട്ട് വര്‍ഷമായി കമ്പനി വിദേശത്തേക്ക് പച്ചക്കറികളും മറ്റും കയറ്റി അയയ്ക്കുന്നുണ്ട്. ഹൊസൂര്‍, തേനി, ബോംബെ, ഗുണ്ടല്‍പേട്ട എന്നിവിടങ്ങളിലെല്ലാം ഞങ്ങള്‍ക്ക് ബ്രാഞ്ചുകളുണ്ട്,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാമനാട്ടുകരയിലെ ഗോഡൗണില്‍ എത്തിക്കുന്ന പച്ചക്കറികള്‍ വീണ്ടും പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കിയ ശേഷമാണ് പാക്ക് ചെയ്യുന്നതും കയറ്റി അയയ്ക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓണക്കാലം വ്യാപാരികള്‍ക്കും ആഘോഷം
കേരളത്തിലെ വ്യാപാരികളെ സംബന്ധിച്ചിടത്തോളം വലിയ കച്ചവടം നടക്കുന്ന കാലമാണ് ഓണക്കാലം. വസ്ത്ര, പച്ചക്കറി, ഇലക്ടോണിക്‌സ് മേഖലകളില്‍ എല്ലാം ഓണത്തിന് വലിയ കച്ചവടമാണ് നടക്കാറുള്ളത് എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ്ം അംഗം സലീം രാമനാട്ടുകര വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു. ഓണത്തിന് ഇവിടെ നിന്നുള്ള കയറ്റുമതിയും കൂട്ടാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സലീം രാമനാട്ടുകര (വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം)
പ്രതിസന്ധിയിലാണെങ്കിലും ഈ ഓണവും അത്തരമൊരു ചെറിയ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട് എന്നും സലീം പറയുന്നു. ' ലോകത്ത് 200 ഓളം രാജ്യങ്ങളുണ്ട്. അവിടങ്ങളില്‍ എല്ലാം മലയാളികളും ഉണ്ട്. അതുകൊണ്ട് തന്നെ കേരളീയരുടെ ദേശീയ ഉത്സവമായ ഓണം ലോകത്തെവിടെയായാലും മലയാൡകള്‍ ആഘോഷിക്കാറുണ്ട്. അതിന്റെ ഭാഗമായി കേരളത്തില്‍ ചില വസ്തുക്കളുടെ വ്യാപാരം ഇക്കാലത്ത് വര്‍ധിക്കാറുണ്ട്,' അദ്ദേഹം പറഞ്ഞു.
വാഴയില, പൂക്കള്‍, പച്ചക്കറി എന്നിവയെല്ലാം വിദേശത്തേക്ക് പോകാറുണ്ട് എന്നും പ്രതികൂല കാലാവസ്ഥ കാരണം കൃഷി പലയിടത്തും നശിച്ചിട്ടുണ്ടെങ്കിലും മോശമല്ലാത്ത രീതിയില്‍ ഈ ഓണക്കാലത്തും വ്യാപാരം നടക്കുന്നുണ്ട് എന്നും സലീം രാമനാട്ടുകര വ്യക്തമാക്കി.












Click it and Unblock the Notifications