എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടിന്റെ പ്രയാസമകറ്റാന്‍ ബംഗാളില്‍നിന്നൊരു കൈത്താങ്ങ്

  • By Desk
Google Oneindia Malayalam News

കൊച്ചി: പ്രളയത്തില്‍ പതറിപ്പോയ കേരളത്തെ ചേര്‍ത്തുപിടിക്കാന്‍ പശ്ചിമ ബംഗാളിലെ മലയാളി കൂട്ടായ്മയും. 'with love from Kolkata' എന്ന കുറിപ്പ് പതിപ്പിച്ച നിരവധി ചരക്കുകളാണ് അവിടെനിന്നും കേരളത്തിലെത്തുന്നത്. മൂവാറ്റുപുഴ സ്വദേശിയും മുന്‍ കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടറുമായിരുന്ന ഡോ. പി.ബി.സലീമിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയില്‍ നിന്നും കേരളത്തിലേക്കൊഴുകുന്നത് ഇടതടവില്ലാത്ത സഹായം.

<strong>യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം</strong>യുവ ഐപിഎസ് ഉദ്യോഗസ്ഥൻ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നില അതീവ ഗുരുതരം

പശ്ചിമ ബംഗാള്‍ ഗവണ്‍മെന്റ് സെക്രട്ടറിയും മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ആന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇദ്ദേഹത്തിന് കേരളം ദുരന്തത്തെ അഭിമുഖീകരിക്കുന്നത് നോക്കിനില്‍ക്കാനായില്ല. കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി സംഘടനകളുടെ യോഗം അടിയന്തരമായി വിളിച്ചു ചേര്‍ത്തു. ദുരന്തത്തില്‍ കേരളത്തിന് പരമാവധി സഹായമെത്തിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുക എന്നുമാത്രമാണ് അദ്ദേഹം പറഞ്ഞത്.

Kolakatta

മുന്‍പ് പശ്ചിമ ബംഗാളിലെ തന്നെ ദക്ഷിണ പര്‍ഗ്നസ്, നദിയ ജില്ലകളില്‍ ജില്ലാ കളക്ടറായിരുന്നപ്പോഴുള്ള ബന്ധങ്ങള്‍ ഡോ. പി.ബി.സലീമിന് സഹായകരമായി. ഒന്നരക്കോടിയോളം രൂപയുടെ വിഭവം ഇത്തരത്തില്‍ സമാഹരിച്ചു. നദിയയിലെ അരി മില്ലുടമകള്‍ 66 മെട്രിക് ടണ്‍ അരി നല്‍കിയപ്പോള്‍ ദക്ഷിണ പര്‍ഗ്നസിലെ വസ്ത്രവ്യാപാരികള്‍ 70 ലക്ഷം രൂപയുടെ വസ്ത്രം നല്‍കി. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വസ്ത്രങ്ങളാണ് മില്ലുകളില്‍ നിന്നും നേരിട്ട് നല്‍കിയത്.

കൊല്‍ക്കത്ത ഡ്രഗ് ഓണേഴ്‌സ് അസോസിയേഷന്‍ 25 ലക്ഷം രൂപയുടെ മരുന്നും ലഭ്യമാക്കി. ഇവ കേരളത്തിലെത്തിക്കാന്‍ സ്‌പെഷ്യല്‍ ട്രെയിന്‍ ആവശ്യപ്പെട്ടെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ തരപ്പെട്ടില്ല. തുടര്‍ന്ന് ഡല്‍ഹി റെയില്‍വേ ബോര്‍ഡുമായി ബന്ധപ്പെട്ട് പ്രത്യേക ചരക്കു വണ്ടികളുടെ ഏഴ് ബോഗികളില്‍ കോഴിക്കോട്ടേക്കും രണ്ട് കപ്പലുകളിലായി കൊച്ചിയിലേക്കും സാധനങ്ങളയച്ചു. കോഴിക്കോട്ടേക്കയച്ച 140 മെട്രിക് ടണ്‍ സാധനങ്ങള്‍ കോഴിക്കോട്, വയനാട് ജില്ലകളിലെ ആദിവാസി മേഖലകളിലേക്കും കൊച്ചിയിലേക്കയച്ച 16 ടണ്‍ സാധനങ്ങള്‍ പറവൂര്‍, ആലുവ പ്രദേശങ്ങളിലേക്കുമുള്ളതാണ്. പ്രളയം തുടങ്ങിയ ഉടനെ തന്നെ മരുന്നുകള്‍ വിമാന മാര്‍ഗ്ഗം തിരുവനന്തപുരത്തെത്തിച്ചിരുന്നു. അടിയന്തര സന്ദര്‍ഭങ്ങളില്‍ സഹായമെത്തിക്കുന്നതിന് എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ രൂപീകരിച്ചിട്ടുള്ള ഏഞ്ചല്‍സ് എന്ന സന്നദ്ധസംഘടന വഴിയാണ് സാധനങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നത്. ദുരിതത്തില്‍ ഒപ്പംനിന്ന് കാര്യങ്ങള്‍ ചെയ്യുന്നതിന് പകരമാവില്ലെങ്കിലും ബംഗാളിലുള്ളവരുടെ കരുതല്‍ സ്വന്തം നാടിന്റെ കണ്ണീരൊപ്പുന്നതില്‍ സന്തോഷമുണ്ടെന്ന് ഡോ.പി.ബി.സലീം പറഞ്ഞു.

Kolakatta

കൊല്‍ക്കത്തയിലെ മലയാളികളെല്ലാം മുന്‍ കലക്ടറുടെ ആഹ്വാന പ്രകാരം കൈമെയ് മറന്ന് രംഗത്തിറങ്ങി. പശ്ചിമ ബംഗാള്‍ കേഡറിലെ മലയാളി ഐ.എ.എസ്.ഉദ്യോഗസ്ഥരായ ബിജിന്‍ കൃഷ്ണ, ഐഷ റാണി എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ പങ്കാളികളായി. ടി.കെ.ഗോപാലന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്ത കൈരളി സമാജം, സുനില്‍ നമ്പ്യാരുടെ നേതൃത്വത്തില്‍ കൊല്‍ക്കത്ത മലയാളി അസോസിയേഷന്‍, ഗ നന്ദകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കൊല്‍ക്കത്ത മലയാളി ഓര്‍ഗനൈസേഷന്‍സ്, എന്‍.ഗോപിയുടെ നേതൃത്വത്തില്‍ കല്‍ക്കട്ട മലയാളി സമാജം എന്നീ സംഘടനകളും ഓള്‍ ഇന്ത്യ മലയാളി അസോസിയേഷനും ഉദ്യമത്തില്‍ കൈകോര്‍ത്തു.

പ്രളയം ആദ്യം ദുരന്തം വിതച്ച വയനാട് ജില്ലയ്ക്ക് കൊല്‍ക്കത്ത കൈരളി സമാജം സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ വഴി അടിയന്തര ധനസഹായമായി രണ്ടു ലക്ഷം രൂപ നല്‍കി. മൈസൂരു വഴി ട്രക്ക് മാര്‍ഗ്ഗം 32 ടണ്‍ സാധനങ്ങള്‍ വയനാട്ടിലേക്കയച്ചു. കിറ്റുകളില്‍ ഉണ്ടാവണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച വസ്തുക്കളാണ് സമാഹരിച്ചത്. ഇതിനായി കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ കളക്ഷന്‍ സെന്ററുകള്‍ തുറന്നു. സ്‌കൂളുകള്‍ സംഭരണ കേന്ദ്രങ്ങളായതിനു പുറമേ നിരവധി സ്‌കൂള്‍ ജീവനക്കാരും മലയാളി കൂട്ടായ്മ പ്രവര്‍ത്തകരും രണ്ടാഴ്ചയിലധികം ഇതുമായി ബന്ധപ്പെട്ട വിവിധ ജോലികളില്‍ മുഴുകി. പ്രാദേശിക ക്ലബ്ബുകള്‍, കമ്പനികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരും കേരളത്തിനു കൈത്താങ്ങു നല്‍കാന്‍ മുന്നിട്ടിറങ്ങി. 200 ടണ്ണോളം സാധനങ്ങളാണ് രണ്ടാഴ്ചത്തെ പ്രയത്‌നത്തിലൂടെ സമാഹരിക്കുകയും വിവിധ മാര്‍ഗ്ഗങ്ങളിലൂടെ കയറ്റി അയക്കുകയും ചെയ്തത്.

കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെയും അസി. കമ്മീഷണര്‍ ജയരാമന്റെയും നേതൃത്വത്തില്‍ മരുന്നുകള്‍, ശുചീകരണ വസ്തുക്കള്‍ എന്നിവയടങ്ങിയ എട്ടു ടണ്‍ സാധനങ്ങള്‍ തിരുവനന്തപുരം, എറണാകുളം ജില്ലകള്‍ക്ക് നല്‍കി. വയനാട്ടില്‍ സ്‌കൂള്‍, ഹോസ്പിറ്റല്‍, വീട് എന്നിവയില്‍ അത്യാവശ്യമുള്ളതു കണ്ടെത്തി നിര്‍മ്മിക്കാന്‍ ആദ്യ ഘട്ടമായി 15 ലക്ഷം രൂപ സമാഹരിച്ചു. തുക സമാഹരണം തുടരുകയും ചെയ്യുന്നു. മുന്നോട്ടുള്ള ആവശ്യങ്ങള്‍ മനസ്സിലാക്കി കൊല്‍ക്കത്തയില്‍നിന്നും സ്‌നേഹമിനിയും ഒഴുകുമെന്നുതന്നെയാണ് കേരളത്തോട് ഈ പ്രവാസിമലയാളികള്‍ പറയുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

Ernakulam
English summary
Ernakulam Local News about donation from Bengal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X