കൊച്ചിയില്‍ പട്ടാപ്പകല്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്; കാരണം വിസാ തര്‍ക്കം
ഉടമയെ കൊല്ലാനെത്തിയ യുവാവ് ഉടമ സ്ഥലത്തില്ല എന്നറിഞ്ഞതോടെ ജീവനക്കാരിയെ ആക്രമിക്കുകയായിരുന്നു

കൊച്ചി: എറണാകുളം നഗരത്തില്‍ യുവതിയുടെ കഴുത്തറുത്ത് യുവാവ്. രവിപുരത്തെ റേയ്‌സ് എന്ന ട്രാവല്‍സില്‍ ആണ് സംഭവം. റേയ്‌സ് ട്രാവല്‍ ഏജന്‍സിയില്‍ എത്തിയ ജോണി എന്ന യുവാവ് തര്‍ക്കത്തിലേര്‍പ്പെടുകയും ജീവനക്കാരിയായ സൂര്യ എന്ന പെണ്‍കുട്ടിയെ ആക്രമിക്കുകയുമായിരുന്നു.
ജോണി വിസക്കായി ഒരു ലക്ഷം രൂപ ട്രാവല്‍ ഏജന്‍സിയില്‍ നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമത്തിലേക്ക് നയിക്കുകയായിരുന്നു. റേയ്‌സ് ട്രാവല്‍സ് ജീവനക്കാരിയും തൊടുപുഴ സ്വദേശിനിയുമായ സൂര്യ എന്ന പെണ്‍കുട്ടിയെ ആണ് ഇയാള്‍ ആക്രമിച്ചത്.
സൂര്യയുടെ കഴുത്തിന് മുറിവേല്‍പ്പിക്കുകയായിരുന്നു പള്ളുരുത്തി സ്വദേശിയായ ജോണി. ഗുരുതരമായി പരിക്കേറ്റ യുവതി പുറത്തേക്ക് ഓടുകയായിരുന്നു. അക്രമിയെ എറണാകുളം സൗത്ത് പൊലീസ് പിടികൂടിയിട്ടുണ്ട്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഐ സി യുവിലേക്ക് മാറ്റിയിരിക്കുകയാണ്.
വിസയ്ക്കായി ട്രാവല്‍ ഏജന്‍സിയില്‍ യുവാവ് ട്രാവല്‍സ് ഉടമയ്ക്ക് പണം നല്‍കിയിരുന്നു എന്നാണ് പറയുന്നത്. എന്നാല്‍ വിസ ലഭിച്ചില്ല. ഇതോടെ പണം തിരികെ ചോദിച്ചെങ്കിലും അത് ലഭിച്ചില്ല. ഇതോടെ ഉടമയെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് ഇയാള്‍ ഇവിടേക്ക് എത്തിയത്.
ഉടമ സ്ഥലത്തില്ല എന്ന് പറഞ്ഞതോടെ യുവതിയെ ആക്രമിക്കുകയായിരുന്നു. സംഭവത്തിനു ശേഷവും അക്രമി സ്ഥലത്തു തന്നെ തുടര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications