ബിജെപിക്കാരനായ രാജീവ് ചന്ദ്രശേഖറിന് ഇനി ഏഷ്യാനെറ്റ് ന്യൂസ് വേണ്ടേ...? അര്‍ണബിന് വേണ്ടി മുടക്കുന്നത്

  • By: നരേന്ദ്രൻ
Subscribe to Oneindia Malayalam

ദില്ലി: രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ രാജ്യസഭ എംപിയും വ്യവസായിയും ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാനും മാത്രമല്ല, എന്‍ഡിഎയുടെ കേരളത്തിലെ വൈസ് ചെയര്‍മാന്‍ കൂടിയാണ്. ഏഷ്യാനെറ്റ് ന്യൂസില്‍ കാവിവത്കരണം നടക്കുകയാണ് എന്ന ആക്ഷേപവും ഇതേ തുടര്‍ന്ന് ഉയര്‍ന്നിരുന്നു.

ടൈംസ് നൗവ്വില്‍ നിന്ന് രാജിവച്ച അര്‍ണബ് ഗോസ്വാമി പുതിയ ചാനല്‍ തുടങ്ങുന്ന കാര്യം പ്രഖ്യാപിച്ചിരുന്നു. റിപ്പബ്ലിക്ക് എന്നാണ് അര്‍ണബ് തുടങ്ങുന്ന ചാനലിന്റെ പേര്. ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ ആയ രാജീവ് ചന്ദ്രശേഖര്‍ ആ ചാനലിലും മുതല്‍ മുടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അര്‍ണബിന്റെ ചാനലില്‍ രാജീവ് ചന്ദ്രശേഖര്‍ വന്‍ മുതല്‍ മുടക്കാണ് നടത്തിയിരിക്കുന്നത് എന്നാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എന്താണ് രാജീവ് ചന്ദ്രശേഖര്‍ ലക്ഷ്യമിടുന്നത്...

അര്‍ണബ് ഗോസ്വാമിയുടെ ചാനല്‍

ടൈംസ് ഓഫ് ഇന്ത്യയില്‍ നിന്ന് രാജിവച്ചതിന് ശേഷം അര്‍ണബ് ഗോസ്വാമിയുടെ നേതൃത്വത്തില്‍ തുടങ്ങുന്ന ചാനല്‍ ആണ് 'റിപ്പബ്ലിക്' . ഈ ചാനലില്‍ ആണ് ഇപ്പോള്‍ രാജീവ് ചന്ദ്രശേഖര്‍ വന്‍ മുതല്‍മുടക്ക് നടത്തുന്നത്.

എആര്‍ജി ഔട്ട്‌ലൈനര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ്

എആര്‍ജി ഔട്ട്‌ലൈനര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഭാഗം ആയിരിക്കും റിപ്പബ്ലിക് എന്ന ചാനല്‍. ടൈംസ് നൗവില്‍ നിന്ന് രാജിവച്ചതിന്റെ തൊട്ടടുത്ത ദിവസം തന്നെ അര്‍ണബ് എആര്‍ജിയുടെ മാനേജ് ഡയറക്ടറായി സ്ഥാനമേറ്റെടുക്കുകയും ചെയ്തിരുന്നു.

രാജീവ് ചന്ദ്രശേഖര്‍ എത്ര മുടക്കുന്നു?

രാജീവ് ചന്ദ്രശേഖര്‍ 30 കോടി രൂപയാണ് എആര്‍ജി ഔട്ട്‌ലൈന്‍ മീഡിയയില്‍ നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് വിവരം. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ ലൈന്‍ ആണ് ഓഹരികള്‍ വാങ്ങിയിട്ടുള്ളത്. എആര്‍ജിയില്‍ നിക്ഷേപിച്ച മറ്റൊരു കമ്പനി എസ്എആര്‍ജി മീഡിയ ഹോള്‍ഡിങ് പ്രൈവറ്റ് ലിമിറ്റഡ് ആണ്.

അര്‍ണബിന്റെ സ്വന്തം കമ്പനി

അര്‍ണബ് ഗോസ്വാമിയും ഭാര്യ സമ്യബ്രത റേ ഗോസ്വാമിയും ഡയറക്ടര്‍മാരായ കമ്പനിയാണ് എസ്എആര്‍ജി. ഭൂരിഭാഗം ഓഹരികളും ഇവരുടെ കൈയ്യില്‍ തന്നെ.

കൂടുതല്‍ നിക്ഷേപം രാജീവ് ചന്ദ്രശേഖറിന്

അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ കൂടുതല്‍ നിക്ഷേപം രാജീവ് ചന്ദ്രശേഖറിനാണ് എന്ന് കരുതേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നവംബര്‍ 24 വരെയുള്ള കണക്ക് പ്രകാരം എസഎആര്‍ജി 26 കോടി രൂപയാണ് എആര്‍ജി ഔട്ട് ലൈന്‍ മീഡിയയില്‍ നിക്ഷേപിച്ചിട്ടുള്ളത്. ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത പ്രകാരം രാജീവ് ചന്ദ്രശേഖര്‍ 30 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിന്റെ 'സംഘിവത്കരണം'

ഏഷ്യാനെറ്റ് ന്യൂസിലെ ജീവനക്കാര്‍ക്ക് ചാനല്‍ നയം സംബന്ധിച്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഇമെയില്‍ സന്ദേശം അയച്ചുവെന്ന വാര്‍ത്ത വലിയ വിവാദത്തിന് വഴിവച്ചിരുന്നു. ചാനലിന്റെ സംഘിവത്കരണം ആണ് ഇതെന്നായിരുന്നു ആരോപണം.

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയ്‌ക്കൊപ്പം

പ്രത്യക്ഷ രാഷ്ട്രീയത്തില്‍ ഇടപെടാതിരുന്ന രാജീവ് ചന്ദ്രശേഖര്‍ ഇപ്പോള്‍ ബിജെപിയുടെ ഔദ്യോഗിര മുഖം പോലെ ആയി മാറിയിട്ടുണ്ട്. രാജീവ് ചന്ദ്രശേഖര്‍ ആണ് ഇപ്പോള്‍ കേരളത്തില്‍ എന്‍ഡിഎയുടെ വൈസ് ചെയര്‍മാന്‍.

രാജീവിന്റെ താത്പര്യം ദേശീയ തലത്തിലേക്ക്

ചെയര്‍മാന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ ചാനല്‍ നടത്തിപ്പിലും പ്രകടമാകുന്നുണ്ടെന്ന ആക്ഷേപം കുറച്ച് കാലമായി ഏഷ്യാനെറ്റ് ന്യൂസിനെ കുറിച്ച് ഉയരുന്നുണ്ട്. എന്നാല്‍ അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ കൂടി രാജീവ് ചന്ദ്രശേഖര്‍ നിക്ഷേപം നടത്തുമ്പോള്‍ അത് കുറച്ച് കൂടി വിശാലാര്‍ത്ഥത്തിലേക്ക് മാറുകയാണ് എന്നാണ് നിരീക്ഷണം.

രണ്ട് പേരും പ്രതികരിച്ചിട്ടില്ല

അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ രാജീവ് ചന്ദ്രശേഖര്‍ മുതല്‍ മുടക്കും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ തന്നെ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്തയെ കുറിച്ച് രാജീവ് ചന്ദ്രശേഖറോ അര്‍ണബ് ഗോസ്വാമിയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Rajeev Chandrasekhar, a member of the Rajya Sabha and vice-chairman of the NDA in Kerala, is one of the largest investors and a director in journalist Arnab Goswami’s upcoming media venture.
Please Wait while comments are loading...