മോഡലുകളുടെ അപകടമരണം; സിനിമയിലെ പ്രമുഖരുമായി ഹോട്ടലില്‍ തര്‍ക്കം, പൊലീസ് സംശയം ഇങ്ങനെ
കൊച്ചി: കൊച്ചിയില്‍ മുന്‍ മിസ് കേരള വിജയികളടക്കം മൂന്ന് പേര്‍ മരണപ്പെട്ട വാഹനാപകടത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. ഇവര്‍ എത്തിയ ഹോട്ടലിലെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ സൈബര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഡിവിആറില്‍ ഏതെങ്കിലും തരത്തിലുള്ള അട്ടിമറി നടന്നിന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൂടാതെ സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ അപകടം നടന്ന ദിവസം ഹോട്ടലില്‍ താമസിച്ചതായ വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. മിസ് കേരള വിജയികള്‍ അടങ്ങിയ സംഘത്തോട് പാര്‍ട്ടിയില്‍വച്ച് ഇവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.
Recommended Video

സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഡിവിആര്‍ നേരത്തെ ഹോട്ടലുടമ മാറ്റിയിരുന്നു. അത് എക്‌സൈസിനെ ഭയന്നിട്ടാണെന്നാണ് ഹോട്ടലുടമ റോയി പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഹോട്ടലിന് പുറത്തുള്ള സിസിടിവി ദൃശ്യങ്ങള്‍ എന്തിന് മാറ്റിയെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരമില്ല. അപകടത്തില്‍പ്പെട്ട കാറിനെ പിന്തുടര്‍ന്ന ഓഡി കാറിലെ ഡ്രൈവര്‍ സൈജു സുഹൃത്താണ്. അപകടം നടന്ന വിവരം ഇയാള്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നെന്നും റോയി മൊഴി നല്‍കിയിരുന്നു.

മോഡലുകളുടെ അപകട മരണത്തില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് പൊലീസ് സംശയം. ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലില്‍ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്ന് നടന്ന ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ കുറിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ പങ്കെടുത്തവരെ തിരിച്ചരിഞ്ഞു തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.

ആ ദിവസം ഹോട്ടലില്‍ താമസിച്ച സിനിമ മേഖലയിലെ പ്രമുഖരെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്ന് നടന്ന പാര്‍ട്ടിയില്‍ 200ഓളം പേര്‍ പങ്കെടുത്തെന്നാണ് വിവരം. ചിലരെ കുറിച്ചുള്ള വിവരങ്ങള്‍ ഹോട്ടല്‍ അധികൃതര്‍ മറച്ചുവയ്ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ സാഹചര്യത്തില്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തിയതികളിലെ ബില്‍ ബുക്ക് പരിശോധിക്കൊനൊരുങ്ങുകയാണ് പൊലീസ്.

അതേസമയം, ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാന്‍ ഉടമ ടെക്‌നീഷ്യന്റെ സഹായം തേടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വാട്‌സാപ്പ് വഴി ടെക്‌നീഷ്യനെ വിളിച്ചതിന്റെ തെളിവ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഡിജെ പാര്‍ട്ടിയില്‍ വച്ച് നടന്ന തര്‍ക്കത്തെ തുടര്‍ന്നാവാം ഇവര്‍ ഹോട്ടല്‍ വിട്ടതെന്നാണ് വിവരം. ഫോര്‍ട്ട് കൊച്ചിയില്‍ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകള്‍ ഇവരെ പിന്തുടര്‍ന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

2019ലെ മിസ് കേരളയും ആറ്റിങ്ങല്‍ സ്വദേശിയുമായ അന്‍സി കബീര്‍ (25), 2019 ലെ മിസ് കേരള റണ്ണറപ്പും തൃശൂര്‍ സ്വദേശിയുമായ അഞ്ജന ഷാജന്‍ (24), തൃശൂര്‍ വെമ്പല്ലൂര്‍ കട്ടന്‍ബസാര്‍ കറപ്പംവീട്ടില്‍ അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് ആഷിഖ് (25) എന്നിവരാണ് മരിച്ചത്. ഇവരില്‍ അഞ്ജനയും ആന്‍സിയും സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു.












Click it and Unblock the Notifications