അതിജീവിതയെ ഉപയോഗിച്ച് ആദ്യം പിആര്‍ വര്‍ക്ക്; പിന്നെ അട്ടിമറി, സിപിഎമ്മിനെതിരെ റിജില്‍ മാക്കുറ്റി
തൃക്കാക്കര: ഏത് ദുരന്തത്തെയും പിആര്‍ വര്‍ക്കിനായി ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നത് സിപിഎം ആണെന്നും, ആവശ്യം കഴിഞ്ഞാല്‍ രാഷ്ട്രീയ നേട്ടത്തിനായി അത് അട്ടിമറിക്കുകയും ചെയ്യുമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിജില്‍ മാക്കുറ്റി. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അതിജീവിത സര്‍ക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. അതിജീവിതയെ ഉപയോഗിച്ച് സിപിഎം പിആര്‍ വര്‍ക്ക് നടത്തി. അവര്‍ക്കൊപ്പമാണെന്ന് തങ്ങളെന്ന് പ്രചാരണം തന്നെ നടത്തി. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ സിപിഎമ്മിന്റെ പ്രധാന നേതാക്കള്‍ ഒത്തുകളിക്കുന്നുവെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ഈ ആരോപണം അതിജീവിത തന്നെ ഉന്നയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് ഒരു പെണ്‍കുട്ടിക്ക് നേരെയും നടക്കാന്‍ പാടില്ലാത്ത ക്രൂരമായ ആക്രമണമാണ് നടന്നത്. സ്ത്രീപക്ഷ നിലപാട് ഉള്ളവരും അതിജീവിതയ്ക്ക് ഒപ്പമാണ് എന്ന് പറയുന്നവരും, വനിതാ മതില്‍ കെട്ടിയവരും ഇപ്പോള്‍ അവര്‍ക്കെതിരെയാണ് നിലപാട് എടുത്തിരിക്കുന്നത്. ഇവര്‍ക്കൊപ്പമാണെന്ന നിലപാട് എടുത്ത ആഷിഖ് അബു, ശാരദക്കുട്ടി, റിമ കല്ലിങ്കല്‍, പാര്‍വതി തിരുവോത്ത്, അടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ അതിജീവിത കോടതിയെ സമീപിച്ചപ്പോള്‍ എന്താണ് നിലപാട് സ്വീകരിക്കുന്നതെന്ന് അറിയാന്‍ താല്‍പര്യമുണ്ടെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. ഇവര്‍ക്കൊന്നും ആശപരമായല്ല, ആമാശയപരമായി സിപിഎമ്മിന് വേണ്ടി നിലപാട് സ്വീകരിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം എല്ലാ കാലത്തും ഏത് ദുരന്തങ്ങളെയും പിആര്‍ വര്‍ക്ക് ഉപയോഗിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കുന്നവരാണ്. അവസാന രാഷ്ട്രീയ നേട്ടത്തിനായി അതെല്ലാം അട്ടിമറിക്കുകയും ചെയ്യും, അത്തരം ധാരാളം അനുഭവങ്ങള്‍ കേരളത്തില്‍ ഉണ്ട്. അതിജീവിത സര്‍ക്കാരിനെതിരെ കോടതിയില്‍ പോയത് അതിന്റെ ഏറ്റവും ഒടുവിലുള്ള കാര്യമാണ്. യൂത്ത് കോണ്‍ഗ്രസും കോണ്‍ഗ്രസും അവരോടൊപ്പമാണ്. പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഎമ്മിനൊപ്പം നില്‍ക്കുന്ന സിനിമാക്കാര്‍ അടക്കം അതിജീവിത സര്‍ക്കാരിനെതിരെ കോടതിയില്‍ പോയതില്‍ പ്രതികരണം അറിയിക്കുമെന്നാണ് കരുതുന്നതെന്നും റിജില്‍ മാക്കുറ്റി വ്യക്തമാക്കി.
അതേസമയം മുഖ്യമന്ത്രി അതിജീവിതയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. എല്ലാ ഘട്ടത്തിലും സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്നും, കേസിലെ പ്രതികള്‍ക്ക് നീതിയുടെ വിലങ്ങ് അണിയിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും, യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ കുറ്റാരോപിതന്‍ നെഞ്ചും വിരിച്ച് നടക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് എല്ലാ കാലത്തും പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. ഇത്തരം കാര്യങ്ങളില്‍ പഴുതടച്ച കുറ്റാന്വേഷണ രീതിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഉത്രയ്ക്കും വിസ്മയ്ക്കും ജിഷയ്ക്കും നീതി ലഭിച്ചത് പോലെ അതിജീവിതയ്ക്കും നീതി ലഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications