വാഹനം ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; പെട്രോള്‍, ഡീസല്‍ വില കുറയും, രണ്ട് കാരണങ്ങള്‍...
ന്യൂഡല്‍ഹി: രാജ്യത്ത് വൈകാതെ പെട്രോള്‍, ഡീസല്‍ വില കുറയുമെന്ന് റിപ്പോര്‍ട്ട്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയിലിന് വില താഴ്ന്നിരിക്കുന്ന സാഹചര്യത്തിലാണിത്. നിലവിലുള്ള വില നിലവാരം ആഗോള വിപണിയില്‍ തുടര്‍ന്നാല്‍ ഇന്ത്യയില്‍ എണ്ണ കമ്പനികള്‍ വില കുറയ്ക്കും. ഇന്ത്യന്‍ കമ്പനികള്‍ ലാഭത്തിലാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും ഒടുവില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചത് കഴിഞ്ഞ മാര്‍ച്ച് 15നാണ്. അന്ന് ആഗോള വിപണിയില്‍ ക്രൂഡ് വില ബാരലിന് 83-84 ഡോളറായിരുന്നു. ഇന്ന് 74 ഡോളറിലേക്ക് ഇടിഞ്ഞിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പ് ഇത് 70 ഡോളറിലേക്കും കൂപ്പുകുത്തിയിരുന്നു. വിലയില്‍ കാര്യമായ ഉയര്‍ച്ച കാണിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യയിലും വില കുറയ്ക്കുമെന്ന റിപ്പോര്‍ട്ടുകള്‍. മറ്റൊരു കാരണം കൂടിയുണ്ട്...

റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ ആണ് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ സാധ്യതയുണ്ട് എന്ന വിവരം പങ്കുവച്ചത്. ഒക്ടോബര്‍ അഞ്ചിന് ശേഷം വില കുറയ്ക്കുമെന്നാണ് കാപ്പിറ്റല്‍ മാര്‍ക്കറ്റ് കമ്പനിയായ സിഎല്‍എസ്എ പറയുന്നത്. വില സ്ഥിരത കൈവരിച്ചാല്‍ ഇന്ധന വില കുറയ്ക്കുമെന്ന് പെട്രോളിയം സെക്രട്ടറി പങ്കജ് ജെയ്ന്‍ അടുത്തിടെ പറഞ്ഞിരുന്നു. സര്‍ക്കാരിന്റെ ദീപാവലി സമ്മാനമായി വില കുറയുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മാത്രമല്ല, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നതിനാല്‍ എണ്ണ വില കുറച്ച് നേട്ടം കൊയ്യാന്‍ ബിജെപി ശ്രമിക്കുമെന്നും വിലയിരുത്തലുണ്ട്. സുപ്രധാന സംസ്ഥാനമായ മഹാരാഷ്ട്രയുടെ ഭരണം നിലനിര്‍ത്തേണ്ടത് ബിജെപിയുടെ ലക്ഷ്യമാണ്. ശിവസേനയിലെ ഷിന്‍ഡെ വിഭാഗത്തെ കൂട്ടുപിടിച്ചാണ് നിലവില്‍ മഹാരാഷ്ട്ര ബിജെപി ഭരിക്കുന്നത്. നവംബറിലാകും മഹാരാഷ്ട്രയിലെ നിയമസഭാ തിരഞ്ഞെടുപ്പ്.
പെട്രോള്‍ ലിറ്ററിന് 19.80 രൂപയാണ് എക്‌സൈസ് നികുതി. ഡീസല്‍ ലിറ്ററിന് 15.80 രൂപയും. പുതിയ സാഹചര്യത്തില്‍ എണ്ണ വില കുറയ്ക്കുന്നതിന് പകരം നികുതി ഉയര്‍ത്താനുള്ള സാധ്യതയും തള്ളാനാകില്ല. നികുതി ഉയര്‍ത്തിയാല്‍ എണ്ണ വില കുറയുന്നതു മൂലമുള്ള ലാഭം ജനങ്ങള്‍ക്ക് കിട്ടില്ല. ഒരു പക്ഷേ നേരിയ തോതില്‍ നികുതി ഉയര്‍ത്തിയും നാമമാത്രമായ വിലക്കുറവ് പ്രഖ്യാപിക്കാനുള്ള സാധ്യതയും കാണുന്നു.
ഒരു രൂപ എക്‌സൈസ് നികുതി ഉയര്‍ത്തിയാല്‍ തന്നെ കോടികളുടെ വരുമാനമാണ് പ്രതിവര്‍ഷം സര്‍ക്കാരിന് ലഭിക്കുക. ആഗോള വിപണിയില്‍ അപ്രതീക്ഷിതമായിട്ടാണ് എണ്ണവില കുറഞ്ഞത്. ചൈനയില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതാണ് ഇതിന് കാരണം. ചൈനയില്‍ വിപണി മന്ദഗതിയിലേക്ക് നീങ്ങിയതോടെ എണ്ണയ്ക്ക് ആവശ്യം കുറയുകയായിരുന്നു. മാത്രമല്ല, ഇലക്ട്രോണിക് വാഹനങ്ങളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതും എണ്ണയ്ക്ക് വില കുറയാന്‍ കാരണമായി.
ഇതോടൊപ്പം തന്നെ അമേരിക്ക എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു. ഈ മാറ്റങ്ങളെല്ലാം എണ്ണ വില കുറയാന്‍ ഇടയാക്കിയെങ്കിലും വില കൂടണമെന്നാണ് സൗദി അറേബ്യ ഉള്‍പ്പെടെയുള്ള എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ താല്‍പ്പര്യം. വില കൂട്ടരുതെന്ന് ഇന്ത്യ ആഴ്ചകള്‍ക്ക് മുമ്പും എണ്ണ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വില കൂടിയാല്‍ ഏറ്റവും തിരിച്ചടി ലഭിക്കുന്ന രാജ്യമാണ് ഇന്ത്യ. കാരണം, ആവശ്യമുള്ളതിന്റെ 85 ശതമാനം എണ്ണയും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്.












Click it and Unblock the Notifications